Sorry, you need to enable JavaScript to visit this website.

ആൻഡമാനിലെ  കാഴ്ചകൾ  

ആൻഡമാൻ ദ്വീപുകളുടെ പ്രകൃതി ഭംഗി 
ആൻഡമാൻ ദ്വീപുകളുടെ പ്രകൃതി ഭംഗി 
ലേഖകൻ 
ആൻഡമാനിലെ കടൽ തീരം 
സെല്ലുലാർ ജയിൽ 
ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ബീച്ച് 
സെല്ലുലാർ ജയിൽ 
ചുമരിൽ രേഖപ്പെടുത്തിയ ബംഗാളിൽ നിന്നുള്ള അന്തേവാസികളുടെ പട്ടിക 
ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ബീച്ച് 


ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപ് സമൂഹം. അഭിവൃദ്ധിയുടെ അഴകുള്ള നാട്. കൗതുകകരമായ കാഴ്ചകളുടെയും സുന്ദര നിമിഷങ്ങളുടെയും ആസ്വാദനം നൽകാൻ ദ്വീപുകളുടെ ദ്വീപായ ആൻഡമാൻ എന്നും ഒരുപടി മുന്നിലാണ്. നിരവധി ചരിത്ര നിർമിതികളുടെയും ചരിത്ര സംഭവങ്ങളുടെയും കേന്ദ്രം. ബ്രിട്ടീഷുകാരുടെ താവളമായിരുന്ന ആൻഡമാൻ  ദ്വീപുകൾ.  കണ്ണിന് കുളിർമയേകുന്ന ഇടമാണ് ഈ ദ്വീപുകൾ.  തെളിഞ്ഞു കാണുന്ന അന്തരീക്ഷത്തിൽ ശുദ്ധവായു സഞ്ചരിക്കുന്ന സുന്ദര പ്രദേശം.  ആൻഡമാൻ ദ്വീപ സമൂഹത്തിന്റെ  തലസ്ഥാനമാണ് പോർട്ട് ബ്ലയർ. ബ്ലയർ എന്ന  ബ്രിട്ടീഷുകാരന്റെ നാമമാണ്  ഇങ്ങനെ ഒരു പേര് വരാൻ നിമിത്തമായത്.

ധാരാളം ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗ്രന്ഥശാലകളും നഗരത്തിലുണ്ട്. ആൻഡമാൻ, നിക്കോബാർ, മായാബന്തർ എന്നിങ്ങനെയുള്ള മൂന്ന് ജില്ലകളിലായി 572 ഓളം ദ്വീപുകൾ അടങ്ങിയതാണ് ആൻഡമാൻ നിക്കോബാർ ഐലൻഡ്‌സ്.  572 ദ്വീപുകൾ ഉണ്ടെങ്കിലും 36 ഇടങ്ങളിലാണ് മനുഷ്യ വാസം ഉള്ളതെന്നാണ് പുതിയ റിപ്പോർട്ട്. മൂന്ന് ജില്ലകൾ പ്രകൃതി ഭംഗിയുള്ളതും ടൂറിസ്റ്റ് സംഘങ്ങളെ ആകർഷിക്കുന്നതുമാണ്. ധാരാളം കാഴ്ചകൾ കാണാനവസരം നൽകുന്നതാണ് ആൻഡമാൻ  യാത്ര. അവിടത്തെ ഏറ്റവും വലിയ ദ്വീപായ ഹാവ്‌ലോക് തലസ്ഥാനത്ത് നിന്ന് 57 കി.മീ വടക്കു കിഴക്കായാണ്  സ്ഥിതി ചെയ്യുന്നത്. അവിടെ നിരന്തരമായി കാണാൻ ഇടയുള്ള മരമാണ് ആൻഡമാൻ  പടാക്ക്.

