Sorry, you need to enable JavaScript to visit this website.
Sunday , May   29, 2022
Sunday , May   29, 2022

സമൂഹത്തിൽ വിഷം കലക്കുന്നവർ

തങ്ങളുടെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യം നേടാൻ വേണ്ടി ന്യൂനപക്ഷങ്ങളുടെ മനസ്സിൽ അസ്വസ്ഥതയും പകയുമുണ്ടാക്കാൻ കോടിയേരി നടത്തുന്ന കുത്തിത്തിരിപ്പിന് ദൂരവ്യാപക പ്രത്യഘാതങ്ങളുണ്ടാകും. അത് സമൂഹത്തിൽ വലിയ വർഗീയ ചേരിതിരിവിനിടയാക്കും. സമൂഹത്തിൽ എന്ത് വിപത്തുണ്ടായാലും പ്രശ്‌നമില്ല, നമുക്ക് തെരഞ്ഞെടുപ്പ് വിജയിച്ചാൽ മതിയെന്ന് ഒരു കൂട്ടർ വിചാരിച്ചാൽ ഇതിലും തരംതാഴ്ന്ന പ്രസ്താവനകൾ ഇനിയും പ്രതീക്ഷിക്കാം. 

കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലെ ന്യൂനപക്ഷ പ്രാതിനിധ്യത്തെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന മതേതര ചിന്താഗതിക്കാരായ സകലരെയും അമ്പരപ്പിക്കുന്നതാണ്. ഒരുവേള സാധാരണ സി.പി.എം അനുഭാവികളെ പോലും. കോൺഗ്രസിനെ നയിക്കുന്നവരിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് ആരുമില്ലെന്നും കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ന്യൂനപക്ഷക്കാരല്ലെന്നുമാണ് കോടിയേരിയുടെ പരിവേദനം. ഒളിഞ്ഞും തെളിഞ്ഞും സി.പി.എം നേതാക്കൾ മുമ്പും സമാന പരാമർശങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഇത്ര പച്ചക്ക് വർഗീയത പറയുന്നത് അപൂർവം. 
താൻ പ്രതിനിധാനം ചെയ്യുന്ന സി.പി.എമ്മിന്റെ സമുന്നത നേതൃത്വത്തിൽ ന്യൂനപക്ഷ വിഭാഗക്കാരെ മഷിയിട്ട് നോക്കിയാൽ പോലും കാണാനില്ലാതിരിക്കേയാണ് കോൺസ്രസ് തലപ്പത്ത് ന്യൂനപക്ഷക്കാർ ഇല്ലെന്ന് കോടിയേരി നിർലജ്ജം പറയുന്നത്. ഈ വാദത്തിന് പ്രത്യയശാസ്ത്ര വിശദീകരണം നൽകാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. 
ഞങ്ങൾ നേതാക്കളെ ജാതിയും മതവും നോക്കിയല്ല തീരുമാനിക്കാറുള്ളതെന്നും എന്നാൽ കോൺഗ്രസ് അങ്ങനെയായിരുന്നില്ലെന്നും കോടിയേരി പറയുന്നു. വിവിധ മതങ്ങളിൽ പെട്ടവരെ നേതൃത്വത്തിൽ കൊണ്ടുവരുന്നത് എല്ലാവരെയും ഉൾക്കൊള്ളുന്നതിന്റെ ഭാഗമാണാണെന്നാണ് കോൺഗ്രസ് അവകാശപ്പെട്ടതെന്നും എന്നാലിപ്പോൾ പ്രമുഖ സ്ഥാനങ്ങളിൽ ഭൂരിപക്ഷ വിഭാഗക്കാരായ നേതാക്കളെ മാത്രം അവരോധിച്ചത് ഇന്ത്യ ഭരിക്കേണ്ടത് ഹിന്ദുക്കളാണെന്ന രാഹുൽ ഗാന്ധിയുടെ നയത്തിന്റെ ഭാഗമാണെന്നുമാണ് അദ്ദേഹം പറയുന്നത്. കൂട്ടത്തിൽ ഗുലാം നബി ആസാദ് എവിടെ, സൽമാൻ ഖുർഷിദ് എവിടെ എന്നൊക്കെ ചോദിച്ച് തന്റെ വർഗീയ അജണ്ട മറയില്ലാതെ തന്നെ വെളിപ്പെടുത്തുന്നുമുണ്ട്. 
ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക, എന്നിട്ട് തല്ലിക്കൊല്ലുക എന്നൊരു പ്രയോഗമുണ്ട്. കോടിയേരി ചെയ്യുന്നത് അതാണ്. ഏതായാലും ഇത്തരമൊരു പ്രസ്താവന അദ്ദേഹം വെറുതെയങ്ങ് നടത്തിയതല്ലെന്നുറപ്പ്. സി.പി.എം പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന കാലമായതിനാൽ കൂടിയാലോചിച്ചും ചിന്തിച്ചുറപ്പിച്ചും നടത്തിയതാണെന്ന കാര്യത്തിൽ തർക്കം വേണ്ട. ലക്ഷ്യം മാർഗത്തെ സാധൂകരിക്കുമെന്നാണല്ലോ മാർക്‌സിയൻ തത്വം. ലക്ഷ്യം നേടാൻ എന്ത് ഹീന മാർഗവും സ്വീകരിക്കാം. അതിന്റെ പേരിൽ സമൂഹത്തിൽ എന്തു കുഴപ്പമുണ്ടായാലും കാര്യമില്ല.
കോടിയേരിയുടെ പ്രസ്താവനക്കു പിന്നിൽ ലക്ഷ്യം ഒന്നാവണമെന്നില്ല, പലതാവാം. അതിൽ ഏറ്റവും പ്രധാനം രണ്ട് വർഷത്തിനു ശേഷം  നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പാണ്. 2019 ലെ പൊതു തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപതിൽ 19 സീറ്റുകളും യു.ഡി.എഫ് ആണ് ജയിച്ചത്. കേന്ദ്രത്തിൽ ബി.ജെ.പിയെ ചെറുക്കുന്നതിന് നേതൃത്വം നൽകുന്നത് കോൺഗ്രസ് ആയതിനാൽ കേരളത്തിലെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകൾ കഴിഞ്ഞ തവണ യു.ഡി.എഫിനെ ശക്തിയായി പിന്തുണച്ചിരുന്നു. അത് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുകയും ചെയ്തു. 
എന്നാൽ അതു കഴിഞ്ഞ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലും മുസ്‌ലിം പിന്തുണ ഇടതുപക്ഷത്തിന് കാര്യമായി ലഭിച്ചു. ഈ സാഹചര്യത്തിൽ മുസ്‌ലിംകളുടെ പിന്തുണ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഉറപ്പാക്കണമെങ്കിൽ അവരുടെ മനസ്സിൽ കോൺഗ്രസിനെ ചൊല്ലി ഏതെങ്കിലും തരത്തിലുള്ള അങ്കലാപ്പോ സംശയമോ സൃഷ്ടിക്കുകയാണ് ഏറ്റവും നല്ല മാർഗം. അതിലേക്കാണ് കോടിയേരി വെടി പൊട്ടിച്ചിരിക്കുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റിലും എൽ.ഡി.എഫ് ജയിച്ചാൽ കേന്ദ്രത്തിൽ ബി.ജെ.പിയെ ചെറുക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ആ ലക്ഷ്യം വ്യക്തമാക്കുന്നു.
