Sorry, you need to enable JavaScript to visit this website.

ദല്‍ഹി കലാപക്കേസില്‍ ആദ്യശിക്ഷ; വീടിനു തീയിട്ടയാള്‍ക്ക് അഞ്ച് വര്‍ഷം ജയില്‍

ന്യൂദല്‍ഹി- ദല്‍ഹിയില്‍ 2020 ഫെബ്രൂവരിയിലുണ്ടായ കലാപത്തില്‍ ഒരാള്‍ക്ക് ശിക്ഷ വിധിച്ച് ദല്‍ഹി കോടതി. ദിനേഷ് യാദവിനാണ് അഞ്ച് വര്‍ഷം ജയിലും 12,000 രൂപ പിഴയും വിധിച്ചത്. ദല്‍ഹി കലാപത്തില്‍ ആദ്യത്തെ ശിക്ഷാ വിധിയാണിത്.
കൊള്ളക്കു പുറമെ, 73 കാരിയുടെ വീടിനു തീയിട്ട സംഭവത്തില്‍ പ്രതിക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ക്ക് പരമാവധി പത്ത് വര്‍ഷമാണ് ശിക്ഷ.
കലാപത്തില്‍ ഏര്‍പ്പെട്ട സംഘത്തില്‍ യാദവുണ്ടായിരുന്നുവന്നും ഗോകുല്‍പുരി ഭഗീരഥി വിഹാറില്‍ വയോധികയുടെ വീടിനു തീയിട്ടുവെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഫെബ്രവരി 25 ന് ഇരുനൂറോളം പേരടങ്ങുന്ന സംഘമാണ് വീട് ആക്രമിച്ചതെന്ന് മനോരി എന്ന സ്ത്രീ പറഞ്ഞിരുന്നു. വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളെല്ലാം അക്രമികള്‍ കൊള്ളയടിക്കുകയും ചെയ്തു.
വീടിന്റെ മുകളില്‍നിന്ന് താഴേക്ക് ചാടിയാണ് അയല്‍വീട്ടില്‍ അഭയം തേടിയതെന്നും സ്ത്രീ മൊഴി നല്‍കിയിരുന്നു. പിന്നീട് ബന്ധുക്കള്‍ പോലീസിനെ വിളിച്ചാണ് രക്ഷപ്പെടുത്തിയത്.

 

Latest News