അവിടെ മാത്രം കാണപ്പെടുന്നതുമാണെന്നും പറയാം. ഉയരമുള്ള കുഞ്ഞു കൊമ്പുകളുള്ള മരമാണ്. കണ്ടാൽ തേക്ക് പോലെ.  അതിന്റെ പ്രത്യേകത തടിയുടെ ഉള്ള് അഥവാ കാമ്പ് ചുവപ്പ് നിറത്തിലായിരിക്കും കാണപ്പെടുക. മാത്രവുമല്ല, നല്ല കനവും ഒട്ടും കേടുവരാത്തതുമായ തടിയാണ് ആൻഡമാൻ  പടാക്ക്. പൊതുവെ ഫർണിച്ചർ ഉപയോഗത്തിനാണ് അത് ഉപയോഗിക്കാറ്. നല്ല രസമുള്ള ചുവപ്പ് കളർ ഉള്ളതായതിനാൽ പോളിഷ് ചെയ്തു മിനുക്കാതെ  തന്നെ ഭംഗി ലഭിക്കും. നിലവിൽ നല്ല വിലയാണ് ഈ തടിക്ക്. അയൽപക്കം പങ്കിടുന്ന മ്യാന്മറിൽ നിന്ന് വരെ  ഇത്  മോഷ്ടിക്കാൻ വേണ്ടി ആൻഡമാനിലേക്ക് കടന്നുവരാറുണ്ട്. അവിടെ കാണുന്ന പ്രത്യേകതരം ജീവിയാണ് ഡുഗാംഗും അന്തമാൻ വുഡ് പീജിംഗും. സമുദ്ര പശു എന്നറിയപ്പെടുന്ന കടൽ ജീവിയാണ് ഡുഗോംഗ്. മുഖം പശുവിനെ പോലെ ഇരിക്കുന്നത് കൊണ്ടാണ് അങ്ങനെ ഒരു പേര് വരാൻ കാരണം. ആൻഡമാനിൽ മാത്രം കാണപ്പെടുന്ന മറ്റൊരു ജീവിയാണ് ആൻഡമാൻ വുഡ് പീജിയൺ.   ഒരുതരം ഭംഗിയുള്ള പ്രാവ്.  ദ്വീപിന്റെ ചന്തം കൂട്ടി സ്വതന്ത്രമായി മാനത്ത് കൂടെ അത് പാറിപ്പറക്കാറുണ്ട്. ആൻഡമാൻ ദ്വീപ് മറ്റുള്ള ദ്വീപുകളേക്കാളും നഗരങ്ങളേക്കാളും വ്യത്യസ്തത പുലർത്തുന്നുണ്ട്. 


ഇന്ത്യയിലെ ഏക അഗ്‌നിപർവതം നിലകൊള്ളുന്നതും ആൻഡമാനിൽ ആണ്. ഒരു ദ്വീപ് മുഴുവനായും അഗ്‌നിപർവതം ആണ്. ആയതിനാൽ ദൂരെ നിന്ന് കാണാമെന്നല്ലാതെ അടുത്തു പോകാൻ  സാധിക്കില്ല. അവിടെ  മൂന്ന് മലകൾ ആണ് ഉള്ളത്. മൗണ്ട് സഡൽപിക്  എന്ന് പറയുന്ന മലയാണ് അതിൽ ഏറ്റവും വലുത്. മൗണ്ട് തുല്യർ,  മൗണ്ട് ഹേരിയട്ട് തുടങ്ങിയവയാണ് മറ്റു മലകൾ. ദ്വീപിൽ ആകെ 3 ലൈറ്റ് ഹൗസുകൾ ആണുള്ളത്.  നിരവധി ചരിത്ര ശകലങ്ങളും മായാതെ ഇന്നും ആൻഡമാനിൽ തെളിഞ്ഞു കിടപ്പുണ്ട്.
ഇന്ത്യൻ ദേശീയ പതാക നിർമിച്ച് ആദ്യം ഉയർത്തിയത് 1943 ലാണ്. ആദ്യമായി അത് വാനിലുയർന്നു പൊങ്ങിയത് ആൻഡമാനിലെ സൗത്ത് പോയന്റ് എന്ന സ്ഥലത്താണ്. ആദിവാസികൾ ഒഴിച്ചാൽ അവിടെയുള്ള മനുഷ്യർ മുഴുവനും ഇന്ത്യ അടങ്ങുന്ന രാജ്യങ്ങളിൽ നിന്ന് കുടിയേറിപ്പാർത്തവരാണ്. പ്രത്യേകിച്ചും ഇന്ത്യയിലെ എല്ലാ ഭാഗത്തുള്ളവരും അവിടെ നിലയുറപ്പിച്ചിട്ടുണ്ട് .  സ്വാതന്ത്ര്യ സമര കാലത്ത് നാടുകടത്തൽ ആൻഡമാൻ  ദ്വീപുകളിലേക്ക് ആയിരുന്നു. പിന്നെ അവിടെ ജീവിച്ചു നാടും ഊരുമാക്കി ആൻഡമാനിനെ  സ്‌നേഹിച്ചവർ ആണ് ഇവിടെ പാർക്കുന്നവർ. മാത്രവുമല്ല, നമ്മുടെ നാടുകളിലെ ജില്ലകളുടെ വിസ്തൃതി ഒന്നുമല്ല അവിടെ. ദ്വീപിലെ ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് പോകണമെങ്കിൽ ഒന്ന് രണ്ടു ദിവസം വരെ എടുക്കും. രാഷ്ട്രീയ  ചർച്ചകളോ സംഘർഷങ്ങളോ ഒന്നും ഇല്ലാത്ത നാട് എന്ന് വിശേഷിപ്പിക്കുന്നതും ഈ ദ്വീപിനെ ആണ്. 


