മുംബൈയില്‍ യുദ്ധക്കപ്പലില്‍ സ്‌ഫോടനം; 3 നാവികര്‍ കൊല്ലപ്പെട്ടു

മുംബൈ- മുംബൈയിലെ നാവിക സേനാ താവളത്തിലെ കപ്പല്‍നിര്‍മാണശാലയായ നേവല്‍ ഡോക്‌യാര്‍ഡില്‍ യുദ്ധക്കപ്പലില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് നാവിക സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. ഐഎന്‍എസ് രണ്‍വീര്‍ യുദ്ധക്കപ്പലിലാണ് സംഭവം. 11 പേര്‍ക്ക് പരിക്കേറ്റു. കപ്പലിനകത്തെ ഒരു കമ്പാര്‍ട്ട്‌മെന്റിലാണ് സ്‌ഫോടനം ഉണ്ടായതെന്നും കപ്പലിന് വലിയ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. സ്‌ഫോടനത്തിന് ആയുധങ്ങളുമായോ വെടിക്കോപ്പുകളുമായോ ഒരു ബന്ധവുമില്ലെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു. സ്‌ഫോടന കാരണം കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

കപ്പലിലെ ജീവനക്കാര്‍ ഉടനടി ഇടപെട്ടതിനാല്‍ സാഹചര്യം പൂര്‍ണ നിയന്ത്രണത്തിലായി. ഈസ്റ്റേണ്‍ നേവര്‍ കമാന്‍ഡിന്റെ ഭാഗമായ ഐഎന്‍എസ് രണ്‍വീര്‍ നവംബര്‍ മുതല്‍ മുംബൈ നേവല്‍ ഡോക്‌യാര്‍ഡില്‍ നങ്കൂരമിട്ടതായിരുന്നു. ഇവിടെ നിന്നും മടങ്ങാനിരിക്കെയാണ് സ്‌ഫോടനം.
 

Latest News