Sorry, you need to enable JavaScript to visit this website.
Monday , July   04, 2022
Monday , July   04, 2022

രാഷ്ട്രപതി തെരഞ്ഞെടുപ്പും  ബി.ജെ.പിയും 

സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായി അടുത്ത രാഷ്ട്രപതി സ്ഥാനത്തേക്ക് പവാറിനെ കാണാൻ പല പാർട്ടികളും തയാറായേക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, യു.പിയിൽ സർവേകളെല്ലാം കാറ്റിൽ പറത്തി അഖിലേഷ് യാദവിന്റെ എസ്.പി തരംഗമായാൽ കളി കാര്യമാവും. യുപി എംഎൽഎമാരുടെ മൂല്യത്തിൽ അഖിലേഷ് വിചാരിക്കുന്നവരെ രാഷ്ട്രപതിയാക്കാം. മറ്റു പ്രതിപക്ഷ കക്ഷികൾ ഇതിനെ നൂറു ശതമാനം പിന്തുണയ്ക്കാനാണ് സാധ്യത.

ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി രാംനാഥ് കോവിന്ദ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം അത്രയൊന്നും സുപരിചിതനായിരുന്നില്ല. ഇനിയങ്ങോട്ട്് രാഷ്ട്രപതിയും സ്പീക്കറുമൊക്കെ ആരാവണമെന്ന് മൃഗീയ ഭൂരിപക്ഷമുള്ള ബിജെപി തീരുമാനിക്കുമെന്ന് വരെ വിശകലനങ്ങൾ വായിച്ചതോർക്കുന്നു. ഏഴ് ലക്ഷത്തിലധികം വോട്ടുകൾ നേടിയാണ് പ്രതിപക്ഷ സംയുക്ത സ്ഥാനാർത്ഥി മീരാകുമാറിനെ രാംനാഥ് കോവിന്ദ്  പരാജയപ്പെടുത്തിയത്. 
ഇലക്ടറൽ കോളേജിലെ ആകെ വോട്ട് മൂല്യത്തിന്റെ 65.65% വും രാംനാഥ് കോവിന്ദ് നേടി. 34.35 ശതമാനം വോട്ടാണ് മീരാ കുമാറിന് നേടാനായത്. 7,02,644 വോട്ട് മൂല്യമാണ് രാംനാഥ് കോവിന്ദിന് ലഭിച്ചത്. മീരാ കുമാറിന്റേത് 3,67,314 ആണ്. മുമ്പ്  ബിജെപിയുടെ രാജ്യസഭാംഗമായിരുന്ന രാംനാഥ് കോവിന്ദ് ബിഹാർ ഗവർണർ സ്ഥാനം രാജിവെച്ചാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചത്. എൻഡിഎയ്ക്ക് പുറമെ ബിജെഡി, ജെഡിയു, ടിആർഎസ്, എഐഎഡിഎംകെ, വൈഎസ്ആർ കോൺഗ്രസ് എന്നിവരുടെ കൂടി പിന്തുണ ലഭിച്ച രാംനാഥ് കോവിന്ദ് നേരത്തേ തന്നെ വിജയം ഉറപ്പിച്ചിരുന്നു.
ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) രാഷ്ട്രപതി സ്ഥാനാർത്ഥിയായി ബിഹാർ ഗവർണർ രാംനാഥ് കോവിന്ദിനെ നാമനിർദേശം ചെയ്തത്  മുതൽ വിജയം ഉറപ്പിച്ചിരുന്നു. ദളിത് നേതാവായ കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തത് ഹിന്ദി ഹൃദയഭൂമിയിലെ ദളിത് വോട്ടുകളിൽ കണ്ണും വെച്ചായിരുന്നു. കോവിന്ദ് യുപിയിലെ കാൺപൂരിൽനിന്നുള്ള ദളിത് നേതാവാണ്. 1998 മുതൽ 2002 വരെ അദ്ദേഹം ബിജെപി ദളിത് മോർച്ചയുടെ പ്രസിഡന്റ് ആയിരുന്നു. അഖിലേന്ത്യാ കോലി സമാജ് പ്രസിഡന്റും ഐഐഎം കൊൽക്കത്തയിലെ എസ്‌സി-എസ്ടി  പ്രതിനിധിയും കൂടി ആയിരുന്നു കോവിന്ദ്. സുപ്രീം കോടതിയിലെ അഭിഭാഷകനായ കോവിന്ദ് 1994-2000, 2000-2006 കാലയളവുകളിൽ ഉത്തർപ്രദേശിൽനിന്ന് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2002 ൽ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ച് യുഎൻ ജനറൽ അസംബ്ലിയിൽ സംസാരിച്ചിട്ടുണ്ട്. 
