Sorry, you need to enable JavaScript to visit this website.
Monday , July   04, 2022
Monday , July   04, 2022

വഴിയറിയാതെ, പ്രവാസി നിക്ഷേപം

പശു വളർത്തലായാലും കോഴി വളർത്തലായാലും പ്രവാസികൾക്കായി പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ അപേക്ഷകരില്ലാതെ ഉപയോഗ ശൂന്യമായി പോകുന്നുവെന്ന മുൻ അനുഭവങ്ങൾ ഇനിയെങ്കിലും ഉണ്ടാകരുത്. വിവിധ വകുപ്പുകളിൽ പ്രവാസികൾ നൽകിയിട്ടുള്ള അപേക്ഷകളിൽ തീർപ്പു കൽപിക്കുന്നതിന് എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച്  പ്രവാസി അദാലത്തുകൾ നടത്താനും സർക്കാർ തയാറാകണം.

സംസ്ഥാന മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രഖ്യാപനം പ്രവാസികളായ നിക്ഷേപകർക്ക് ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നതു പോലെ തോന്നാം. ഗൾഫിലെ ദീർഘകാലത്തെ ജോലി മതിയാക്കി നാട്ടിലെത്തിയവരോ പെട്ടെന്ന് ജോലി നഷ്ടപ്പെട്ട് ആശങ്കയിലായവരോ ആയ പ്രവാസികൾക്ക് മൃഗസംരക്ഷണ മേഖലയിൽ നിക്ഷേപമിറക്കാൻ പ്രോൽസാഹനം നൽകുന്നതാണ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ പ്രഖ്യാപനം.
മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പിന്റെ പദ്ധതികളിൽ പ്രവാസികൾക്ക് 50 ശതമാനം സബ്‌സിഡി നൽകുമെന്നതാണ് ഏറെ ആകർഷകമായ ആ വാഗ്ദാനം. പാലിക്കപ്പെടുമെന്ന വിശ്വാസത്തിൽ പ്രവാസികൾക്ക് ഈ മേഖലയിലേക്ക് കടന്നു വരാവുന്നതാണ്. 
പ്രവാസിയുടെ പണം ദിശയറിയാതെ അലയുന്ന സംസ്ഥാനമാണ് കേരളം. ബാങ്കുകളിൽ ഗൾഫ് പണം വർധിക്കുന്നുവെന്ന കണക്കുകൾ ഒരോ സാമ്പത്തിക പാദത്തിലും പുറത്തു വരുന്നു. അപ്പോഴും വലിയൊരു ശതമാനം പ്രവാസികൾ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാകാതെ വിഷമിക്കുന്ന അനുഭവങ്ങൾ സമൂഹത്തിൽ ഏറെയുണ്ട്. ഈ വൈരുധ്യമാണ് ഗൾഫ് പണം വേണ്ട വിധത്തിൽ ഉപയോഗിക്കപ്പെടുന്നില്ല എന്നതിന് മികച്ച തെളിവ്.
ഗൾഫിൽ ജോലി ചെയ്ത് നാട്ടിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ വരുമാനമുണ്ടാക്കുക, സമ്പാദിക്കുന്ന പണം പുനർനിക്ഷേപം നടത്തി ആസ്തി വർധിപ്പിക്കുക എന്നതാണ് ഒരു ശരാശരി പ്രവാസിയുടെ മനഃശാസ്ത്രം. 
കൂടുതൽ വരുമാനമുള്ളവർ ഇത് പ്രായോഗികമാക്കുമ്പോൾ കുറഞ്ഞ വരുമാനമുള്ളവർ അത് സ്വപ്‌നം കണ്ട് ജീവിക്കുന്നു. പശുവളർത്തൽ പ്രവാസിയുടെ നിക്ഷേപ പട്ടികയിൽ മുൻഗണനയിൽ വരുന്നതല്ല. സാമ്പത്തിക പ്രതിസന്ധികളെല്ലാം തീർന്ന ശേഷം നാട്ടിൽ സ്വന്തമായി സ്ഥലം, അതിലൊരു കെട്ടിടം, അതിൽ നിന്ന് മോശമില്ലാത്ത വാടക വരുമാനം എന്നിങ്ങനെ ലളിതവും പരമ്പരാഗതവുമായ നിക്ഷേപ പദ്ധതികളിൽ ചുറ്റിത്തിരിയുന്നതാണ് പ്രവാസിയുടെ ചിന്തകൾ. എന്നാൽ അടുത്ത കാലത്തായി സാമ്പത്തിക മേഖലയിലുണ്ടായ മാന്ദ്യം നാട്ടിലുള്ളവരെ പോലെ പ്രവാസിയുടെയും മുൻഗണനകളെ മാറ്റിമറിച്ചിരിക്കുന്നു. നാട്ടിൽ വാടകക്കെടുത്ത കെട്ടിടത്തിൽ മിനി സൂപ്പർ മാർക്കറ്റ്, അറേബ്യൻ ഭക്ഷണം ലഭ്യമാക്കുന്ന ഒരു ചെറിയ ഹോട്ടൽ തുടങ്ങി സെക്കന്റ് ഹാന്റ് ഗൂഡ്‌സ് ഓട്ടോ വാങ്ങി റോഡരികിൽ പച്ചക്കറി കച്ചവടം നടത്തുന്നത് വരെ പുതിയ കാലത്ത് പ്രവാസിയുടെ നിക്ഷേപ-തൊഴിൽ പദ്ധതികളാണ്. ഈ സാഹചര്യത്തിൽ പ്രവാസിക്ക് പശുവളർത്തലിലേക്ക് കൂടി വ്യാപകമായി രംഗപ്രവേശം ചെയ്യാവുന്നതാണ്.
