തേക്കിൻകാട്ടിലെ കാറ്റിനെ ഏറ്റുപിടിച്ച രക്തപതാക താഴുമ്പോൾ, ചെങ്കോട്ടയുടെ വാതിലുകൾ അടച്ച് താഴിടുമ്പോൾ ബാക്കിയാകുന്നത് വീണ്ടും പ്രതീക്ഷകൾ മാത്രമാണ്. തെറ്റുകൾ തിരുത്തി ശരിയുടെ പാതയിലേക്ക് സി.പി.എം മുന്നേറുമെന്ന പ്രതീക്ഷകൾ. ആലപ്പുഴയിലെ സമ്മേളനം കഴിയുമ്പോൾ അത്തരമൊരു പ്രതീക്ഷയ്ക്ക് ഒട്ടും ഇടമില്ലായിരുന്നുവെന്നതാണ് സത്യം. എന്നാൽ തൃശൂർ സമ്മേളനം സി.പി.എമ്മിന്റെ ഉയർത്തെഴുന്നേൽപ്പിനുള്ള പിടിവള്ളിയാകുമെന്ന പ്രതീക്ഷ ഇപ്പോഴും ഈ പാർട്ടിയിൽ വിശ്വസിക്കുന്ന സാധാരണക്കാർക്കുണ്ട്.
കണ്ണൂരടക്കമുള്ള ജില്ലകളിൽ സി.പി.എം ആയുധം താഴെ വെക്കുമോ എന്നതാണ് സമ്മേളനത്തിനു ശേഷം രാഷ്ട്രീയകേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. കണ്ണൂരിന്റെ മണ്ണ് ശുഹൈബിന്റെ ചോരവീണ് ചുവന്നപ്പോഴാണ് തൃശൂരിൽ പാർട്ടി സംസ്ഥാന സമ്മേളനം നടന്നത്. കണ്ണൂരിന്റെ രാഷ്ട്രീയ കൊലപാതക സ്വഭാവം പരക്കെ വിമർശിക്കപ്പെട്ടു. അക്രമ രാഷ്ട്രീയത്തിനെതിരെ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമൊക്കെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. പതിവ് പ്രസംഗം എന്നതിൽ നിന്നും വ്യത്യസ്തമായി പാർട്ടിക്ക് അക്രമ രാഷ്ട്രീയം നേട്ടമുണ്ടാക്കുന്നില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ഇവരുടെ പ്രസംഗം വേറിട്ടുനിൽക്കുന്നത്. യുവതലമുറയ്ക്കും സ്ത്രീകളടക്കമുള്ളവർക്കും പാർട്ടിയുടെ ഈ അക്രമലൈൻ തീരെ താത്പര്യമില്ലെന്നത് പാർട്ടിയെ വഴിമാറി നടക്കാൻ ചിന്തിപ്പിക്കുന്നുണ്ടെന്ന് കരുതുന്നതിൽ തെറ്റില്ല.
പാർട്ടി നേതൃത്വത്തെ കൂസാതെ ആയുധമെടുക്കുന്ന കണ്ണൂർ ജില്ലയോട് മറ്റു ജില്ലകൾക്കുള്ള അതൃപ്തിയും കണ്ണൂരിനെ ഒറ്റപ്പെടുത്തിയ തോന്നലുണ്ടാക്കി. ജയരാജത്രയം നയിക്കുന്ന കണ്ണൂരിൽ സമാധാന അന്തരീക്ഷം കൊണ്ടുവരാൻ സി.പി.എം ശ്രമിച്ചാലും അതെത്രമാത്രം നടക്കുമെന്ന് സമ്മേളനത്തിൽ പലരും സംശയം പ്രകടിപ്പിച്ചു. നിരായുധരായി ശത്രുക്കൾക്ക് മുന്നിലേക്ക് പോകാൻ പറയുന്നത് ചാവേറുകളാകുന്നതിന് തുല്യമാണെന്നറിയാവുന്നതുകൊണ്ട് പലർക്കും അത്തരം മരണത്തിൽ താൽപര്യമില്ല. സി.പി.എം പ്രവർത്തകരെ ആക്രമിച്ചാൽ പ്രതിരോധിക്കുമെന്ന ജനറൽ സെക്രട്ടറിയുടെ വാക്കുകൾ അതിന്റെ മുൻകൂർ ജാമ്യമാണ്. എന്നാൽ മുൻകാലങ്ങളേക്കാൾ അക്രമരാഷ്ട്രീയത്തിന്റെ ഭീകരത സി.പി.എം കുറയ്ക്കുമെന്ന സൂചന നൽകിയാണ് തൃശൂരിൽ സി.പി.എം സംസ്ഥാന സമ്മേളനം കൊടിയിറങ്ങിയത്. ആയുധത്തേക്കാൾ ആശയങ്ങൾ കൈകളിലും ഹൃദയത്തിലും തലച്ചോറിലുമേന്തി പുതുതലമുറയെ ആകർഷിക്കാനുള്ള തന്ത്രങ്ങൾ മെനയണമെന്നാണ് സമ്മേളനം ഓർമ്മിപ്പിക്കുന്നത്.