കാൺപൂർ കോളേജിൽനിന്ന് നിയമ ബിരുദം നേടിയ കോവിന്ദ് ഐ.എ.എസ് പരീക്ഷയ്ക്ക് തയാറെടുക്കാനായി ദൽഹിക്ക് പോയി. രണ്ടു തവണ ഐഎഎസ് പരീക്ഷയിൽ പരാജയപ്പെട്ടങ്കിലും മൂന്നാം തവണ വിജയിച്ചു. എന്നാൽ തുടർന്ന് ഐഎഎസ് വേണ്ടെന്നുവെച്ച് അഭിഭാഷകവൃത്തി തൊഴിലായി സ്വീകരിക്കുകയായിരുന്നു. 1977 ൽ ബി.ജെ.പിയിൽ ചേർന്ന കോവിന്ദ് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന മൊറാർജി ദേശായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ മായാവതിക്കെതിരായ ബി.ജെ.പിയുടെ ദളിത് മുഖമായാണ് കോവിന്ദ് കണക്കാക്കപ്പെടുന്നത്. 
രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങളേയുള്ളൂ. രാഷ്ട്രീയ ഉപശാലകളിൽ രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതി ആരായിരിക്കുമെന്ന ചർച്ചകൾ തുടങ്ങി. 2022 ജൂലൈയിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അഞ്ചു വർഷ കാലാവധി അവസാനിക്കുന്നത്. പുതിയ രാഷ്ട്രപതിയും അദ്ദേഹത്തിന്റെ ആദ്യ രണ്ടു വർഷ കാലാവധിയും 2024 പൊതുതെരഞ്ഞെടുപ്പിലും നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷത്തുനിന്നുള്ള ആളാണ് രാഷ്ട്രപതി ഭവനിലെങ്കിൽ 370 ാം വകുപ്പ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നീക്കങ്ങൾ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്.
പ്രണബ് മുഖർജി രാഷ്ട്രപതിയായിരുന്നപ്പോൾ ധനമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്‌ലിയെ പലതവണ രാഷ്ട്രപതി ഭവനിലേക്ക് വിളിച്ചു വരുത്തിയിരുന്നു.  ഇത്തരമൊരു സാഹചര്യം എന്തായാലും ബി.ജെ.പി ആഗ്രഹിക്കുകയില്ല. നിലവിൽ എൻ.ഡി.എയുടെ എംപിമാരുടെയും എംഎൽഎമാരുടെയും വോട്ടിന്റെ മൂല്യം 5,42,957 ആണ്. ആകെയുള്ള ഇലക്ടറൽ കോളേജിന്റെ 49.9 ശതമാനം വരുമിത്. യുപിഎയുടെ വോട്ട് മൂല്യം ആകട്ടെ 2,74,665 വോട്ടുകളാണ്. അതായത് 25.3 ശതമാനം. ഡി.എം.കെ, ആർ.ജെ.ഡി ഉൾപ്പെടെയാണിത്. 
മൂന്നാമത്തെ ഗ്രൂപ്പിന്റെ വോട്ട് മൂല്യം 2,70,092 ആണ്. 24.8 ശതമാനമാണിത്. സമാജ്‌വാദി പാർട്ടിയും ടിഎംസിയും ടിആർഎസും വൈഎസ്ആർ കോൺഗ്രസും ഇടതുപക്ഷവും ആം ആദ്മി പാർട്ടിയും ശിവസേനയും ഉൾപ്പെടെയുള്ള ഈ മൂന്നാമത്തെ ഗ്രൂപ്പാണ് തെരഞ്ഞെടുപ്പിൽ നിർണായകമാകുക. ഇതിൽതന്നെ ചില സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ അനുകൂലിക്കുന്ന പാർട്ടികളും മറ്റിടങ്ങളിൽ എതിർക്കുന്ന പാർട്ടികളും ഉണ്ട്.  ബിജെപി വിരുദ്ധത എന്ന ആശയത്തിൽ ഇവർ ഒന്നിച്ചു നിൽക്കാനാണ് സാധ്യത. ഇപ്പോഴത്തെ കണക്കനുസരിച്ച് ബിജെപിക്കെതിരെ ആകെ ഇലക്ടറൽ കോളേജ് വോട്ടിന്റെ 50 ശതമാനത്തിനടുത്ത് ഉണ്ടെന്നാണ് കണക്കുകൂട്ടൽ. ബിജെപിക്ക് ഒപ്പം ആരൊക്കെ ചേരുന്നു എന്നതാവും ഇത്തവണത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വിധി നിർണയിക്കുക.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ് ഒഴികെയുള്ള നാല് സംസ്ഥാനങ്ങളും  ഭരിക്കുന്നത് എൻഡിഎയാണ്. ഈ സാഹചര്യത്തിൽ ഉത്തർപ്രദേശിലൂടെയാവും 2022 ൽ രാഷ്ട്രപതി ഭവനിലേക്കും 2024 ൽ ദൽഹിയിലെ അധികാര കേന്ദ്രത്തിലേക്കുമുളള സാധ്യത ബിജെപി തേടുക. 2017 ൽ കാഴ്ചവെച്ച ഏറ്റവും മികച്ച പ്രകടനം ആവർത്തിക്കുകയെന്നതാണ് ബിജെപി യുപിയിൽ ഇക്കുറി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 403 സീറ്റുള്ള യു.പിയിലെ ഓരോ എം.എൽ.എയുടെയും രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് മൂല്യം 208 ആണ്. യുപി നിയമസഭയുടെ ആകെ വോട്ട് മൂല്യം 83,824 ആണ്. അതായത് ഇലക്ടറൽ കോളേജിലെ ആകെ എംഎൽഎമാരുടെ 15.25 ശതമാനം വരുമിത്.
