5ജി വഴിമുടക്കി; എയര്‍ ഇന്ത്യ 14 യുഎസ് സര്‍വീസുകള്‍ റദ്ദാക്കി; പരിഹാരം തേടി ഡിജിസിഎ

ന്യൂദല്‍ഹി- നോര്‍ത്ത് അമേരിക്കയിലെ 5ജി ഇന്റര്‍നെറ്റ് വിന്യാസം വിമാനങ്ങളുടെ നാവിഗേഷന്‍ സംവിധാനത്തെ തടയുമെന്ന ആശങ്കയെ തുടര്‍ന്ന് യുഎസിലേക്കുള്ള 14 വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. വിമാനങ്ങളുടെ റേഡിയോ അള്‍ട്ടീമീറ്ററിനൈ തടയാന്‍ 5ജി ഇന്റര്‍നെറ്റ് സംവിധാനത്തിന് കഴിയുമെന്നും ഇത് വിമാന എഞ്ചിന്‍, ബ്രേക്കിങ് സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും യുഎസ് വ്യോമയാന ഏജന്‍സിയായ ഫെഡറര്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ജനുവരി 14ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ ആശങ്ക മൂലം നിരവധി രാജ്യാന്തര വിമാന കമ്പനികളുടെ സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. 

ബുധനാഴ്ച യുഎസിലേക്ക് പറക്കേണ്ടിയിരുന്ന ആറ് വിമാനങ്ങളും വ്യാഴാഴ്ച പറക്കാനിരുന്ന എട്ടു വിമാനങ്ങളുമാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്. ഇതോടെ ആയിരക്കണക്കിന് പേരുടെ യാത്ര അനിശ്ചിതത്വത്തിലായി. ഇതിനു പരിഹാരം കാണാന്‍ വിമാന കമ്പനികളുമായി ബന്ധപ്പെട്ട് ശ്രമങ്ങള്‍ നടത്തി വരികയാണെന്ന് ഡിജിസിഎ മേധാവി അരുണ്‍ കുമാര്‍ പറഞ്ഞു. 

വിമാനത്തിന്റെ അള്‍ട്ടീമീറ്ററും 5ജി സംവിധാനവും ഏതാണ്ട് സമാന ബാന്‍ഡില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ പ്രത്യേക സാഹചര്യത്തിന് ഇടയാക്കുന്നത്.

Latest News