രാഷ്ട്രീയത്തിൽ നിത്യശത്രുക്കളോ എക്കാല മിത്രങ്ങളോ ഇല്ലെന്ന് പൊതുജനങ്ങൾ മനസിലാക്കണമെന്ന് തൃശൂർ സമ്മേളനം പറയാതെ പറഞ്ഞിരിക്കുന്നു. കോൺഗ്രസ് ബാന്ധവത്തിനു വേണ്ടി ദേശീയ ജനറൽ സെക്രട്ടറിയും കേരള കോൺഗ്രസ് ബാന്ധവത്തിനായി കേരള സെക്രട്ടറിയും മത്സരിക്കുന്ന കാഴ്ചയ്ക്ക് പൂരനഗരി സാക്ഷിയായി. സി.പി.എമ്മിന്റെ രാഷ്ട്രീയ എതിരാളികൾ ആരെല്ലാമാണെന്ന സംശയം ബാക്കിയാക്കിയാണ് തേക്കിൻകാട് മൈതാനിയിൽനിന്ന് ജനലക്ഷങ്ങൾ വിടവാങ്ങിയതെന്ന് വ്യക്തം.
കോൺഗ്രസ് പാർട്ടി കേരളത്തിലെ ശത്രുവെന്ന് ജനറൽ സെക്രട്ടറി പറയുമ്പോൾ കേരളത്തിന്റെ അതിർത്തിക്കപ്പുറം കോൺഗ്രസിന് ചാർത്തിക്കൊടുക്കുന്നത് മിത്രപദവിയാണെന്ന് അണികൾക്കും സംശയമുണരുന്നു. കേരള കോൺഗ്രസിനെതിരെ വാളെടുത്തിരുന്ന സി.പി.എം ഇപ്പോൾ ആ വാൾ ഉറയിലിട്ടിരിക്കുന്നത് കാണുമ്പോഴും ആകെ അമ്പരപ്പാണ് അണികൾക്ക്. മുന്നണി എന്ന ബസിൽ ആരെയെല്ലാം കയറ്റണം, ആർക്കുവേണ്ടി വണ്ടി നിർത്തണം, ഡബിൾ ബെൽ മുഴക്കി ആരെ കയറ്റാതെ പോകണം എന്ന കാര്യത്തിൽ വ്യക്തത ഇനിയുമായിട്ടില്ല. കാത്തുനിന്ന ബസ് കിട്ടിയില്ലെങ്കിൽ കിട്ടിയ ബസിൽ കയറിപ്പറ്റാമെന്ന മോഹവുമായി കേരള കോൺഗ്രസ് ബസുകൾ പിടിക്കാൻ തേക്കിൻകാട് മൈതാനത്തും പിന്നെ മലപ്പുറത്തും പോകുന്നത് രാഷ്ട്രീയകേരളം കൗതുകത്തോടെ കണ്ടു.
ബി.ജെ.പി-ആർ.എസ്എസിനെതിരെ കോൺഗ്രസിനെ കൂടി കൂട്ടുപിടിച്ച് യുദ്ധം നടത്താമെന്ന യെച്ചൂരിയുടെ മോഹം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് തൃശൂർ സമ്മേളനത്തിലെ വാക്കുകളിലൂടെ തിരിച്ചറിയാവുന്നതാണ്. പറഞ്ഞില്ലെങ്കിലും ഉൾവലിഞ്ഞിരിക്കുന്ന അർത്ഥം മറ്റൊന്നല്ല. കേരളത്തിന്റെ പിന്തുണ കൂടി കിട്ടുമോ എന്ന് നോക്കാൻ യെച്ചൂരി കിണഞ്ഞ് ശ്രമിക്കുന്നതാണ് സമ്മേളനത്തിൽ കണ്ടത്. മറുഭാഗത്ത് കേരള കോൺഗ്രസിന് വേണ്ടി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗവും ഇതേ രീതിയിൽ കരുക്കൾ നീക്കി.
