അരുണാചല്‍ സ്വദേശിയായ 17കാരനെ ചൈന തട്ടിക്കൊണ്ടു പോയെന്ന് എംപി

ന്യൂദല്‍ഹി- അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാങ് ജില്ലയില്‍ ഇന്ത്യക്കാരനായ 17 വയസ്സുള്ള കുട്ടിയെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തട്ടിക്കൊണ്ടു പോയതായി അരുണാചലില്‍ നിന്നുള്ള എംപിയും സംസ്ഥാന ബിജെപി അധ്യക്ഷനുമായ തപിര്‍ ഗവോ എംപി ആരോപിച്ചു. കുട്ടിയുടെ ഫോട്ടോ സഹിതമുള്ള ഒരു ട്വീറ്റിലാണ് എംപി ഈ സംഭവം ഉന്നയിച്ചത്. സിദോ ഗ്രാമവാസിയായ ഷ് മിറം തരോണ്‍ എന്ന കുട്ടിയെ ലുങ്ത ജോര്‍ മേഖലയില്‍ നിന്ന് ചൊവ്വാഴ്ചയാണ് ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയതെന്ന് തപിര്‍ പറയുന്നു. 2018ല്‍ ചൈന നാലു കിലോമീറ്ററോളം റോഡ് നിര്‍മിച്ച പ്രദേശമാണിത്. വിവരം ആഭ്യന്തര സഹമന്ത്രി എന്‍ പ്രമാണികിനെ അറിയിച്ചിട്ടുണ്ടെന്നും കുട്ടിയെ വിട്ടു കിട്ടാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

തട്ടിക്കൊണ്ടു പോയ കുട്ടിയുടെ കൂട്ടുകാരന്‍ ചൈനീസ് സൈന്യത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് ഈ വിവരം അറിയിക്കുകയായിരുന്നു എന്ന് ഗാവോ പറയുന്നു.

Latest News