2022 ൽ നഷ്ടമാകുന്ന ഓരോ നിയമസഭാ സീറ്റും ബിജെപിക്ക് വലിയ തിരിച്ചടിയാകും. ഇക്കുറി 100 സീറ്റ് നഷ്ടമായാലും ബിജെപിക്ക് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനാവും. എന്നാൽ രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് മൂല്യത്തിൽ 1.8 ശതമാനത്തിന്റെ കുറവാണ് അതുമൂലം ഉണ്ടാകുക. യുപിയിലെ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയുണ്ടായാൽ മറ്റു കക്ഷികളിൽനിന്നുള്ള പിന്തുണ നേടിയെടുക്കാനും ബി.ജെ.പിക്ക് ഏറെ വിയർപ്പൊഴുക്കേണ്ടി വരും. 
ദേശീയ രാഷ്ട്രീയത്തിൽ അടുത്തിടെ സജീവമായ ശരതദ് പവാർ എൻ.സി.പി എന്ന പാർട്ടി രൂപീകരിച്ചത് കോൺഗ്രസുകാരിൽ ദേശീയ ബോധം സൃഷ്ടിക്കാൻ മാത്രമായിരുന്നില്ല. ഇറ്റലിക്കാരി പ്രധാനമന്ത്രിയാവാനുള്ള സാധ്യത ഇല്ലാതാക്കുകയും വേണം. എൻസിപി എന്ന പാർട്ടി വല്ലാതെ പടർന്നു പന്തലിച്ചില്ലെങ്കിലും കെജ#്‌രിവാളിന്റെ ആം ആദ്മി പാർട്ടി പോലെ ബിജെപിക്ക് ദേശീയ രാഷ്ട്രീയത്തിൽ ശക്തമായി വേരൂന്നാൻ നല്ല സംഭാവനയർപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോഡിയോട് ഇണങ്ങിയും പിണങ്ങിയും കഴിയുന്ന പവാർജിയും പ്രധാനമന്ത്രി ആഗ്രഹിച്ചിരുന്ന നേതാവാണ്. അതൊന്നും നടന്നതില്ല, വിദൂര ഭാവിയിൽ പോലും സാധ്യതയില്ല. ഗോവയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഒരുമിച്ച് മത്സരിക്കട്ടെയെന്ന ആഗ്രഹവുമായയി രംഗത്തിറങ്ങിയതും വെറുതെയാവില്ല. 
സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായി അടുത്ത രാഷ്ട്രപതി സ്ഥാനത്തേക്ക് പവാറിനെ കാണാൻ പല പാർട്ടികളും തയാറായേക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, യു.പിയിൽ സർവേകളെല്ലാം കാറ്റിൽ പറത്തി അഖിലേഷ് യാദവിന്റെ എസ്പി തരംഗമായാൽ കളി കാര്യമാവും. യുപി എംഎൽഎമാരുടെ മൂല്യത്തിൽ അഖിലേഷ് വിചാരിക്കുന്നവരെ രാഷ്ട്രപതിയാക്കാം. മറ്റു പ്രതിപക്ഷ കക്ഷികൾ ഇതിനെ നൂറു ശതമാനം പിന്തുണയ്ക്കാനാണ് സാധ്യത. ബോളിവുഡ് താരം അമിതാഭ് ബച്ചനാണെങ്കിൽ എസ്.പിയുടെ വളരെ അടുത്ത ആളും. ബച്ചനെ പോലൊരു സെലിബ്രിറ്റി രംഗത്തുണ്ടാവുമ്പോൾ ബിജെപി പോലും പിന്തുണക്കാനാണ് സാധ്യത.