ഇതേ കോടിയേരി മുമ്പ് കോൺഗ്രസിനെയും യു.ഡി.എഫിനെയും മുസ്‌ലിംകൾ അല്ലെങ്കിൽ ന്യൂനപക്ഷങ്ങൾ ഹൈജാക്ക് ചെയ്യുന്നു എന്ന തരത്തിലുള്ള കുത്തിത്തിരിപ്പ് പ്രസ്താവന നടത്തി ഭൂരിപക്ഷ മനസ്സിൽ ഭീതി വിതക്കാൻ ശ്രമിച്ചിട്ടുണ്ട്. യു.ഡി.എഫ് നേതൃത്വം ഹസൻ, കുഞ്ഞാലിക്കുട്ടി, അമീർ എന്നിവർക്ക് കൈമാറിയെന്ന് അദ്ദേഹം ആരോപിച്ചത് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പ് കാലത്താണ്. അതിനു മുമ്പ് കുഞ്ഞൂഞ്ഞും കഞ്ഞുമാണിയും കുഞ്ഞാലിക്കുട്ടിയും ചേർന്ന് കേരളം ഭരിക്കാൻ പോകുന്നുവെന്നും കോടിയേരി ആരോപിച്ചിരുന്നു. 
ഇപ്പോഴത്തെ വിഷ പ്രസ്താവനക്ക് പിന്നിൽ ഭരണ വീഴ്ചകളിൽനിന്ന് ജനശ്രദ്ധ തിരിക്കുക എന്നൊരു ലക്ഷ്യം കൂടിയുണ്ട്. സംസ്ഥാനത്ത് ക്രമസമാധാന നില ഇത്ര വഷളായ ഒരു കാലഘട്ടമുണ്ടോ എന്ന് സംശയമാണ്. ഗുണ്ടകളും കഞ്ചാവ് ലഹരി മാഫിയകളും ഒരു പേടിയുമില്ലാതെ അഴിഞ്ഞാടുന്ന കാലം. ഗുണ്ടകളെ പേടിക്കാതെ ജനങ്ങൾക്ക് വീട്ടിൽ കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥ. ഗുണ്ടാ പകയുടെ പേരിൽ ഒരുവനെ വെട്ടിക്കൊന്ന ശേഷം കാൽ വെട്ടിയെടുത്ത് പ്രദർശിപ്പിച്ച ശേഷം വലിച്ചെറിയുന്നു,
 പത്തൊമ്പതുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൊന്ന ശേഷം മൃതദേഹം പോലീസ് സ്റ്റേഷനിൽ തള്ളുന്നു, പോലീസ് സ്റ്റേഷനു നേരെ പെട്രോൾ ബോംബെറിയുന്നു... ഗുണ്ടാ ആക്രമണ വാർത്തകളില്ലാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. 
ഇതിനു പുറമേയാണ് സംസ്ഥാനത്ത് ഒരു നിയന്ത്രണമവുമില്ലാത്ത കോവിഡ് വ്യാപനം. രാജ്യത്ത് മൂന്നാം തരംഗം ആരംഭിച്ചുവെന്ന് ആഴ്ചകൾക്കു മുമ്പു തന്നെ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടും ഒരു മുൻകരുതലുമെടുക്കാതെ പാർട്ടി സമ്മേളനങ്ങളും തിരുവാതിരക്കളിയുമടക്കം നിർബാധം നടത്തിയതിന്റെ ഫലം. 
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റും സി.പി.എം ജില്ലാ സമ്മേളനം നടന്ന പാറശ്ശാലയുമടക്കം കോവിഡ് ക്ലസ്റ്ററുകളായി മാറിയിരിക്കുന്നു. ഇതിനൊക്കെ പുറമേയാണ് സർക്കാർ അഭിമാന പദ്ധതിയായി അവതരിപ്പിച്ച കെ റെയിലിനെതിരായ പൊതുജന വികാരം. ഇതിൽനിന്നെല്ലാം ജനശ്രദ്ധ തിരിച്ചുവിടാൻ വേണ്ടി കൂടിയാണ് പുതിയൊരു രാഷ്ട്രീയ വിവാദത്തിന് കോടിയേരി തിരികൊളുത്തിയത്.