പുറമേക്ക് ഇവർ കോൺഗ്രസിനേയും കേരള കോൺഗ്രസിനെയും തള്ളിപ്പറയുന്നുണ്ടെങ്കിലും കൂടെ കിട്ടിയാൽ നന്നായി എന്ന നിലപാടാണ് പാർട്ടിക്കുള്ളത്. കെ.എം.മാണി സെമിനാറിൽ പങ്കെടുത്തു എന്നതുകൊണ്ട് മാണി എൽ.ഡി.എഫിലേക്ക് വരുമെന്ന് ആരും കരുതുന്നില്ല. ഇടതുപക്ഷത്തേക്കാൾ മാണിയെ കൂടെ നിർത്താൻ ഇപ്പോഴും കെൽപ്പ് യു.ഡി.എഫിന് തന്നെയാണ്. സി.പി.ഐ, വി.എസ്.അച്യുതാനന്ദൻ തുടങ്ങിയവരുടെ എതിർപ്പുകൾ നേരിടേണ്ടി വരുന്ന മാണിക്ക് യു.ഡി.എഫിൽ അത്തരം പ്രശ്‌നങ്ങൾ ഇല്ലെന്ന് പറയാം.
മാണിയുടെ മുന്നണി പ്രവേശനം സി.പി.എം സംസ്ഥാന സമ്മേളനം ചർച്ച ചെയ്യരുതെന്ന് സമ്മേളനത്തലേന്ന് വിഎസ് കേന്ദ്രകമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. സമ്മേളനം കഴിയുമ്പോൾ വി.എസിന്റെ ഈ ആവശ്യം പാർട്ടി കേന്ദ്രനേതൃത്വം അംഗീകരിച്ചുവെന്ന് ബോധ്യമായി. മാണിയുടെ വരവിനെക്കുറിച്ച് ചെറിയ ചില വർത്തമാനങ്ങൾ വന്നതല്ലാതെ കാര്യമായ ചർച്ച പാർട്ടി സമ്മേളനത്തിൽ നടന്നില്ല. എല്ലാം പി.ബിക്ക് വിട്ടുകൊടുത്ത് സംസ്ഥാന ടീം പതിയെ പിൻമാറിയിരിക്കുകയാണ്. എങ്ങിനെ മുന്നണി വിപുലീകരിക്കാമെന്ന ചർച്ചയാണ് ഇനി. വരാൻപോകുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിട്ട് കേരളത്തിൽ നല്ല വിജയം കാഴ്ചവെക്കാനായി ആരെല്ലാമായി കൂട്ടുകൂടാം എന്ന ചർച്ച സംസ്ഥാനതലത്തിൽ തുടരും. ഇരുകൂട്ടരുമായി സഖ്യമില്ലെന്ന് കേന്ദ്ര-സംസ്ഥാന നേതാക്കൾ പറയുന്നുണ്ടെങ്കിലും കോൺഗ്രസും കേരള കോൺഗ്രസും ഇല്ലാതെ നിലനിൽപ്പില്ലേ സി.പി.എമ്മിന് എന്ന ചോദ്യമാണ് തേക്കിൻകാട്ടിൽ മുഴങ്ങിയത്.
