യു.പി: ബി.ജെ.പി ലിസ്റ്റിലെ 25 പേരും ക്രിമിനല്‍ കേസ് പ്രതികള്‍

ന്യൂദല്‍ഹി- ഉത്തര്‍പ്രദേശില്‍ ബി.ജെ.പി പ്രഖ്യാപിച്ച ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 107 പേരില്‍ 25 പേരും ക്രിമിനല്‍ കേസ് പ്രതികള്‍. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയാണ് ഇതില്‍ പ്രമുഖന്‍. എന്നാല്‍, നേതാക്കള്‍ക്കെതിരേയുള്ളത് രാഷ്ട്രീയ വിരോധം വെച്ചു കെട്ടിച്ചമച്ച കേസുകളാണെന്നാണ് ബി.ജെ.പിയുടെ ന്യായീകരണം.
കേശവ് പ്രസാദ് മൗര്യയുടെ പേരില്‍ നാല് ക്രിമിനല്‍ കേസുകളാണുള്ളത്. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ചട്ടം അനുസരിച്ച് ക്രിമിനല്‍ കേസുള്ള ഒരാള്‍ക്ക് സീറ്റ് നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് ഓരോ പാര്‍ട്ടിയും വിശദീകരിക്കണം. സിറ്റിംഗ് എം.എല്‍.എയും ഉപമുഖ്യമന്ത്രിയുമായ മൗര്യ മുന്‍ എം.പിയും പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷനുമാണ്. തന്റെ മണ്ഡലത്തിന് പുറമേ സംസ്ഥാനത്തുടനീളം സ്വീകാര്യനായ നേതാവാണ്. മാത്രമല്ല, മികച്ച സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണെന്നുമാണ് ബി.ജെ.പി നല്‍കുന്ന വിശദീകരണം.
നിലവിലെ മന്ത്രി സുരേഷ് റാനയുടെ പേരില്‍ മൂന്നു ക്രിമിനല്‍ കേസുകളുണ്ട്. ഫത്തേപൂര്‍ സിക്രിയിലെ സ്ഥാനാര്‍ഥി ബാബു ലാലിന്റെ പേരില്‍ ഏഴു ക്രിമിനല്‍ കേസുകളാണുള്ളത്. ബുധാനയിലെ സ്ഥാനാര്‍ഥി ഉമേഷ് മല്ലിക്, മുസാഫര്‍നഗറിലെ സ്ഥാനാര്‍ഥി കപില്‍ ദേവ് അഗര്‍വാള്‍, മീറ്ററ്റിലെ സ്ഥാനാര്‍ഥി അമിത് അഗര്‍വാള്‍ എന്നിവരുടെ പേരില്‍ ആറ് ക്രിമിനല്‍ കേസുകളാണുള്ളത്.

 

 

Tags

Latest News