Sorry, you need to enable JavaScript to visit this website.

മുസ്‌ലിംകൾക്കിടയിൽ അരക്ഷിത ബോധം  സൃഷ്ടിക്കാനുള്ള നീക്കം ആപത്കരം -യൂത്ത് ലീഗ്

മലപ്പുറം- മത പ്രബോധകർക്കെതിരെ അന്യായമായി കേസെടുത്തു മുസ്‌ലിംകൾക്കിടയിൽ അരക്ഷിതബോധം സൃഷ്ടിക്കാനുള്ള സർക്കാർ നീക്കം ആപത്കരമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. ഇടതു സർക്കാർ നടത്തുന്ന ന്യൂനപക്ഷ വേട്ടയുടെ ഒടുവിലത്തെ ഇരയാണ് എം.എം. അക്ബർ. വർഗീയ വിഷം ചീറ്റുന്നവർക്കെതിരെ കേസെടുക്കാതിരിക്കുകയും മുസ്‌ലിംകൾക്കെതിരെയാണെങ്കിൽ നിസ്സാരമായ പ്രശ്‌നങ്ങളിൽ പോലും ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുത്തു തുറുങ്കിലടക്കുകയും ചെയ്യുന്നതു സംഘ്പരിവാരിനെ പ്രീണിപ്പിക്കുന്നതിനാണ്. ഫാസിസത്തിനു ചുവടൊപ്പിച്ച് മാർക്‌സിസം വഴി നടക്കുമ്പോൾ സമുദായം ജാഗ്രത പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മതേതതര ചേരിയിൽ നിലയുറപ്പിക്കുന്നവരെ പോലും സർക്കാരിന്റെ ഇരട്ട നീതി മൂലം തീവ്രവാദത്തിന്റെ ആലയിലെത്തിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും ഒരു കൈ കൊണ്ടു അടിക്കുകയും മറുകൈ കൊണ്ട് തലോടുകയും ചെയ്യുന്ന കപട നാടകങ്ങളിൽ നിന്നു ഇടതുപക്ഷത്തെ മുസ്‌ലിം നേതാക്കൾ പിൻമാറണമെന്നും യോഗം അഭ്യർഥിച്ചു. സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട്ടെ മുസ്‌ലിം ലീഗ് പ്രവർത്തകൻ സഫീറിനെ സി.പി.ഐ ഗുണ്ടകൾ കൊലപ്പെടുത്തിയ സംഭവത്തിൽ സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തോട് സി.പി.ഐക്കുള്ള എതിർപ്പ് ആത്മാർഥമാണെങ്കിൽ വാചക കസർത്തുകൾ നിർത്തി കൊലപാതകികളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി പ്രസ്താവനയിറക്കാൻ നേതാക്കൾ തയ്യാറാകണമെന്നും യോഗം ചൂണ്ടിക്കാട്ടി. എം.എ സമദ്, നജീബ് കാന്തപുരം, അഡ്വ. സുൽഫീക്കർ സലാം, ഫൈസൽ ബാഫഖി തങ്ങൾ, പി. ഇസ്മായിൽ, പി.എ അബ്ദുൾ കരീം, പി.എ അഹമ്മദ് കബീർ, പി.ജി. മുഹമ്മദ്, കെ.എസ് സിയാദ്, ആഷിഖ് ചെലവൂർ, വി.വി മുഹമ്മദലി, എ.കെ.എം അഷ്‌റഫ്, പി.പി അൻവർ സാദത്ത് പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു.
 

Latest News