Sorry, you need to enable JavaScript to visit this website.

മാർക്കറ്റിംഗ് മേഖലയിൽ 12,000 തൊഴിലുകൾ സൗദിവൽക്കരിക്കും

റിയാദ് - മാർക്കറ്റിംഗ് മേഖലയിൽ 12,000 തൊഴിലുകൾ സൗദിവൽക്കരിക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നതായി മന്ത്രാലയ വക്താവ് സഅദ് ആലുഹമാദ് വെളിപ്പെടുത്തി. ഈ മേഖലയിൽ ഇതിനകം 5000 സൗദി യുവതീയുവാക്കൾക്ക് തൊഴിൽ ലഭിച്ചിട്ടുണ്ട്. സൗദി വിപണിയിൽ കടുത്ത മത്സരമാണുള്ളത്. ഈ പശ്ചാത്തലത്തിൽ മാർക്കറ്റിംഗ് മേഖലാ തൊഴിലുകൾ സ്വദേശിവൽക്കരിക്കേണ്ടത് അത്യാവശ്യമാണ്. 
സർഗവൈഭവമുള്ള സൗദി യുവതീയുവാക്കൾക്കു മാത്രമേ സൗദി അറേബ്യയുടെ സ്വത്വവും സംസ്‌കാരവും പ്രതിഫലിപ്പിക്കാൻ സാധിക്കുകയുള്ളൂ. മാർക്കറ്റിംഗ് മേഖലയിൽ സൗദിവൽക്കരണം നിർബന്ധമാക്കും. ഇത് പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും. സ്വദേശി ഉദ്യോഗാർഥികൾക്ക് മന്ത്രാലയം പരിശീലനങ്ങൾ നൽകും. മാർക്കറ്റിംഗ് മേഖലയിൽ പുതുതായി ജോലിയിൽ പ്രവേശിക്കുന്ന സ്വദേശികൾക്കും ഇവരെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങൾക്കും പിന്തുണയും സഹായവും നൽകുന്നുണ്ട്. സ്വകാര്യ മേഖലക്ക് ആവശ്യമുള്ള തൊഴിൽ മേഖലകളിൽ മന്ത്രാലയം മുൻകൈയെടുത്ത് സ്വദേശികൾക്ക് പരിശീലനങ്ങൾ നൽകുന്നുണ്ട്. മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്യുന്ന വിദഗ്ധരുടെയും ഈ മേഖലയിൽ ജോലി തേടുന്നവരുടെയും കണക്കുകൾ മന്ത്രാലയം ശേഖരിച്ചിട്ടുണ്ട്. വിദഗ്ധരും പരിചയ സമ്പന്നരുമായ സ്വദേശികളുടെ കുറവ് മൂലം മാർക്കറ്റിംഗ് മേഖലയിലെ മുഴുവൻ ഉന്നത തസ്തികകളും സൗദിവൽക്കരിക്കുക ദുഷ്‌കരമാണെന്നും സഅദ് ആലുഹമാദ് പറഞ്ഞു.


 

Latest News