ഇനിയെങ്കിലും സമൂഹത്തിലെ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങളിലേക്ക് കണ്ണോടിക്കാൻ സി.പി.എം എന്ന തൊഴിലാളി പാർട്ടി തയ്യാറാകുമോ എന്ന ചോദ്യവും പൂരപ്പറമ്പിൽ പാറിക്കളിച്ചു. പാവപ്പെട്ടവർ പാർട്ടിയിൽ നിന്നകന്നുവെന്ന് സമ്മേളനം ഗൗരവത്തോടെ പരിശോധിച്ച കാര്യമാണ്. സ്ത്രീകൾ, യുവജനങ്ങൾ എന്നിവരെ കൂടെ നിർത്താൻ ക്രിയാത്മകമായി എന്തെല്ലാം ചെയ്യാമെന്ന കാര്യവും സമ്മേളനം ചർച്ച ചെയ്തിട്ടുണ്ട്. അതിലേക്കുള്ള യാത്രയായിരിക്കും ഇനിയങ്ങോട്ടെന്നാണ് നേതൃത്വം നൽകുന്ന സൂചന. അംഗബലം വർധിപ്പിക്കുകയെന്നതല്ല മറിച്ച് ഫലമുണ്ടാക്കുന്ന തരത്തിൽ അംഗബലം വർധിപ്പിക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്. ഇനി ഏക ആശ്രയം ഇടതുപാർട്ടിയാണ് എന്ന തോന്നൽ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളിലുണ്ടാക്കാനാണ് നീക്കം. അമ്പതു ശതമാനത്തോളം ജനവിഭാഗത്തിൽ പാർട്ടി അനുഭാവ വികാരം സൃഷ്ടിക്കാൻ കഴിയാത്തതിന്റെ കോട്ടം തീർക്കാനായിരിക്കും ഇനി ശ്രമം.
ഇടതുപക്ഷ പാർട്ടികളുടെ ഐക്യം എന്ന ആശയം പതിവുപോലെ ചർച്ചക്കെത്തി. മുൻകാലങ്ങളേക്കാൾ ഗൗരവത്തോടെ ഇക്കാര്യവും കമ്മ്യൂണിസ്റ്റ് പാർട്ടികൾ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുമെന്ന പ്രതീക്ഷയോടെയാണ് തൃശൂർ സമ്മേളനം സമാപിച്ചത്. മുന്നണി വിപുലപ്പെടുത്തുമ്പോൾ പ്രഥമ പരിഗണന ഇടതുപക്ഷ പാർട്ടികളുടെ ഐക്യത്തിനാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.
സമ്മേളന വിമർശനമുൾക്കൊണ്ട് സി.പി.എം മന്ത്രിമാർ തെറ്റുകൾ തിരുത്തി കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കുമെന്ന് മനസിൽ പ്രതിജ്ഞയെടുത്താണ് പൂരനഗരി വിട്ടിറങ്ങിയത്. ജനങ്ങൾ അർപ്പിച്ച പ്രതീക്ഷ തല്ലിക്കെടുത്തില്ലെന്ന പ്രതീക്ഷ ബാക്കിയാണ്.
വിഭാഗീയത അവസാനിച്ചെന്ന് നേതാക്കൾ ആവർത്തിച്ചുപറയുന്നത് വിശ്വസിക്കാം. കാരണം പക്ഷങ്ങൾ കുറഞ്ഞിരിക്കുന്നു. കേന്ദ്ര നേതാക്കളുടെ നയങ്ങളെ ചൊല്ലിയുള്ള പക്ഷങ്ങൾ അവശേഷിക്കുന്നുണ്ട്. കേരളത്തിലെ സി.പി.എമ്മിൽ പല ശബ്ദങ്ങളില്ലെന്ന കോടിയേരിയുടെ വാക്കുകൾ സത്യമാണ്. ഏക ശബ്ദമാണ് ഇന്ന് പാർട്ടിക്ക് പൊതുവെയുള്ളത്. പ്രതിപക്ഷത്തേക്കാൾ പാർട്ടിയുടെ തെറ്റുകൾ തിരുത്താൻ പാർട്ടിക്കുള്ളിലെ വിമർശകർക്കേ കഴിയൂ എന്ന് വിശ്വസിക്കുന്നവർ ഏറെയുണ്ട്. മാണി വിഷയം സി.പി.എം ചർച്ച ചെയ്യരുതെന്ന് ആവശ്യപ്പെട്ട വി.എസ് തനിക്ക് ഇനിയും അങ്കങ്ങൾക്ക് ബാല്യമുണ്ടെന്ന് ഓർമ്മിപ്പിച്ചിട്ടുണ്ട്. അക്രമരാഷ്ട്രീയത്തിന്റെ പേരിൽ രണ്ട് തട്ടുകളായി പാർട്ടി നേതാക്കൾ വിഭജിക്കപ്പെടുന്ന കാഴ്ചയാണ് ഇത്തവണ കണ്ടത്.
