Sorry, you need to enable JavaScript to visit this website.

പീഡന കേസുകളില്‍ തിടുക്കത്തില്‍ വിധി പറയുന്നത് ആശങ്കപ്പെടുത്തുന്ന പ്രവണതയെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- ബലാത്സംഗവും കൊലപാതകവും ഉള്‍പ്പെട്ട കേസുകളില്‍ വിചാരണ കോടതികള്‍ തിടുക്കപ്പെട്ട് വിധി പറയുന്നത് ആശങ്കപ്പെടുത്തുന്ന പ്രവണതയാണെന്ന് സുപ്രീം കോടതി. ഹര്‍ജിക്കാരന് സ്വയം വാദിക്കാന്‍ ന്യായമായ അവസരം നല്‍കാത്തത് നീതിയെ പരിഹസിക്കലാണെന്നും ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ബി ആര്‍ ഗവായ്, ബി വി നാഗരത്‌ന എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. 11കാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിക്ക് വിചാരണ കോടതി വിധിച്ച വധ ശിക്ഷ 30 വര്‍ഷം തടവാക്കി വെട്ടിക്കുറച്ച വിധിയിലാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം. 

ബലാത്സംഗവും കൊലപാതകവും ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകള്‍ തിടുക്കത്തില്‍ തീര്‍പ്പാക്കുന്ന വിചാരണ കോടതികളുടെ അസ്വസ്ഥജനകമായ പ്രവണതയെ സൂചിപ്പിക്കുന്ന ഒരു ക്ലാസിക് കേസാണിത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കുന്ന ന്യായമായ വിചാരണയ്ക്ക് കുറ്റാരോപിതന് അര്‍ഹതയുണ്ടെന്നത് ന്യായമായ നിയമമാണ്- ബെഞ്ച് വ്യക്തമാക്കി. ഈ കേസില്‍ വിചാരണ കോടതി കുറ്റവും ശിക്ഷയും വിധിച്ചത് ഒരേ ദിവസമാണ്. കുറ്റം ചാര്‍ത്തുന്നതിനെതിരെ കോടതിയില്‍ വാദിക്കാനുള്ള അവസരം പ്രതിക്ക് നല്‍കണമെന്നാണ് ക്രിമിനില്‍ നടപടി ചട്ടം വകുപ്പ് 235(2)ന്റെ ലക്ഷ്യം. കുറ്റാരോപിതര്‍ക്ക് ഫലപ്രദമായ അവസരം നല്‍കുന്നതിന് കുറ്റം ചുമത്തുന്നതിനും ശിക്ഷ വിധിക്കുന്നതിനും രണ്ട് വേറിട്ട വാദംകേള്‍ക്കലുകള്‍ ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
 

Latest News