Sorry, you need to enable JavaScript to visit this website.

മതവിദ്വേഷത്തിന്റെ വിഷവിത്ത് വിതക്കുന്നവർ

വിദ്വേഷ പ്രവാഹം ഇപ്പോൾ ഇതാ വീണ്ടും മുന്നിലെത്തിയിരിക്കുന്നു. ഇത്തരം ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച ഉദ്യോഗസ്ഥരുടെ ഒരു കൂട്ടം ബി.ജെ.പി സർക്കാരിന് കത്തയച്ചിരുന്നു. ആ കത്തിൽ ഇത്തരം യോഗങ്ങൾക്കുള്ള അനുമതി സംസ്ഥാന സർക്കാരിന്റെ വൻ പരാജയമെന്ന് വിശദീകരിച്ചിരുന്നു. ഒടുവിൽ രാജ്യാന്തര തലങ്ങളിൽ രോഷം കടുത്തപ്പോൾ, മൂന്ന് ആളുകൾക്കെതിരെ ഒരു വകുപ്പ് പ്രകാരം മാത്രം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് മുഖം പൂഴ്ത്തി നിൽക്കുകയാണ് ഭരണകൂടം. ഫലത്തിൽ വർഗീയവാദികൾക്ക് കുട പിടിക്കുകയാണ് ഭരണകൂടം.

ഹരിദ്വാർ ധർമ സൻസദിലും രണ്ട് വ്യത്യസ്ത യോഗങ്ങളിലും കേട്ട വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി നൽകി. പട്‌ന ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് അഞ്ജന പ്രകാശ്, മുതിർന്ന മാധ്യമ പ്രവർത്തകനായ ഖുർബാൻ അലി എന്നിവർ ചേർന്ന് സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രീം കോടതി വാദം കേൾക്കുന്നതിനായി സ്വീകരിച്ചു. വിദ്വേഷം പരത്തിയുള്ള യോഗങ്ങളിൽ ഒന്ന് യതി നരസിംഹാനന്ദും മറ്റൊന്ന് ഹിന്ദു യുവവാഹിനിയും ആയിരുന്നു സംഘടിപ്പിച്ചത്. 
ഏറെ പ്രചരിച്ച സൻസദിന്റെ വീഡിയോകളിൽ, ധർമ സൻസദിലെ പ്രസംഗകർ ഇന്ത്യയിലെ 20 കോടി മുസ്ലിം പൗരന്മാരെ കൂട്ടക്കൊല ചെയ്യാൻ ആഹ്വാനം ചെയ്യുന്നു. മുസ്ലിം വംശഹത്യക്കുള്ള ആഹ്വാനത്തിലൂടെ ആ സമ്മേളനം ഭരണഘടനയുടെ ലംഘനം എന്നതിലുമുപരി രാജ്യത്തിന്റെ ധാർമികതയ്ക്കും എതിരായിരുന്നു. സംസ്ഥാന സർക്കാരിന്റെ ക്രമസമാധാന സംവിധാനങ്ങളുടെ വൻ പരാജയമായിരുന്നു ധർമ സൻസദിലെ യോഗം. രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ (ആർ.എസ്.എസ്) പ്രത്യയശാസ്ത്ര ധാരകളുടെ മുഖംമൂടിയിലായിരുന്നു ധർമ സൻസദ് വിളിച്ചത്. അവിടെ അഴിഞ്ഞുവീണത് ഹൈന്ദവ വേഷമണിഞ്ഞ ഹിറ്റ്‌ലറിസമാണ്. സമ്പൂർണ ഭരണകൂട അധികാരം നേടുന്നതിലും ഇന്ത്യയെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും ചരിത്രപരമായും പുനർനിർമിക്കുന്നതിലുമാണ് സംഘപരിവാർ ഹിറ്റ്‌ലറിസം ലക്ഷ്യമിടുന്നത്. സൻസദ് അതിന്റെ ഒരു ഉദാഹരണമാണ്. അത് ബഹുസ്വരതയെ നിഷേധിക്കുന്നു, മതമൗലികവാദത്തിൽ വളരുന്നു. രാജ്യത്തെ ജനങ്ങളുടെ ചിന്തയെ പൂർണമായും സ്വാധീനിക്കാൻ പദ്ധതികളൊരുക്കുന്നു. 
