കോടിയേരി തരാതരം നോക്കി കാര്‍ഡ്മാറ്റി കളിക്കുന്നു- പി.കെ കുഞ്ഞാലിക്കുട്ടി

 

 

മലപ്പുറം-കോടിയേരി ബാലകൃഷ്ണന്‍ ആവശ്യം പോലെ യു.ഡി.എഫിനെക്കുറിച്ച് ആക്ഷേപങ്ങളുടെ കാര്‍ഡ് മാറ്റി കളിക്കുകയാണെന്നു അദ്ദേഹത്തെ പോലെ മുതിര്‍ന്ന ഒരാള്‍ ഇങ്ങനെ പറയുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അദ്ദേഹം നേരത്തെ പറഞ്ഞിരുന്നത് യു.ഡി.എഫില്‍ ന്യൂനപക്ഷം മാത്രമേയുള്ളു എന്നായിരുന്നു. ഇപ്പോള്‍ ന്യൂനപക്ഷ പ്രാതിനിധ്യം ഇല്ലെന്നാണ് പറയുന്നത്. തരാതരം പോലെ നിലപാടു മാറ്റുകയാണ് കോടിയേരി. വഖഫ് നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിലും ന്യൂനപക്ഷങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിലും ന്യൂനപക്ഷം അകന്നു പോകുന്നുണ്ടോയെന്നു സി.പി.എമ്മിനു സംശയമുണ്ട്. സംസ്ഥാനത്തു ദിനംപ്രതിയുണ്ടാകുന്ന വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ സി.പി.എം പലപ്പോഴായി പയറ്റിയിരുന്ന അടവാണിതെന്നും ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കുക എന്നതാണ് സി.പി.എമ്മിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
മതേതര വിശ്വാസികള്‍ ബി.ജെ.പിക്ക് പകരക്കാരായി കാണുന്നതു കോണ്‍ഗ്രസിനെയാണ്. കോടിയേരിയുടെ പ്രസ്താവനക്ക് പാര്‍ട്ടിയില്‍ തന്നെ യോജിച്ച അഭിപ്രായമുണ്ടാകില്ല. ലോക്സഭയില്‍ സി.പി.എമ്മിനു ഇപ്പോഴുള്ള പ്രാതിനിധ്യം പോലും കോണ്‍ഗ്രസിന്റെ പിന്‍ബലത്തിലാണെന്നും അദ്ദേഹം പറഞ്ഞു.  ജാതിയും മതവും നോക്കി അഭിപ്രായം പറയുന്ന രീതി ഞങ്ങള്‍ക്കില്ല. എല്ലാ ജനവിഭാഗങ്ങള്‍ക്കും കഴിവും പ്രാപ്തിയും മനസിലാക്കി കോണ്‍ഗ്രസ് പ്രാതിനിധ്യം നല്‍കാറുണ്ട്. ഇതെല്ലാം ഒരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. കോണ്‍ഗ്രസിനെ ക്ഷീണിപ്പിച്ചാല്‍ അതു ഗുണം ചെയ്യുക ബി.ജെ.പിക്കാകും.
സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം കൂടിക്കൊണ്ടിരിക്കുകയാണ്. തുടക്കം മുതല്‍ തന്നെ കൃത്യമായി ഇടപെട്ട് വ്യാപനം കുറക്കാനും വാക്സിനേഷന്‍, ടെസ്റ്റ് എന്നിവ കൂട്ടാനും സര്‍ക്കാര്‍ തയാറാകണം. നിയന്ത്രണങ്ങള്‍ ശാസ്ത്രീയമായും പ്രായോഗികമായും നടപ്പാക്കണം. പ്രതിപക്ഷത്തിന്റെ പൂര്‍ണ സഹകരണം ഇക്കാര്യത്തിലുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ സി.പി.എം സമ്മേളനങ്ങള്‍ നടക്കുന്ന സമയമായതിനാല്‍ നിയന്ത്രണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് കണ്‍ഫ്യൂഷനുണ്ട്. യു.ഡി.എഫിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പരിപാടികള്‍ ഇതിനകം മാറ്റിവച്ചിട്ടുണ്ട്. എന്നാല്‍ സി.പി.എം സമ്മേളനങ്ങള്‍ മാറ്റുന്നില്ല. അതിന്റെ ദോഷം ടി.പി.ആറില്‍ കാണാനുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

    

 

 

 

 

Latest News