ചില വെള്ളിരേഖകൾ കാണുന്നുണ്ട് എന്ന് പറഞ്ഞാൽ, പ്രതീക്ഷയുടേതാകാം, തലയിലാണെങ്കിൽ വാർധക്യത്തിന്റേതുമാകാം. മുന്നണികാര്യത്തിൽ കേരളത്തിലെ എല്ലാ മുന്നണി ശിരസ്സുകളിലുമാണ് മേൽപറഞ്ഞ രേഖകൾ എന്നു ഖേദപൂർവം പറയട്ടെ. യു.ഡി.എഫിൽ തലനരയ്ക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. വീരനും, വില്ലാളി വീരനായ പാലാ നേതാവും വിട്ടുപോയതോടെ നര കൂടുതൽ തെളിഞ്ഞു. പാലാ നേതാവിന് പ്രവേശനം കിട്ടാൻ കടമ്പകൾ ഏറെയുണ്ട്. കാനം രാജേന്ദ്രൻ ആന്റ് പാർട്ടിയുടെ റോഡ് ഉപരോധം നിമിത്തം വല്ലാതെ വലയുന്ന കാലം. മാണി അകത്തു കയറിയാൽ അടുത്ത വാതിലിലൂടെ കാനം പുറത്ത് എന്നതാണ് ഇടതുമുന്നണിയുടെ ദശാകാലം. അപ്പോൾ പിന്നെ വെള്ളിരേഖ പ്രതീക്ഷയുടേതല്ല എന്നു വ്യക്തം. വാർധക്യത്തിന്റേതാണെന്നു വ്യംഗ്യം. അതാണ് മുന്നണി വിപുലീകരണം എന്ന മുച്ചാൺവടിയുടെ ഏറ് പ്രത്യേകം തൃശൂർ സമ്മേളന റിപ്പോർട്ടിൽ മാർക്‌സിസ്റ്റ് പാർട്ടി വരച്ചു ചേർത്തതിനു കാരണം.
ആരും കെട്ടാനില്ലാതെ വരുമ്പോൾ മുറച്ചെറുക്കനെക്കൊണ്ടു കെട്ടിച്ച് ഭാരമൊഴിച്ചു വിടുന്നതിന്റെ പ്രയാസം പെൺമക്കളുള്ള പഴയ മാതാപിതാക്കൾ അനുഭവിച്ചിട്ടുണ്ട്. ഇന്ന് അതുവേണ്ട, മുതുക്കികളാകും മുമ്പേ, പെമ്പിള്ളേർ ഇറങ്ങിപ്പൊയ്‌ക്കൊള്ളും. പക്ഷേ, മണ്ഡലവും സ്ഥാനാർഥിയും എന്ന പൊതുപ്രശ്‌നത്തിൽ ഇറങ്ങിപ്പോക്കോ കടന്നുകയറ്റമോ നടപ്പില്ല. അഥവാ നടക്കണമെങ്കിൽ, പാർട്ടി കോൺഗ്രസും സ്ഥാനാർഥി ശശി തരൂരും മണ്ഡലം തിരുവനന്തപുരവും ആയിരിക്കണം. ഇവിടെ മണ്ഡലം ചെങ്ങന്നൂരായിപ്പോയി. ചുട്ടകോഴിയെ പറപ്പിക്കുന്ന മാന്ത്രിക വിദ്വാന്മാർ മുന്നണികളിലുണ്ട്. അതുകൊണ്ട് ബി.ജെ.പി തൽക്കാലം സീറ്റ് തറവാട്ടിൽ തന്നെയുള്ള മുറച്ചെറുക്കനായ പി.എസ്. ശ്രീധരൻപിള്ളയെ ഏൽപിച്ചു. കുഴപ്പമൊന്നുമില്ലാത്ത കക്ഷി. കവിതയെഴുതുമെന്ന ഒരു ദോഷമേയുള്ളൂ. പി.എസ്. വെൺമണിയെന്നു കേട്ടാൽ വെൺമണി അപ്പൻ- മഹൻ നമ്പൂതിരിമാരുടെ അസുഖമുള്ള കവിതയാണെന്നു കരുതണ്ട. മാന്യൻ, മുറച്ചെറുക്കൻ, സർവോപരി ഒരു വക്കീൽ. കറുത്തകോട്ട് വല്ലപ്പോഴുമേ ഉപയോഗിക്കേണ്ടി വരാറുള്ളൂ. അതിനാൽ മണ്ഡലത്തെ പരിപാലിക്കാൻ ധാരാളം സമയം. അതുകൊണ്ട് സ്ഥാനാർഥി പി.