അതിന്റെ പ്രവർത്തകർ വർഗീയതയുടെ വിഷം ഭക്ഷിക്കുന്നു. ആർഎസ്എസ് മുഖപത്രം ഓർഗനൈസറിന്റെ എഡിറ്ററായിരുന്ന കെ.ആർ. മൽക്കാനി, ആർഎസ്എസിനെ ഇങ്ങനെ വിശേഷിപ്പിച്ചു ''ആർഎസ്എസ് അതിന്റെ ഉള്ളടക്കത്തിൽ രാഷ്ട്രീയമല്ല, എന്നാൽ മെറ്റാഫിസിക്കൽ എന്നൊരു വാക്ക് പ്രയോഗിച്ചാൽ അതാണുതാനും. അത് അധികാരത്തോടുള്ള താൽപര്യം പ്രകടിപ്പിക്കുന്നില്ല, പക്ഷേ രാജ്യത്തിന്റെ രാഷ്ട്രീയ രൂപീകരണത്തിലേക്ക് പോകുന്ന ഘടകങ്ങളിലും ശക്തികളിലും അത് വളരെയധികം താൽപര്യപ്പെടുന്നു''. രാഷ്ട്രീയത്തിന് അപ്പുറത്തുള്ള നിലപാട് മുഖംമൂടി മാത്രമാണ്. ഉത്തരവാദിത്തം ഏറ്റെടുക്കാതെ അധികാരം പ്രയോഗിക്കുക എന്നേ അർത്ഥമാക്കേണ്ടതുള്ളൂ. അതിനാലാണ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, കേന്ദ്ര സർക്കാരുകൾ ഈ വിഷയത്തിൽ മൗനം പാലിക്കുകയും ഹരിദ്വാർ ധർമ സൻസദ് നടത്തിയ വിദ്വേഷ പ്രസംഗങ്ങളെയും രക്തദാഹികളായ ആഹ്വാനങ്ങളെയും അപലപിക്കാൻ മടിക്കുകയും ചെയ്യുന്നത്. 
ഇതെല്ലാം ഒരേ വേദി പങ്കിടുന്ന രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ഒരു പുതിയ ഘട്ടത്തിനും പാരമ്പര്യത്തിനും ഒരു പുതുമുഖം ലഭിക്കുന്നതിന് വഴിയായി. ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും ആത്യന്തികമായി ജീവിക്കാനുള്ള അവകാശത്തെയും ഇല്ലാതാക്കുന്ന ഫാസിസത്തിന്റെ ന്യായീകരണങ്ങൾ ഉപയോഗിച്ച് ജനങ്ങളെ തൃപ്തിപ്പെടുത്താനാണ് പരിശ്രമം. ധർമ സൻസദ് ആഹ്വാനങ്ങൾ ഇത്തരം ചെയ്തികളുടെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. പക്ഷേ, എല്ലാം കൈമോശപ്പെട്ടു എന്നു ചിന്തിക്കാൻ വരട്ടെ. ഒന്നിനെയും പേടിക്കാതെ ബഹുജനശബ്ദം തങ്ങളുടേതാക്കിയവരുണ്ട്.
ഇതുകൂടി വായിക്കാം; വീഴ്ച മറച്ചുവെച്ചുള്ള രാഷ്ട്രീയ മുതലെടുപ്പ്
കൊടിയ തണുപ്പും മഴയും കണ്ണീർ വാതകവും പീഡനവും സഹിച്ച് വിജയിച്ച കർഷകരുടെ 13 മാസത്തെ ധർണ ഒരു ഉദാഹരണമാണ്. നൈസർഗികമായ ജൈവിക നേതൃത്വമാണവർ. വിട്ടുവീഴ്ച ചെയ്യാൻ മടിക്കുന്ന, ഫാസിസ്റ്റ് ശക്തികൾക്ക് വെല്ലുവിളിയാണവർ. 'ജൈവികം' എന്ന് പേരു വിളിച്ചത് ഗ്രാംഷിയായിരുന്നു. ഇറ്റാലിയൻ ഗവൺമെന്റ് അദ്ദേഹത്തെ തങ്ങളുടെ ആധിപത്യത്തിന് ഭീഷണിയാണെന്ന് കരുതി ജയിലിലടച്ചു. തടവിലാക്കപ്പെട്ട എട്ട് വർഷത്തിനിടയിൽ, അദ്ദേഹം ഒരിക്കലും ജനസേവനം നിർത്തിയില്ല, അവർക്കായി എഴുതിക്കൊണ്ടേയിരുന്നു. 
