കൊല്ലം- സ്വകാര്യ മെഡിക്കല്‍ ലാബില്‍ നിന്നും ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത മധ്യവയസ്‌ക്കനായി അന്വേഷണം തുടങ്ങി. കരുനാഗപ്പള്ളി നീതി ലാബില്‍ നിന്നുമാണ് മധ്യവയസ്‌കന്‍ 8,500 രൂപ കബളിപ്പിച്ച് തട്ടിയെടുത്തത്. സംഭവത്തില്‍ ലാബ് അധികൃതരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. ലാബില്‍ തിരക്ക് കുറവായിരുന്ന സമയത്ത് അവിടെയെത്തിയ മധ്യവയസ്‌കന്‍ ലാബിലെ ജീവനക്കാരിയായ അജിതയോട് സാറ് വന്നോ എന്ന് ചോദിച്ചു. ഇല്ലായെന്ന് അജിത മറുപടി നല്‍കി. പിന്നീട് ചേച്ചി പോയോ എന്നും ചോദിച്ചു. എല്ലാവരെയും അറിയുന്ന പോലെയായിരുന്നു ഇാളുടെ പെരുമാറ്റം. കുറച്ചു സമയം അവിടെ സംസാരിച്ച നിന്ന ശേഷം ജെയിംസ് എന്നയാള്‍ 17,000 രൂപയുമായി വരുമെന്നും അത് വാങ്ങി വച്ചേക്കണമെന്നും പറഞ്ഞു. പിന്നീട് ഇയാള്‍ ജീവനക്കാരിയോട് ചേച്ചിയെ ഒന്നു വിളിക്കട്ടെ എന്ന് പറഞ്ഞ് ഫോണെടുത്ത് കോള്‍ ചെയ്തു. അല്‍പ്പനേരം സംസാരിച്ച ശേഷം ഇവിടെ കലക്ഷന്‍ ക്യാഷ് എത്രരൂപ ഉണ്ട് എന്ന് ചോദിച്ചു. 9,000 എന്ന് ജീവനക്കാരി മറപടി നല്‍കി. ഇക്കാര്യം ഫോണില്‍ക്കൂടി ഇയാള്‍ പറഞ്ഞു കൊടുത്തു. എന്നിട്ട് 8,500 രൂപ ഇവിടെ നിന്നു വാങ്ങാം എന്ന് പറഞ്ഞ് ഫോണില്‍ സംസാരിച്ചു കൊണ്ട് തന്നെ ജീവനക്കാരിയോട് 8,500 രൂപ തരാന്‍ പറഞ്ഞു. ജെയിംസ് 17,000 രൂപയുമായി വരുമ്പോള്‍ അതില്‍ നിന്നും പണം എടുത്തിട്ട് ബാക്കി തന്നാല്‍ മതി എന്ന് പറഞ്ഞ് ഇയാള്‍ ഇറങ്ങിപ്പോയി.
ഈ സമയം സംശയം തോന്നിയ ജീവനക്കാരി ചേച്ചി എന്ന് എല്ലാവരും വിളിക്കുന്ന ലാബിലെ ജീവനക്കാരിയെ വിളിച്ച് പണം വാങ്ങി ഒരാള്‍ പോയ വിവരം പറഞ്ഞു. എന്നാല്‍ അവര്‍ അങ്ങനെ ഒരാളുമായി സംസാരിച്ചിട്ടില്ലെന്നും പണം വാങ്ങാന്‍ പറഞ്ഞില്ലെന്നും പറഞ്ഞതോടെയാണ് കബളിപ്പിക്കപ്പെട്ടു എന്ന് ജീവനക്കാരിക്ക് ബോദ്ധ്യമായത്. ഉടന്‍ തന്നെ ലാബില്‍ ഉണ്ടായിരുന്ന മറ്റൊരു ജീവനക്കാരിയെയും കൂട്ടി പുറത്തിറങ്ങി ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സി.സി ടി.വിയുള്ള തൊട്ടടുത്തുള്ള കടയില്‍ ഇക്കാര്യം പറയുകയും ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തപ്പോള്‍ റോഡിന് അപ്പുറത്തേക്ക് ഇയാള്‍ വേഗത്തില്‍ പോകുന്നതായുള്ള ദൃശ്യങ്ങള്‍ കണ്ടു. തുടര്‍ന്ന് വിവരം ലാബ് അധികൃതരോട് ജീവനക്കാരി പറയുകയും അവരുടെ നിര്‍ദ്ദേശ പ്രകാരം കരുനാഗപ്പള്ളി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ലാബിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇയാളുടെ സംസാരമടക്കമുള്ള ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും മാസ്‌ക്ക് ഉപയോഗിച്ചിരിക്കുന്നതിനാല്‍ മുഖം വ്യക്തമല്ല. കരുനാഗപ്പള്ളി പോലീസ് സി.സി ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്ത് വിട്ടിരിക്കുകയാണ്.