ജനങ്ങൾ കൂടുതലായി സംസാരിക്കുന്ന ഭാഷ ഹിന്ദിയാണ്. ഇന്ത്യയിലെ മിക്ക ഭാഷക്കാരും ആൻഡമാൻ  ദ്വീപിൽ ജീവിക്കുന്നുണ്ട്. ഇന്ത്യയിലെ ഭാഷകളായ ഹിന്ദി, മലയാളം, തമിഴ്, ബംഗാളി, പഞ്ചാബി, ഉർദു തുടങ്ങിയ ഭാഷകൾ സംസാരിക്കുന്ന ആളുകളെ അനവധിയായി അവിടെ കാണാനാകും.  ആൻഡമാൻ  തലസ്ഥാനമായ പോർട്ട് ബ്ലെയറിൽ കൂടുതൽ സംസാരിക്കുന്ന ഭാഷ ബംഗാളി ആണെന്നാണ് നിഗമനം.  പിന്നെ തമിഴ്, ഹിന്ദി, തെലുങ്ക് എന്നിങ്ങനെയാണ് മറ്റു ഭാഷകൾ.
ഭാഷകളെപ്പോലെ തന്നെ അനേകം മതവിഭാഗങ്ങൾ ഒരുമിച്ചു വസിക്കുന്ന നാടാണ് ആൻഡമാൻ ദ്വീപുകൾ. കൂടുതലായും കണ്ടുവരുന്നത് ഹിന്ദുമത വിശ്വാസികളെയാണ്. ആദ്യകാലത്ത് മുസ്‌ലിംകളുടെ  കേന്ദ്രമായിരുന്നു ദ്വീപുകൾ. പിന്നീട് മറ്റു മതക്കാർ വരികയും താമസമാക്കുകയും ചെയ്തു. ക്രിസ്ത്യൻ, സിക്ക് തുടങ്ങിയ ഇന്ത്യക്കകത്തും പുറത്തുമുള്ള പല മതവിഭാഗങ്ങളും ഇവിടെ താമസിക്കുന്നുണ്ട്. 2019 സെൻസസ്  പ്രകാരം 4.4 ലക്ഷം ആണ് ജനസംഖ്യ. ആദിവാസികൾ മാത്രമുള്ള പല സ്ഥലങ്ങളും ഇവിടെയുണ്ട്. 
 ആൻഡമാനിൽ നിന്നും മായാബന്തറിലേക്ക്  ബസിൽ പ്രകൃതിഭംഗി ആസ്വദിച്ചു പോകുമ്പോൾ ആദിവാസികളെ  കൂടുതലായി കാണാം. 


 ആൻഡമാനിലെ  ജീവിത ശൈലിയും പ്രകൃതിയുമായുള്ള ഒത്തിണക്കിവും ഒരു തരത്തിൽ നമ്മുടെ നാടുകളിലെ പോലെയാണെങ്കിലും ചില വ്യത്യാസങ്ങൾ  മനസ്സിലാക്കാൻ സാധിക്കും. ഒന്നാമതായി അവിടുത്തെ തൊഴിലുകൾ മീൻപിടിത്തം, കൃഷി, കച്ചവടം ഒക്കെ ഉണ്ടെങ്കിലും കൂടുതലാളുകളും ഗവൺമെന്റ് തസ്തികകളിൽ ആണ് ജോലി ചെയ്യുന്നത്. ആർമി, നേവി, എയർഫോഴ്‌സ് തുടങ്ങി ദ്വീപിന് അനുകൂലമായ ജോലികളിലാണ് കൂടുതലായും അവിടുത്തെ ജനങ്ങൾ വരുമാന മാർഗമായി കണ്ടെത്തുന്നത്. ന്യൂജൻ യുവാക്കളും പൂർണമായും ഫോക്കസ് ചെയ്യുന്നത് ഗവൺമെന്റ് ജോലികളിലേക്കാണ്. കച്ചവടവും മീൻപിടിത്തവും ചിലയിടങ്ങളിൽ കാണപ്പെടാറുണ്ട്. കടലിന്റെ അരികിൽ താമസിക്കുന്നവരാണ് അധികവും മീൻപിടിത്ത ജോലികളിൽ ഏർപ്പെടുന്നത്. മായാബന്തർ ജില്ലയിൽ അവിടുത്തെ കൂടുതലാളുകളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് പച്ചപ്പിനാലുള്ള കൃഷിയിലാണ്. അവരുടെ മണ്ണിൽ അലിയുന്ന അനുയോജ്യമായ എല്ലാത്തരം കൃഷികളും വിയർപ്പൊഴുക്കി നടത്താൻ ഒരു മടിയുമില്ലാത്ത ജനങ്ങൾ അവിടെ താമസിക്കുന്നുണ്ട്. ആൻഡമാനിലേക്ക് മറ്റിടങ്ങളിലേക്കും മായാ ബന്തറിൽ നിന്നും ആണ് ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരാറ്. എന്നാലും തക്കാളി, ഉള്ളി പോലുള്ള ചില ഭക്ഷ്യവസ്തുക്കളും വീടുപണിക്ക് ആവശ്യമായ സിമന്റ് പോലുള്ള വസ്തുക്കളും   പുറത്ത് നിന്ന് ഇറക്കാറുണ്ട്. 


