കണ്ണൂര്‍ - അതിമാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍ പുഴാതി കൊറ്റാളി സ്വദേശി അരയാക്കണ്ടി വീട്ടില്‍ കെ.ടി. പ്രശാന്ത്(25),
കാട്ടാമ്പള്ളിയിലെ മുക്രികൊല്ലറത്തിക്കല്‍ ഹൗസില്‍ എം.കെ. ശുഫൈല്‍ (22) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂര്‍, ബക്കളം എന്നിവിടങ്ങളില്‍ വെച്ചാണ് ഇരുവരും പിടിയിലായത്. വാഹനങ്ങളും പിടിച്ചെടുത്തു.
പ്രശാന്തില്‍ നിന്ന് 250 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ലഹരിക്കടത്തിന് ഉപയോഗിച്ച ഹോണ്ട യുനീക്കോണ്‍ ബൈക്കും ഉദ്യോഗസ്ഥര്‍ പിടികൂടി. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ജില്ലയുടെ വിവിധ ഭാ ഗങ്ങളില്‍ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ പ്രശാന്ത്. ഒരു ഗ്രാം കൈവശം വച്ചാല്‍ 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന അതിമാരക ലഹരിമരുന്നാണ് എം.ഡി.എം.എ. നഗരങ്ങളില്‍ നടത്തുന്ന ഡിജെ പാര്‍ട്ടികളില്‍ പ്രധാനമായും ഉപയോഗിക്കുന്ന ഈ ലഹരിമരുന്ന് കല്ല് എന്ന പേരിലാണ് അറിയപ്പെടുന്നത് .
ധര്‍മ്മശാല ഭാഗത്ത് നടത്തിയ റെയ്ഡില്‍ താഴെ ബക്കളത്തു വെച്ചാണ് ശുഹൈല്‍ പിടിയിലായത്. ഇയാളില്‍ നിന്ന് 400 മില്ലി എം. ഡി.എം.എ പിടിച്ചെടുത്തു. ഇയാള്‍ സഞ്ചരിച്ച സ്്കൂട്ടറും പിടിച്ചെടുത്തു. തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ . പി . മധുസൂദനനും സംഘവും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.
കണ്ണുര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉനൈസ് അഹമ്മദും പാര്‍ട്ടിയും കണ്ണൂര്‍ ആയിക്കര ബര്‍ണശ്ശേരി എന്നീ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ ഫയര്‍ സ്റ്റേഷന് മുന്‍വശത്തുനിന്നും ഉടമസ്ഥന്‍ ഇല്ലാത്ത നിലയില്‍ 2.750 കിലോ കഞ്ചാവ് കണ്ടെടുത്തു.
കണ്ണൂര്‍ എക്സൈസ് ഇന്റലിജിന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ ദിലീപ് സി വിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് കഞ്ചാവ് കണ്ടെടുത്തത്. കണ്ണൂര്‍ ടൗണ്‍, ആയിക്കര, ബര്‍ണശ്ശേരി എന്നി ഭാഗങ്ങളില്‍ ചില്ലറ വില്പന നടത്തുവാന്‍ വേണ്ടി കരുതിവെച്ച കഞ്ചാവ് ആണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസ്സിലായത്. പ്രതിക്കായി അന്വേഷണം നടന്നുവരുന്നു.