ന്യൂനപക്ഷങ്ങൾക്ക് എക്കാലവും പാർട്ടിയിലും ഭരണതലത്തിലും മുന്തിയ പരിഗണന നൽകിയിട്ടുള്ള പാർട്ടിയാണ് കോൺഗ്രസ് എന്നറിയാത്ത ആളല്ല കോടിയേരി. എ.കെ. ആന്റണിയെയും ഉമ്മൻ ചാണ്ടിയെയും പോലുള്ളവരെ മുഖ്യമന്ത്രി പദത്തിലും, ടി.ഒ. ബാവ, എം.എം. ഹസൻ, കെ.എം. ചാണ്ടി, ആന്റണി തുടങ്ങിയവരെ കെ.പി.സി.സി പ്രസിഡന്റുമാരും സി.എം. സ്റ്റീഫൻ, എ.എ. റഹീം, ആന്റണി, പി.ജെ. കുര്യൻ, കെ.വി. തോമസ് തുടങ്ങിയവരെ കേന്ദ്ര മന്ത്രിമാരും ഒക്കെയാക്കിയ പാർട്ടിയാണ് കോൺഗ്രസ്. ഇപ്പോഴും കോൺഗ്രസ് നേതൃതലത്തിൽ നിരവധി ന്യൂനപക്ഷ വിഭാഗക്കാരുണ്ട്. എന്നാൽ അതല്ല സി.പി.എമ്മിന്റെ അവസ്ഥ. വളരെ പരിമിതമാണ് അവിടെ നേതൃത്വത്തിൽ ന്യൂനപക്ഷ സാന്നിധ്യം. 
കോടിയേരി ഇപ്പോൾ ആകുലപ്പെടുന്ന ഗുലാം നബി ആസാദ് കേന്ദ്ര മന്ത്രിയും ജമ്മു കശ്മീർ മുഖ്യമന്ത്രിയും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമെല്ലാം ആയത് കോൺഗ്രസുകരാനായാണ്. സൽമാൻ ഖുർഷിദിനെ വിദേശകാര്യ മന്ത്രിയാക്കിയതും കോൺഗ്രസ് തന്നെ. രാജ്യത്തെ ഭൂരിപക്ഷം വരുന്ന സമാധാനപ്രിയരായ ഹിന്ദുക്കളിൽ വർഗീയ ചിന്ത കടത്തിവിട്ട് അവരെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്ന സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തെ തുറന്നു കാട്ടുന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ ജയ്പൂർ പ്രസംഗം. ആ പ്രസംഗത്തെ അന്ന് ഏറ്റവും വിമർശിച്ചത് സംഘപരിവാർ, ബി.ജെ.പി നേതാക്കളാണ്. അപ്പോഴാണ് അത് ന്യൂനപക്ഷ വിരുദ്ധമെന്ന നിലയിൽ സി.പി.എം ദുർവ്യാഖ്യാനം ചെയ്യുന്നത്.
തങ്ങളുടെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യം നേടാൻ വേണ്ടി ന്യൂനപക്ഷങ്ങളുടെ മനസ്സിൽ അസ്വസ്ഥതയും പകയുമുണ്ടാക്കാൻ കോടിയേരി നടത്തുന്ന കുത്തിത്തിരിപ്പിന് ദൂരവ്യാപക പ്രത്യഘാതങ്ങളുണ്ടാകും. അത് സമൂഹത്തിൽ വലിയ വർഗീയ ചേരിതിരിവിനിടയാക്കും. സമൂഹത്തിൽ എന്ത് വിപത്തുണ്ടായാലും പ്രശ്‌നമില്ല, നമുക്ക് തെരഞ്ഞെടുപ്പ് വിജയിച്ചാൽ മതിയെന്ന് ഒരു കൂട്ടർ വിചാരിച്ചാൽ ഇതിലും തരംതാഴ്ന്ന പ്രസ്താവനകൾ ഇനിയും പ്രതീക്ഷിക്കാം.

Latest News