വർഷാവർഷം നടത്തിവരുന്ന വൻ ആഘോഷമാണ് ഐലൻഡ് ടൂറിസം ഫെസ്റ്റിവൽ. ദ്വീപിന്റെ യഥാർത്ഥ ഫെസ്റ്റിവൽ ആയും ഇതിനെ കണക്കാക്കുന്നുണ്ട്.  വിനോദ സഞ്ചാരികൾ കൂടുതലായി എത്താൻ ശ്രമിക്കുന്ന ഇടങ്ങളിൽ ഒന്നാണ് ആൻഡമാൻ  ദ്വീപുകൾ. ചെന്നൈയിൽ നിന്ന് ഇവിടേക്ക് വിമാന സർവീസുകളുണ്ട്. 
ആൻഡമാൻ   ദ്വീപുകളിൽ സഞ്ചാരികളെ തൃപ്തരാക്കുന്ന അനേകം പുത്തൻ കേന്ദ്രങ്ങളുണ്ട്. ആസ്വദിക്കാൻ നൂറു ശതമാനവും കഴിയുന്ന ആകർഷണീയമായ സ്ഥലങ്ങളാണ് യാത്രക്കാരെ അവിടേക്ക് എത്തിക്കുന്നത്. സ്‌കൂബാ ഡൈവിംഗും കയാക്കിംഗും അതുപോലെ തന്നെ മാഗ്രൂഫ് തുടങ്ങിയ പലതരം കൗതുകം ജനിപ്പിക്കുന്നതും ആനന്ദം കണ്ടെത്താൻ സഹായിക്കുന്നതുമായ ധാരാളം കാര്യങ്ങൾ ഉണ്ടിവിടെ. അവിടുത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് സെല്ലുലാർ ജയിൽ. പണ്ട് കാലാപാനി എന്ന് അറിയപ്പെട്ട സ്ഥലം. ബ്രിട്ടീഷ് കിരാത കാലത്ത് അവർക്കെതിരെ തിരിയുന്നവരെ   നാടുകടത്തി തടവിലാക്കി തുറങ്കിൽ അടക്കാൻ വിനിയോഗിച്ച ഇടമാണിത്. വലിയ വലിയ മതിലുകളാൽ ചുറ്റപ്പെട്ട ഭയപ്പെടുത്തുന്ന പാളയം. ആ കാലത്ത്  തന്നെ ഒരിക്കലും പുറത്തു കടക്കാൻ സാധിക്കാത്ത സെക്യൂരിറ്റി  വളഞ്ഞ  ഒരു സുരക്ഷാ കേന്ദ്രം ആയിരുന്നു. തൂക്കുകയറുകളും താമസിപ്പിച്ച ജയിലറകളും ഇന്നും പുരാതന സ്മൃതികളുണർത്തി അവിടെ  നിലനിൽക്കുന്നുണ്ട്.  ദ്വീപിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് സെല്ലുലാർ ജയിൽ. 
കടൽ കാഴ്ചകളാലും കര ഭംഗിയാലും ജന ഇടപെടലുകളാലും രീതി ശൈലികളാലും അന്തമാൻ എല്ലാവരിലും നിറഞ്ഞുനിൽക്കുകയാണ്. ഒരു വട്ടം പോയാൽ പിന്നീട് പോകാൻ കൊതിക്കുന്ന തരത്തിൽ വിസ്മയക്കാഴ്ചകൾ ആണ് കണ്ണിന് അവിടെനിന്ന് പകരുന്നത്. ഏകദേശം  നവംബർ മുതൽ മെയ് പകുതി വരെയാണ് ആൻഡമാൻ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. 
 

Latest News