മനപ്പൂര്‍വം കോവിഡ് പിടിപ്പിച്ച ചെക്ക് ഗായിക മരിച്ചു; രോഗം സ്വയം ഏറ്റുവാങ്ങിയത് വാക്‌സിനെടുക്കാതിരിക്കാന്‍

പ്രേഗ്- തീയറ്ററില്‍ കയറാനുള്ള ആരോഗ്യ പാസ് ലഭിക്കാന്‍ സ്വയം കോവിഡ് രോഗം പിടിപ്പിച്ച ചെക്ക് ഫോക്ക് ഗായിക മരിച്ചു. രാജ്യത്ത് സാംസ്‌കാരിക, കായിക പരിപാടിയില്‍ പങ്കെടുക്കുന്നതിനും ഹോട്ടലുകളിലും ബാറുകളിലും പ്രവേശിക്കണമെങ്കിലും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനോ അല്ലെങ്കില്‍ കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചതിനോ തെളിവു നല്‍കണം. എന്നാല്‍ കടുത്ത വാക്‌സിന്‍ വിരോധിയായ ഗായിക ഹന ഹോര്‍ക സ്വയം രോഗം ഏറ്റുവാങ്ങുകയായിരുന്നു. 57കാരിയായ ഇവര്‍ ഞായറാഴ്ച മരിച്ചതായി മകന്‍ ജാന്‍ റെക് അറിയിച്ചു. ഹനയുടെ ഭര്‍ത്താവും മകനും വാക്‌സിന്‍ എടുത്തിരുന്നു. വാക്‌സിനെടുക്കുന്നതിനു പകരം സാധാരണ പോലെ ജീവിതം തുടരാനായിരുന്നു ഇവരുടെ തീരുമാനമെന്നും മകന്‍ പറഞ്ഞു. മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് താന്‍ അതിജീവിച്ചുവെന്നും അത് കഠിനമായിരുന്നുവെന്നും ഹന സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു. ഇനി തനിക്ക് തിയറ്ററിലും സംഗീത പരിപാടിക്കും കടല്‍ യാത്രയും നടത്താമെന്നും അവര്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

അമ്മയുടെ മരണത്തിന് ഉത്തരവാദികള്‍ നാട്ടിലെ ചില വാക്‌സിന്‍ വിരുദ്ധരാണെന്നും മകന്‍ റെക് ആരോപിച്ചു. അവര്‍ അമ്മയില്‍ വാക്‌സിന്‍ വിരുദ്ധത കുത്തിവെക്കുകയായിരുന്നുവെന്നും അവരുടെ കയ്യില്‍ രക്തം പുരണ്ടിരിക്കുകയാണെന്നും റെക് കുറ്റപ്പെടുത്തി. ആരാണ് അമ്മയെ സ്വാധീനിച്ചതെന്ന് തനിക്കറിയാം. സ്വന്തം കുടുംബത്തെക്കാള്‍ അമ്മ അപരിചിതരെ വിശ്വസിച്ചു എന്നത് വേദനിപ്പിക്കുന്നതാണെന്നും റെക് പറഞ്ഞു.
 

Latest News