എസ്. വെൺമണി എന്ന വക്കീൽ ശ്രീധരൻപിള്ള. എന്നാൽ, വലിയൊരു തലവേദന കഴിഞ്ഞുവെന്നു കരുതി കുമ്മനത്തുചെന്നു നടുനിവർക്കാമെന്നു കരുതിയപ്പോഴാണ് വെള്ളാപ്പളളിയുടെ പ്രതിഷേധം. ശ്രീധരൻപിള്ളയെ നിർത്തിയതു ശരിയായില്ല, സ്വീകാര്യനല്ല! ശ്ശെടാ! ഇങ്ങോരുടെ 'സ്വീകാര്യത' ആർക്കുവേണം. ബി.ഡി.ജെ.എസ് എന്നൊരു ബീഡിക്കുറ്റി പോലുള്ള മുന്നണിയുണ്ടെന്ന് പലരും കേട്ടിട്ടുണ്ട്. നേരിട്ടു കണ്ടവരുണ്ടോ എന്ന കാര്യം തന്നെ സംശയം. അതിന്റെ ഒരു ഭാഗവുമല്ലാത്ത വെള്ളാപ്പള്ളി സ്വന്തം മകൻ തുഷാറിന്റെ പേരിലാണ് അഭിപ്രായം പറഞ്ഞതെങ്കിൽ, ഒരു കാര്യം ഓർക്കുന്നത് നന്ന്- തുഷാർ മൈനറല്ല, അതുകൊണ്ട് രക്ഷാകർത്താവിന്റെ ആവശ്യവുമില്ല. നിയമപരമായി പിതാവും പുത്രനും 'സെപ്പറേറ്റ് എന്ററിറ്റി' അഥവാ പ്രത്യേക നിലനിൽപ്പുള്ളവർ എന്നാണെന്ന് വക്കീൽ സ്ഥാനാർഥി തന്നെ മനസ്സിലാക്കിത്തരും. ചുരുക്കത്തിൽ വെള്ളിരേഖ ഇടിവെട്ടിനുമുമ്പുള്ള മിന്നൽ വരച്ചതുപോലെ ബി.ഡി.ജെ.എസിന്റെ തലയിലും തെളിഞ്ഞു കാണുന്നു.
യു.ഡി.എഫ് എന്നാൽ ഐക്യജനാധിപത്യ മുന്നണി. ഐക്യമില്ലാ മുന്നണി എന്നു പറയാം. ഒരു തെറ്റുമില്ല. ശുഹൈബ് വധക്കേസുണ്ടായതിനാൽ തൽക്കാലം ഒന്നിച്ചു കണ്ണൂരിൽ യോഗം ചേർന്നുവെന്നേയുള്ളൂ. അതിൽ കോൺഗ്രസും ലീഗുമല്ലാതെ വേറെ കക്ഷികൾ വല്ലതുമുണ്ടോ എന്ന് മഷിയിട്ടു നോക്കണം. ഏറ്റവും കൂടുതൽ വെള്ളിരേഖകൾ കാണുന്നത് യു.ഡി.എഫിന്റെ തലയിലാണെന്ന് ഇപ്പോൾ ഏതു കണ്ണുപൊട്ടനും തിരിച്ചറിയാം. ഇനി ഇവരുടെയൊക്കെ കൈരേഖ പരിശോധിക്കാൻ ചില കില്ലാടിമാർ ഇറങ്ങുന്ന കാലമാണ്. അവർ അഭിപ്രായ സർവേ എന്നു മംഗ്ലീഷ് ഭാഷയിലും എക്‌സിറ്റ്‌പോൾ എന്ന് ആംഗലത്തിലും അറിയപ്പെടുന്നു. ഒടുവിൽ പറഞ്ഞപേരിന് അഡ്വക്കേറ്റ് സെബാസ്റ്റ്യൻ പോളിനോടോ, തിരക്കഥാകൃത്ത് ജോൺപോളിനോടോ ബന്ധമൊന്നുമില്ല. ചില മണ്ടന്മാർ അവരെയും സമീപിച്ചു വല്ലതും ചോദിക്കാൻ മടിക്കില്ല.
