കണ്ണൂർ- ഏപ്രിൽ ആറ് മുതൽ 10 വരെ കണ്ണൂരിൽ നടക്കുന്ന സി.പി.എം 23-ാം പാർട്ടി കോൺഗ്രസ് ലോഗോ പ്രകാശനം ചെയ്തു. സംഘാടക സമിതി ഓഫീസിൽ നടന്ന ചടങ്ങിൽ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജനാണ് നാടക സംവിധായകൻ ഇബ്രാഹിം വെങ്ങരയ്ക്ക് നൽകി ലോഗോ പ്രകാശനം ചെയ്തത്. സി.പി.എമ്മിന്റെ സവിശേഷത കൊണ്ടാണ് മാധ്യമങ്ങൾ പാർട്ടി കോൺഗ്രസിന് വലിയ പ്രാധാന്യം നൽകുന്നത്. ജനങ്ങൾക്ക് വേണ്ടി മാധ്യമങ്ങൾ മുന്നോട്ട് വെക്കുന്ന ഏത് നിർദേശവും പാർട്ടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കലാകാരന്മാരെ പാർട്ടി എത്രമാത്രം സ്നേഹിക്കുന്നുവെന്നതിന്റെ തെളിവാണ് ലോഗോ പ്രകാശനത്തിൽ നാടകക്കാരനായ തന്നെ ക്ഷണിച്ചതിലൂടെ വ്യക്തമാവുന്നതെന്ന് ഇബ്രാഹിം വെങ്ങര അഭിപ്രായപ്പെട്ടു. മലയാള നാടക വേദിക്കുള്ള അംഗീകാരമായി ഇതിനെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ജയരാജൻ, ടി.വി. രാജേഷ്, എ.എൻ.ഷംസീർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം.പ്രകാശൻ, വത്സൻ പനോളി, എൻ.ചന്ദ്രൻ, ടി.കെ.ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി.ഗോപിനാഥ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം എം.ഷാജർ നന്ദിയും പറഞ്ഞു. മലപ്പുറം സ്വദേശി മനു കള്ളിക്കാടാണ് ലോഗോ തയാറാക്കിയത്.