ഇന്ത്യയില്‍ മൂന്നാം തരംഗം തീവ്രമാകുന്നു;  3.17 ലക്ഷം പുതിയ രോഗികള്‍; 491 മരണം

ന്യൂദല്‍ഹി-  രാജ്യത്ത് കോവിഡ് മൂന്നാം തരംഗം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.17 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. ബുധനാഴ്ചത്തേക്കാള്‍ 12 ശതമാനം വര്‍ധനവാണ് പുതിയ കേസുകളില്‍ ഉണ്ടായിരിക്കുന്നത്. രാജ്യത്തെ രോഗവ്യാപന നിരക്ക് 16.41 ശതമാനമായി ഉയരുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നു. 19.24 ലക്ഷം പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 2.23 ലക്ഷം പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 491 മരണമാണ് മഹാമാരി മൂലം ഇന്നലെ സംഭവിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4.87 ലക്ഷമായി വര്‍ധിച്ചു.
മഹാരാഷ്ട്രയിലും കര്‍ണാടകയിലുമാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. 2.6 ലക്ഷം സജീവ കേസുകളാണ് സംസ്ഥാനങ്ങളിലുള്ളത്. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലും ചികിത്സയിലുള്ളവര്‍ ഒന്നര ലക്ഷത്തിന് മുകളിലാണ്. ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും കേസുകള്‍ ഉയരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.അതേസമയം രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 9,287 ആയി. വാക്‌സിനേഷന്‍ നടപടികളും വേഗത്തില്‍ പുരോഗമിക്കുകയാണ്. വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ബുധനാഴ്ച 73.38 ലക്ഷം വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 

Latest News