പ്രവാസികൾക്ക് വേണ്ടിയുള്ള സർക്കാർ വാഗ്ദാനങ്ങൾ പുതിയതല്ല. ഏത് സർക്കാർ വന്നാലും പ്രവാസി കുടുംബങ്ങൾ ഏറെയുള്ള ജില്ലകളിൽ പ്രവാസികൾക്കായി പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്. മന്ത്രിമാർ മലബാറിൽ സന്ദർശനം നടത്തുമ്പോഴാണ് ഇത്തരം പദ്ധതികളെ കുറിച്ച് പരസ്യ പ്രഖ്യാപനം കൂടതൽ നടത്തുക. ആനുകൂല്യങ്ങളുടെ ഈ പ്രഖ്യാപനം കേട്ട് എത്ര പ്രവാസികൾ നിക്ഷേപവുമായി എത്തി എന്ന് ആരും പരിശോധിക്കാറില്ല. പ്രവാസികളുടെ എണ്ണവും വരുമാനത്തിന്റെ തോതും വെച്ച് ഇത്തരം പദ്ധതികളിലെല്ലാം പ്രവാസികൾ ഇടിച്ചു കയറേണ്ടതാണ്. എന്നാൽ പലപ്പോഴും ഒരു അപേക്ഷ പോലും ലഭിക്കാതെ ഇത്തരം സബ്ഡിസിഡികൾ കാലഹരണപ്പെട്ടു പോകുന്നതാണ് പതിവ്.
സർക്കാരുകൾ സഹായിക്കാൻ തയാറായിട്ടും പ്രവാസി നിക്ഷേപം പ്രത്യേക മേഖലകളിലേക്ക് എത്താത്തത് എന്തുകൊണ്ടാണെന്ന് ഏറെക്കുറെ ഇതിനകം ഏവർക്കും ബോധ്യപ്പെട്ടതാണ്. ഒന്നാമത്തെ കാരണം, സർക്കാർ ഓഫീസുകളിലെ ചുവപ്പുനാട തന്നെ. 
മന്ത്രി പരസ്യമായി പ്രഖ്യാപിച്ച പദ്ധതിയെ കുറിച്ച് കേട്ടറിഞ്ഞ് ഒരു പ്രവാസി സർക്കാർ ഓഫീസിലേക്ക് കാലെടുത്തു വെക്കുന്നതോടെ അയാളുടെ കഷ്ടകാലം ആരംഭിക്കുകയാണ്. ഇത്തരമൊരു പദ്ധതിയൊന്നും നിലവിലില്ലെന്നായിരിക്കും ഓഫീസിൽ നിന്ന് ആദ്യം ലഭിക്കുന്ന മറുപടി. അത് കേട്ടിട്ടും പിൻമാറാത്തവരോട് ഇത്തരം പദ്ധതികൾക്ക് രജിസ്‌ട്രേഷൻ നടത്തുന്നതിന് അക്ഷയ സെന്ററുകളെ സമീപിക്കാൻ ആവശ്യപ്പെടും. അക്ഷയ സെന്ററിൽ രജിസ്‌ട്രേഷൻ നടത്തുകയെന്ന സാങ്കേതിക ജോലി പൂർത്തിയാക്കിത്തരും. തുടർന്നുള്ള നടപടി ക്രമങ്ങളാണ് ഏറെ ദുഷ്‌കരം. സബ്‌സിഡിയോടു കൂടിയ സർക്കാർ പദ്ധതികൾ ആരംഭിക്കുന്നതിന് വിദഗ്്‌ധോപദേശം നൽകുന്ന സർക്കാർ അംഗീകാരമുള്ളവരോ അല്ലാത്തവരോ ആയ കൺസൾട്ടന്റുകളെ സമീപിക്കുന്നതാണ് എളുപ്പമുള്ള മാർഗമെന്ന് പതിയെ അയാൾക്ക് മനസ്സിലാകും. കൺസൾട്ടന്റിനെ കാണുന്നതോടെ പദ്ധതി തുടങ്ങുന്നതിന് ആവശ്യമായ രേഖകളുടെ ലിസ്റ്റ് തരും. അത് ലഭിക്കുന്നതോടെ ഏറെ പേരും പിൻമാറും. എന്നിട്ടും തോറ്റുകൊടുക്കാൻ തയാറല്ലാത്തവർ മാത്രമായിരിക്കും അടുത്ത ഘട്ടത്തിലേക്ക് കടക്കുക. 