കമ്യൂണിസ്റ്റ് ഐക്യം വേണമെന്നു പറഞ്ഞു നടന്ന സി.പി.ഐ ഇപ്പോൾ മിണ്ടുന്നില്ല. മണിക്കൂറ് കണക്കിനാണ് ഇടതർ 'വലതു കമ്യൂണിസ്റ്റ്' കാർക്കിട്ടു പാര പണിയുന്നത്. പൂച്ച കയ്യിൽ കിട്ടിയ എലിയെ തട്ടിക്കളിച്ചു രസിക്കുന്നത് പോലെയാണെന്നു പലപ്പോഴും നിരീക്ഷകർക്കും നിരക്ഷരകുക്ഷികൾക്കും വരെ തോന്നിപ്പോകും.
മാളയിലെ വെള്ളാങ്ങല്ലൂരിൽ 100 സി.പി.ഐക്കാർ ബ്രാഞ്ച് സെക്രട്ടറിയടക്കം മാർക്‌സിസ്റ്റുകാരുടെ കൂടെ ചേർന്നുവത്രേ!. ഈ പ്രക്രിയ തന്നെ വാർഡ് അടിസ്ഥാനത്തിൽ തുടർന്നിരുന്നുവെങ്കിൽ ഐക്യത്തിനായി കരഞ്ഞു നടക്കേണ്ട കാര്യം വരില്ലായിരുന്നു. ഒന്നു ശ്രദ്ധിക്കുന്നതുനന്ന്. വെള്ളിരേഖകൾ കാനത്തിന്റെ തലമുടിയെ പഞ്ഞിക്കെട്ടുപോലെയാക്കിയെങ്കിൽ, പാർട്ടി ഐക്യത്തെ ഐസ് കട്ട പോലെ മരവിപ്പിച്ചിരിക്കുന്ന ദൃശ്യമാണ് കാണാൻ കഴിയുന്നത്.
**** **** ****
പല്ലുപോയ സിംഹമാണ് വി.എസ്. അച്യുതാനന്ദൻ സഖാവെന്ന് രക്തസാക്ഷിയായ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ പറഞ്ഞതിൽ കാര്യമുണ്ട്. അദ്ദേഹം തൃശൂരിൽ സമ്മേളന കവാടത്തിനകത്തു കടന്നതിൽ പിന്നെ വേണ്ടാതീനമൊന്നും ഉരിയാടിയിട്ടില്ല. ശുഹൈബ് വധ കേസിൽ വി.എസ് പറഞ്ഞതുതന്നെ യെച്ചൂരിയും പറഞ്ഞു. കൊന്ന ശേഷം എന്തു തത്വസംഹിത വേണമെങ്കിലും പറയാം. അതാണ് പാർട്ടിയുടെ നാട്ടുനടപ്പ്. എന്നു കരുതി, പാർട്ടിക്ക് അതിന്റെ സഖാക്കളുടെ പ്രവർത്തനം മരവിപ്പിക്കാൻ കഴിയില്ല. അഥവാ, നേതൃത്വം വിചാരിച്ചാൽ തന്നെ അതൊന്നും നടപ്പില്ല. ദിനംപ്രതി ഓരോ കർമങ്ങൾ അനുഷ്ഠിക്കുന്ന കൂട്ടത്തിൽപ്പെട്ടതാണ് കൈകാൽവെട്ട്, തലവെട്ട് എന്ന പരിപാടികൾ. എന്നാൽ ഇതൊന്നും കൊല്ലണമെന്നു കരുതി ചെയ്യുന്നതല്ല. ദിനകൃത്യങ്ങളുടെ ഭാഗം മാത്രം. പോലീസ് മറ്റുവല്ലതും പറയും. അതൊന്നും നാട്ടുകാർ വിശ്വസിക്കില്ല, ചുരുങ്ങിയ പക്ഷം കണ്ണൂർക്കാരെങ്കിലും ആലപ്പുഴ നേതാക്കൾ പല്ലുപോയ സിംഹങ്ങളാണെങ്കിലും. മലബാറിലെ നേതാക്കൾക്ക് പല്ലു കൊഴിയാറില്ല. അക്കാര്യം എല്ലാവർക്കും അറിയാത്തതിനാലാണ്, ഒറ്റപ്പാലം സ്വദേശി മുരുകൻ തിരുവനന്തപുരത്തെത്തി മൃഗശാലയിലെ സിംഹകൂട്ടിൽ എടുത്തു ചാടിയത്. ശരിക്കു പല്ലുമുളയ്ക്കാത്ത ഗ്രേസി എന്ന സിംഹ കൊച്ചനുജത്തി പുല്ലുതിന്നു പഠിക്കുന്ന പ്രായമായതിനാൽ അനിഷ്ട സംഭവമൊന്നുമുണ്ടായില്ല. പക്ഷേ, ലഹരിയിലായിരുന്ന യുവാവ് ഇഴഞ്ഞുകയറിയത് വി.എസ് വീടാണെന്നു കരുതിയായിരുന്നു എന്നൊരു വ്യാഖ്യാനം രഹസ്യമായി പ്രചരിക്കുന്നുണ്ട്. കെ.കെ. രമയുടെ ആർ.എം.പി പാർട്ടിക്കാർ തിരുവനന്തപുരത്തും മുളച്ചുതുടങ്ങി എന്ന് ഈ ഗോസിപ്പ് സാക്ഷ്യപ്പെടുത്തുന്നു.