മുഖ്യമന്ത്രി തന്നെ കൈകാര്യംചെയ്യുന്ന പോലീസ് വകുപ്പിനെതിരെയുള്ള പാർട്ടിയുടെ വിമർശനം ഗൗരവതരമാണ്. സൈബർ ലോകത്ത് കൂടുതൽ സജീവമാകാനും പാർട്ടിയെ കൂടുതൽ തിളക്കത്തോടെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും സൈബർ സാധ്യതകൾ പ്രയോജനപ്പെടുത്താനും ഇനി ശ്രമം തുടരും. ചാനലുകളും നവമാധ്യമങ്ങളും 24 മണിക്കൂറും കണ്ണുതുറന്നിരിക്കുന്നതിനാൽ മന്ത്രിമാരും ജനപ്രതിനിധികളും ജാഗരൂകരാകും. മന്ത്രിസഭ പുനഃസംഘടന ഉണ്ടാകില്ലെന്ന് പറയുന്നുണ്ടെങ്കിലും ഊരിവെച്ച മന്ത്രിക്കുപ്പായത്തിലേക്ക് കയറിപ്പറ്റാൻ ജയരാജൻ ശ്രമിക്കുന്നുണ്ട്. സാധാരണഗതിയിൽ പുനഃസംഘടന എന്നത് എൽ.ഡി.എഫ് ഭരിക്കുമ്പോൾ ഉണ്ടാകാറില്ലെങ്കിലും ഇത്തവണ അതിന് മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.
കൂടുതൽ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള കർമ്മപദ്ധതികൾ ആസൂത്രണം ചെയ്താണ് സി.പി.എം സംസ്ഥാന സമ്മേളനം തൃശൂരിൽ കൊടിയിറങ്ങിയത്. രേഖകളിൽ കൃത്യമായും ഭംഗിയായും എഴുതിവെച്ച കാര്യങ്ങൾ നടപ്പാക്കുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ട കാര്യം. മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഡി.വൈ.എഫ്.ഐ നടത്തുന്ന പൊതിച്ചോർ വിതരണം ഏവർക്കും മാതൃകയായിട്ടുണ്ട്. ഇത് പോലെ തൃശൂരിൽ വെച്ച് ആസൂത്രണം ചെയ്ത കാര്യങ്ങൾ വേണമെന്ന് വെച്ചാൽ മനസും ഇച്ഛാശക്തിയുമുണ്ടെങ്കിൽ സി.പി.എമ്മിന് നിഷ്പ്രയാസം നടത്താവുന്നതേയുള്ളു. ജനമനസുകളിലേക്ക് ഇടം നേടാൻ ഇനി പ്രസംഗം മാത്രം പോര പ്രവൃത്തിയും വേണമെന്ന തിരിച്ചറിവിന്റെ ചെറുവെളിച്ചം ഉള്ളിലേക്ക് ആവാഹിച്ചാണ് നേതാക്കളും പ്രവർത്തകരും മടങ്ങിയത്.
ഉൾപാർട്ടി ജനാധിപത്യം എന്നത് സി.പി.എമ്മിൽ നല്ല രീതിയിൽ നടപ്പാകുന്നുവെന്ന് ഷംസീറും കൂട്ടരും യെച്ചൂരിക്കെതിരെ ഉന്നയിച്ച വിമർശനങ്ങൾ കേൾക്കുമ്പോൾ ബോധ്യമായെങ്കിലും അതിനെതിരെയുളള യെച്ചൂരിയുടെ പേരെടുത്തുള്ള മറുപടി അസഹിഷ്ണുത വെളിപ്പെടുത്തുന്നതുമായി എന്ന് സാധാരണ പ്രവർത്തകർക്ക് തോന്നിയാൽ അതിൽ തെറ്റു പറയാനില്ല. സംസ്ഥാന സമ്മേളനം പണാധിപത്യത്തിന്റെ വേദികൂടിയായിരുന്നുവെങ്കിലും മൂന്ന് വർഷത്തിലൊരിക്കൽ നടത്തുന്ന സംസ്ഥാന സമ്മേളനം ഇങ്ങനെത്തന്നെ വേണ്ടേ എന്നാണ് പ്രത്യയശാസ്ത്രപരമായ സംശയം.






