Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആനയടിക്ഷേത്രം ഉത്സവത്തിന് ആനയെ നേര്‍ച്ചയായി എഴുന്നള്ളിക്കാന്‍ എം.കെ സ്റ്റാലിന്‍

കൊല്ലം- ക്ഷേത്രം ഭാരവാഹികളെ അമ്പരപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി. ജില്ലയിലെ ചരിത്ര പ്രസിദ്ധമായ ആനയടി പഴയിടം നരസിംഹ സ്വാമീ ക്ഷേത്രത്തില്‍ അഭീഷ്ടകാര്യ സിദ്ധിക്കായി നടത്തുന്ന 'നേര്‍ച്ച ആന എഴുന്നള്ളിപ്പില്‍' ആനയെ നേര്‍ച്ചയായി എഴുന്നള്ളിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ആഗ്രഹമാണ് ക്ഷേത്രം ഭാരവാഹികളെ അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിച്ചത്.
31 ന് നടക്കുന്ന നേര്‍ച്ച ആന എഴുന്നള്ളിപ്പില്‍ ആനയെ എഴുന്നള്ളിക്കാന്‍ തമിഴ്നാട്ടില്‍ നിന്നും സ്റ്റാലിന്റെ പ്രതിനിധികളെത്തിയാണ് വിവരം ക്ഷേത്ര കമ്മിറ്റിയെ അറിയിച്ചത്. എഴുന്നള്ളിപ്പിന്റെ തുകയായ 9,000 രൂപയും ഇവര്‍ അടച്ചു രസീത് കൈപ്പറ്റി. എഴുന്നള്ളിപ്പ് ദിവസം സ്റ്റാലിന്‍ എത്തില്ലെങ്കിലും തമിഴ്നാട് ആരോഗ്യ മന്ത്രി എത്തുമെന്നും അവര്‍ അറിയിച്ചു.
ഒരുമാസം മുന്‍പാണ് തമിഴ്നാട്ടില്‍ നിന്നു മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പ്രതിനിധികള്‍ ശൂരനാട് എത്തി ക്ഷേത്ര ഭാരവാഹികളെ കണ്ട് ആനയെ എഴുന്നള്ളിക്കുവാനുള്ള സന്നദ്ധത അറിയിച്ചത്. അന്ന് തന്നെ അവര്‍ ബുക്ക് ചെയ്യുകയും പണം പിന്നീട് അടക്കാമെന്നും പറഞ്ഞ് മടങ്ങി. എന്നാല്‍ ക്ഷേത്ര ഭാരവാഹികള്‍ ആദ്യം ഇത് വിശ്വസിച്ചില്ല. തമിഴ്‌നാട് മുഖ്യമന്ത്രി ഇവിടെ എത്തി ആനയെ എഴുന്നള്ളിക്കുവാന്‍ സാധ്യതയില്ലെന്നായിരുന്നു ഏവരുടെയും അഭിപ്രായം. എന്നാല്‍ കഴിഞ്ഞ ആഴ്ച ബുക്ക് ചെയ്തവര്‍ പണം അയച്ചതോടെയാണ് വിശ്വാസമായത്. ഇതോടെ ഉത്സവ നോട്ടീസില്‍ മുഖ്യമന്ത്രിയുടെ പേരും ചേര്‍ത്തു. നോട്ടീസില്‍ ആനയെ നേര്‍ച്ചയായി എഴുന്നള്ളിക്കുന്നവരില്‍ ആറാമത്തെ പേരുകാരനാണ് എം.കെ സ്റ്റാലിന്‍. നോട്ടീസ് കയ്യില്‍ കിട്ടിയ നാട്ടുകാരും ഏറെ ആവശത്തിലും അത്ഭുതത്തിലുമാണ്. അഞ്ഞൂറോളം പേര്‍ ഇതിനോടകം തന്നെ എഴുന്നള്ളിപ്പിന് ബുക്ക് ചെയ്തിട്ടുണ്ട്.
കൊവിഡ് കാലമായതിനാല്‍ പ്രശസ്തമായ ആനയടി ഗജമേള ഇത്തവണയും ഇല്ല. പകരം ആന എഴുന്നള്ളിപ്പ് മാത്രമാണുണ്ടാകുക. 31 ന് വൈകിട്ട് 4.30 ഓടെയാണ് എഴുന്നള്ളിപ്പ്. 10 ആനകളെ മാത്രമാണ് നേര്‍ച്ചയായി എഴുന്നള്ളിക്കുക. അഭീഷ്ട കാര്യ സിദ്ധിക്കും രോഗശാന്തിക്കുമായാണ് വിശ്വാസികള്‍ ആനയെ നേര്‍ച്ചയായി എഴുന്നള്ളിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ടാവും ഉത്സവ പരിപാടികളെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
ശൂരനാട് വടക്ക് പഞ്ചായത്തിലെ ആനയടിയിലാണ് അതിപുരാതനമായ പഴയിടം നരസിംഹസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

 

Latest News