കടമ്പകൾ പിന്നെയുമുണ്ട്. ഇതിനകം പണം കുറെ ചെലവായിക്കഴിയും. സമയവും പോകും. നാട്ടിലെത്തിയ പ്രവാസിക്ക് അവധി കഴിഞ്ഞ് തിരിച്ചുപോകാൻ സമയമാകും. അതുവരെയുള്ള ശ്രമങ്ങൾ പാതിവഴിയിൽ നിർത്തി, രേഖകൾ ഭദ്രമായി വീട്ടിൽവെച്ചോ മറ്റാരെയെങ്കിലും ഏൽപിച്ചോ ഗൾഫിലേക്ക് തിരിച്ചുപോകും. ഭൂരിഭാഗം പ്രവാസിയുടെയും വ്യവസായ നിക്ഷേപ ശ്രമങ്ങളുടെ കാലചക്രമാണിത്. അയാൾ തിരിച്ചുപോയ ശേഷവും പദ്ധതി തുടങ്ങുന്നതിന് സഹായിക്കാൻ നാട്ടിലുള്ള ആരെങ്കിലുമുണ്ടെങ്കിൽ ഒരുവിധത്തിൽ അത് തുടങ്ങാനായേക്കും. പരസ്പര വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ ആ പദ്ധതി മുന്നോട്ടു പോകും. പ്രവാസി ഗൾഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയാൽ പെട്ടെന്ന് തന്നെ സ്വന്തം സംരംഭത്തിന്റെ ഉടമയായി ജീവിക്കാം. ഇങ്ങനെയെല്ലാം സംഭവിക്കുന്നത് വിരളമായി മാത്രം.
സർക്കാർ പദ്ധതികളെ കുറിച്ച് പ്രവാസികളിൽ അവബോധം കുറവാണ് എന്നത് ഇത്തരമൊരു പ്രതിസന്ധിക്ക് പ്രധാന കാരണമാണ്. നാട്ടിലെ ഔദ്യോഗിക രീതികളെ കുറിച്ച് അറിവും അനുഭവവും ഇല്ലാത്തത് വില്ലനാകുന്നു. ഈ പ്രശ്്‌നം പരിഹരിക്കേണ്ടത് സർക്കാർ തന്നെയാണ്. പ്രവാസി നിക്ഷേമമാണ് സർക്കാരിന്റെ മുൻഗണനയെങ്കിൽ പ്രവാസിയുടെ പണമാണ് കേരളത്തിന്റെ നട്ടെല്ല് എന്ന് പ്രസംഗിക്കുന്നതിൽ ആത്മാർഥതയുണ്ടെങ്കിൽ പ്രവാസികൾക്കായി പ്രഖ്യാപിക്കുന്ന പദ്ധതികൾക്കായി സർക്കാർ ഓഫീസുകളിൽ ഏകജാലക സംവിധാനം ആവശ്യമാണ്. പുതിയ പദ്ധതി ആരംഭിക്കുന്നതിനും സർക്കാർ സബ്ഡിസികൾ ലഭിക്കുന്നതിനും ആവശ്യമായ രേഖകൾ എന്തെല്ലാമാണെന്ന് പറഞ്ഞു കൊടുക്കുന്നതിനും അവ ഹാരജാക്കിയാൽ വ്യവസായം തുടങ്ങുന്നതിനുള്ള ലൈസൻസുകൾ നൽകുന്നതിനും ഒരു ഓഫീസിൽ മാത്രം പോകേണ്ടി വരുന്ന സംവിധാനമാണ് ആവശ്യം.

Latest News