Sorry, you need to enable JavaScript to visit this website.

കല്യാണം ഗൂഗിള്‍ മീറ്റില്‍; സദ്യ സൊമാറ്റോ വഴി വീട്ടിലെത്തും

കൊല്‍ക്കത്ത- കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലച്ചതോടെ ആഘോഷങ്ങളും കൂടിച്ചേരലുകളുമെല്ലാം ഒഴിവാക്കേണ്ടി വന്നിരുന്നു. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് വിവാഹങ്ങളെയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡ് സാഹചര്യത്തോട് പൊരുത്തപ്പെട്ട് പലരും വിവാഹച്ചടങ്ങ് ലളിതമാക്കുകയും ചെയ്തു. മറ്റ് ചിലരാകട്ടെ വിവാഹ ചടങ്ങുകള്‍ തത്സമയ സംപ്രേഷണം ചെയത് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ലൈവായി കാണാനുള്ള സാഹചര്യം ഒരുക്കി.
ഇപ്പോഴിതാ കോവിഡ് വെല്ലുവിളി മറികടക്കാന്‍ പുതിയൊരു വിവാഹരീതിയിലേക്ക് കടന്നിരിക്കുകയാണ് പശ്ചിമ ബംഗാളിലെ ദമ്പതികള്‍. സാങ്കേതിക വിദ്യയുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തി ഗൂഗിള്‍ മീറ്റിലൂടെ വിവാഹം നടത്താനുള്ള തയ്യാറെടുപ്പിലാണ് ബര്‍ദ്വാനിലെ സന്ദീപന്‍ സര്‍ക്കാരും അഥിതി ദാസും. ജനുവരി 24ന് നടക്കുന്ന തങ്ങളുടെ വിവാഹത്തിലേക്ക് 450 പേരെയാണ് ഇവര്‍ ക്ഷണിച്ചിരിക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കുക മാത്രമല്ല, ഇവര്‍ക്കെല്ലാവര്‍ക്കും വിവാഹ സദ്യയും ലഭിക്കും എന്നതാണ് ഈ വിവാഹത്തിന്റെ പ്രത്യേകത.
ഗൂഗിള്‍ മീറ്റ് വഴി കല്യാണത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സൊമാറ്റോയിലൂടെയാണ് വീടുകളിലേക്ക് വിവാഹ സദ്യ എത്തുക. കോവിഡ് സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് വിവാഹ ചടങ്ങുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റി മാതൃകയാകാന്‍ ഇരുവരും തീരുമാനിച്ചത്. ആകെ 450 പേരെയാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. അവരെല്ലാവരും ഗൂഗിള്‍ മീറ്റ് വഴി തത്സമയം ചടങ്ങുകളില്‍ പങ്കെടുക്കും.
250 പേര്‍ക്ക് മാത്രമേ ഗൂഗിള്‍ മീറ്റില്‍ ഒരേസമയം പങ്കെടുക്കാവൂ എന്നുള്ളതുകൊണ്ട് രണ്ട് ലിങ്ക് വഴിയാകും ഇത്രയും പേരെ ചടങ്ങില്‍ ഉള്‍ക്കൊള്ളിക്കുകയെന്നും സന്ദീപന്‍ സര്‍ക്കാര്‍ പറയുന്നു. കോവിഡ് ബാധിതനായി ആശുപത്രിയില്‍ കിടക്കുമ്പോഴായിരുന്നു ഇത്തരമൊരു ആശയം തനിക്ക് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ വിവാഹമായിരിക്കില്ല തങ്ങളുടേതെന്നും സര്‍ക്കാര്‍ നിബന്ധനക്കനുസരിച്ച് പങ്കെടുക്കാവുന്ന ആളുകള്‍ നേരിട്ട് ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിവാഹം നടത്താനുള്ള തീരുമാനത്തെ അഭിനന്ദിച്ച് സൊമാറ്റോയും രംഗത്തെത്തി. 'ഇത് പുതിയ ആവശ്യമാണ്. ഞാന്‍ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു. വിവാഹ സദ്യ വിതരണം കൃത്യമായി വിലയിരുത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കോവിഡ് കാലത്തെ ഈ നീക്കത്തെ അഭിനന്ദിക്കുന്നു. ഇത്തരം ചടങ്ങുകളെ പ്രോത്സാഹിപ്പിക്കുന്നത് പരിഗണിക്കും' സൊമാറ്റോ അധികൃതര്‍ പറഞ്ഞു.
 

Latest News