വി ഡി സവർക്കർ, തന്റെ ഹിന്ദുത്വ തിരക്കഥ തയാറാക്കിയ ശേഷം, ഫാസിസത്തിന്റെ പിണിയാളുകളായ പൈശാചിക വലതുപക്ഷത്തിന്റെ പിന്തുണ തേടി. ജൂതർക്കു നേരെ നടത്തിയ അതിക്രൂരതയെ അഭിനന്ദിച്ചു. അന്താരാഷ്ട്ര സാഹചര്യവും ഹിന്ദു-മുസ്ലിം ബന്ധവുമായിരുന്നു സവർക്കർ തെരഞ്ഞെടുത്ത വിഷയങ്ങൾ. 1930 കളുടെ അവസാനത്തിൽ, പൂനെയിൽ വെച്ച് സവർക്കർ 20,000 പേരുടെ ഒരു യോഗത്തെ അഭിസംബോധന ചെയ്തു. അവിടെ അദ്ദേഹം ഇന്ത്യയുടെ വിദേശ നയത്തെക്കുറിച്ച് സംസാരിച്ചു. രാഷ്ട്രീയ സംവിധാനങ്ങൾ ജർമനിയിലെ നാസിസത്തിന്റെയും നാസിസത്തിന്റെ മാനസികാവസ്ഥയുടെയും പ്രതിഫലനങ്ങളാണ് എന്നായിരുന്നു സവർക്കറുടെ നിലപാട്. ഇറ്റലിയിൽ ഫാസിസം ഉണ്ടായത് ആളുകൾ ആഗ്രഹിച്ചതുകൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. യഥാർത്ഥത്തിൽ ധനമൂലധന ഭരണത്തിന് അനുകൂലമായി കളമൊരുക്കുകയായിരുന്നു സവർക്കർ. രാജ്യത്തെ ന്യൂനപക്ഷങ്ങളെ പരാമർശിക്കുമ്പോൾ ചെക്കോസ്ലോവാക്യയിലെ ജർമൻ ന്യൂനപക്ഷങ്ങളെയും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ പ്രസംഗം വലതുപക്ഷത്തിന് സ്വീകാര്യമായിരുന്നു. അത് ജർമൻ വലതുപക്ഷ മാധ്യമങ്ങൾ ഏറ്റെടുത്തു. ആർ.എസ്.എസ് ആചാര്യൻ എം എസ് ഗോൾവാൾക്കർ, ജൂതന്മാരെ കൊന്നൊടുക്കി വംശശുദ്ധി വീണ്ടെടുത്ത ജർമ്മനിയെ അഭിനന്ദിച്ചിരുന്നു. മുസ്ലിംകൾ 'വിദേശികളാകുന്നത് അവസാനിപ്പിക്കണം' -അതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. രാജ്യത്ത് പൗരന്റെ അവകാശം പോലും ആവശ്യപ്പെടാതെ, ഒന്നും ആഗ്രഹിക്കാതെ ഹിന്ദു രാഷ്ട്രത്തിന് പൂർണമായും വിധേയരായി രാജ്യത്ത് തുടരണം. ഇന്ത്യയിലെ 20 കോടി മുസ്ലിം പൗരന്മാരെ കൊന്നൊടുക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുകയും 'ശുദ്ധീകരിക്കുമെന്ന്' ഭീഷണിപ്പെടുത്തുകയും ചെയ്ത ധർമ സൻസദ് പ്രഭാഷകർ ഇതേ ആവേശം പ്രതിധ്വനിപ്പിക്കുമ്പോൾ അതേ വിദ്വേഷ പ്രവാഹം ഇപ്പോൾ ഇതാ വീണ്ടും മുന്നിലെത്തിയിരിക്കുന്നു. ഇത്തരം ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച ഉദ്യോഗസ്ഥരുടെ ഒരു കൂട്ടം ബി.ജെ.പി സർക്കാരിന് കത്തയച്ചിരുന്നു. ആ കത്തിൽ ഇത്തരം യോഗങ്ങൾക്കുള്ള അനുമതി സംസ്ഥാന സർക്കാരിന്റെ വൻ പരാജയമെന്ന് വിശദീകരിച്ചിരുന്നു. ഒടുവിൽ രാജ്യാന്തര തലങ്ങളിൽ രോഷം കടുത്തപ്പോൾ, മൂന്ന് ആളുകൾക്കെതിരെ ഒരു വകുപ്പ് പ്രകാരം മാത്രം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് മുഖംപൂഴ്ത്തി നിൽക്കുകയാണ് ഭരണകൂടം. ഫലത്തിൽ വർഗീയ വാദികൾക്ക് കുട പിടിക്കുകയാണ് ഭരണകൂടം.

Latest News