**** **** ****
ചില ഉദാഹരണങ്ങളും മഹദ് വചനങ്ങളും നമ്മളെ കുഴക്കും! സീതാറാം യെച്ചൂരി മോഡിയെ വിമർശിക്കുന്നത് വാർത്തയല്ല, പക്ഷേ വേണ്ടതുതന്നെ. പക്ഷേ, 'മൗനേന്ദ്രമോഡി'യെന്ന വിളി അൽപം കടന്നുപോയി. ഉണ്ടക്കണ്ണുള്ളവളെ നീലോൽപലമിഴിയെന്നു വർണ്ണിക്കാനാകുമോ? മീനാക്ഷിയെന്നു പേരിടാനാകുമോ? 'മൗനേന്ദ്ര'നല്ല മോഡിയെന്നു എല്ലാവർക്കുമറിയാം. 'അരിയെത്ര' എന്നു ചോദിച്ചാൽ 'പയറഞ്ഞാഴി'യെന്നു പറയാതെ നാവ് വായിലിടാത്തയാളാണ് മോഡിജി. വിദേശത്തുചെന്നാൽ മാന്ത്രികനായ മാൻഡ്രേക്കിനെപ്പോലെ കയ്യും കാലുമിളക്കി വാചകക്കസർത്തു കാട്ടി പുതിയൊരു കരാർ കൂടി ഒപ്പിടാതെ മടങ്ങാത്ത മിടുക്കനായ മോഡിജി 'മൗനി ബാബ'യല്ല. യെച്ചൂരിയോട് ഇവിടെ ഭാഗികമായി എതിർപ്പു പ്രകടിപ്പിക്കുന്നത് 'താൻ ഭാഗികമായി ഗർഭിണിയാണെന്ന് ഒരു സ്ത്രീ ഡോക്ടറോട് പറയുന്നതുപോലെ'യാണെന്ന പ്രയോഗം. അതു പിന്നിലിരുന്ന തോമസ് ഐസക്കിനിട്ടു കൊടുത്ത ഏറാണോ എന്നു സംശയം. അതോ, മുഖ്യമന്ത്രിയുടെ തന്നെ ഉപദേശിയായ ഗീതാ ഗോപിനാഥിനെ ഉന്നംവച്ചുള്ളതോ ആകാം. നവ ഉദാരീകരണത്തിന്റെ അസുഖം വേറെയാർക്കുമുള്ളതായി വാർത്തയില്ല.
കോൺഗ്രസുമായി ധാരണ വേണമെന്ന തന്റെ സിദ്ധാന്തത്തെ പാരവെച്ച കേരള ഘടകത്തിനു പണികൊടുക്കാൻ 'യെച്ചൂരി കണ്ടെത്തിയ ഉദാഹരണം കൊള്ളാം. പക്ഷേ 'കോൺഗ്രസ് ധാരണാ വാദ'വും 'ഭാഗികമായി ഗർഭിണി'യെന്ന പ്രയോഗവും തമ്മിലുള്ള മധുരോദാരമായ പൊരുത്തം അദ്ദേഹം ഓർത്തില്ലെന്നു വേണം കരുതാൻ! ഒന്നുകിൽ ഒപ്പം, അല്ലെങ്കിൽ എതിരേ എന്നാണദ്ദേഹം ഉദാരവൽകരണക്കാർക്കെതിരെ ~ഒളിയമ്പെയ്തത്. അമ്പ് ഭാഗികമായ ഗർഭത്തിന്മേൽ ഏൽക്കാതെ ഒഴിഞ്ഞുമാറി നടക്കണം.






