തെറ്റായ കോവിഡ് വിവരങ്ങള്‍; ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കര്‍ണാടക

ബെംഗളൂരു- കോവിഡുമായി ബന്ധപ്പെട്ട് ജനങ്ങളെ ഭീതിയിലാക്കുന്ന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ കര്‍ണാടകയില്‍ ഡോക്ടമാര്‍ക്ക് മുന്നറിയിപ്പ്. ചില ഡോക്ടര്‍മാര്‍ കോവിഡുമായി തെറ്റായ വിവരങ്ങളാണ് കൈമാറുന്നതെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കര്‍ണാടക ഹെല്‍ത്ത് ആന്റ് ഫാമിലി സര്‍വീസ് കമ്മീഷണറേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാനത്ത് നിലനില്‍ക്കുന്ന കോവിഡ് സാഹചര്യങ്ങളെ കുറിച്ച് വസ്തുതകള്‍ക്ക് നിരക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് പൊതുജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിനു കാരണമാകുന്നുണ്ട്. ആരോഗ്യ, റവന്യൂ അധികൃതര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് ഡോക്ടര്‍മാര്‍ ചാനലുകളിലും മറ്റും വിവരങ്ങള്‍ നല്‍കുന്നത്.

പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുമ്പോള്‍ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും അതീവ ശ്രദ്ധപുലര്‍ത്തണമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ പരിശോധിക്കണമെന്നും കമ്മീഷണറേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. തെറ്റിദ്ധാരണ പരത്തിയാല്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കും.

കോവിഡുമായി ബന്ധപ്പെട്ട് നിലവിലുള്ള വസ്തുതകള്‍ക്ക് വിരുദ്ധമായി ഏതാനും ഡോക്ടര്‍മാര്‍ ചാനലുകളില്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ക്ക് ജനങ്ങളില്‍ ഭീതി പടര്‍ത്താന്‍ കാരണമായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

 

Latest News