Sorry, you need to enable JavaScript to visit this website.

ഭീകരവാദത്തിനെതിരെ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറും- സൗദി, യു.എ.ഇ കിരീടാവകാശി്കള്‍

റിയാദ് - യു.എ.ഇയിലും സൗദിയിലും ഹൂത്തി മിലീഷ്യകള്‍ നടത്തിയ ആക്രമണങ്ങള്‍ ഭീകരാക്രമണങ്ങള്‍ ചെറുക്കുന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളുടെയും നിശ്ചദാര്‍ഢ്യം വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനും പറഞ്ഞു. അബുദാബിയില്‍ ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അനുശോചനം അറിയിച്ചു. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അനുശോചനം അറിയിച്ചത്.
യു.എ.ഇയിലും സൗദിയിലുമുണ്ടായ ആക്രമണങ്ങളെ അപലിപ്പിക്കുന്നതായി സൗദി കിരീടാവകാശി പറഞ്ഞു. അബുദാബിയിലും സൗദിയിലുമുണ്ടായ ആക്രമണങ്ങള്‍ തി•-യുടെയും ഭീകരതയുടെയും ശക്തികള്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ ചെറുക്കുന്നത് തുടരുന്ന കാര്യത്തിലുള്ള സൗദി അറേബ്യയുടെയും യു.എ.ഇയുടെയും നിശ്ചയദാര്‍ഢ്യം വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുകയെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനും പറഞ്ഞു. യെമനില്‍ വിനാശവും കൂട്ടക്കുരുതികളും നടത്തിയ ഹൂത്തികള്‍ മേഖലയില്‍ അസ്ഥിരതയുണ്ടാക്കാന്‍ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങള്‍ വ്യാപിപ്പിക്കുകയാണ്. മേഖലയില്‍ അരാജകത്വമുണ്ടാക്കാന്‍ ഹൂത്തികള്‍ വിഫല ശ്രമങ്ങള്‍ നടത്തുന്നു. ലോക നിയമങ്ങള്‍ ലംഘിച്ച് നടത്തുന്ന ഈ ആക്രമണങ്ങള്‍ക്കു മുന്നില്‍ അന്തരാഷ്ട്ര സമൂഹം നിലയുറപ്പിക്കണം. മേഖലാ, ആഗോള സമാധാനത്തിനും സുരക്ഷക്കും ഭീഷണിയായ ആക്രമണങ്ങളെ അന്താരാഷ്ട്ര സമൂഹം അപലപിക്കണമെന്നും ഇരു നേതാക്കളും ആവശ്യപ്പെട്ടു.
സൗദി അറേബ്യക്കും യു.എ.ഇക്കുമെതിരായ ഹൂത്തി ആക്രമണങ്ങള്‍ മേഖലക്ക് മൊത്തത്തില്‍ ഭീഷണിയാണെന്ന് സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ഹൂത്തികള്‍ ആക്രമണപാതയാണ് തെരഞ്ഞെടുത്തത്. യെമന്റെ ഭാവി അട്ടിമറിക്കുന്നതിന്റെയും അയല്‍ രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെയും പ്രത്യാഘാതങ്ങള്‍ ഹൂത്തികള്‍ സ്വയം വഹിക്കേണ്ടിവരും.
സൗദിയിലും യു.എ.ഇയിലും നഗരങ്ങള്‍ക്കും സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും അന്താരാഷ്ട്ര കപ്പല്‍ പാതകള്‍ക്കും നേരെയുള്ള ആക്രമണങ്ങളില്‍ ആഗോള സമൂഹം തങ്ങളുടെ ഉത്തരവാദിത്തം വഹിക്കണം. രാഷ്ട്രീയ പരിഹാരങ്ങള്‍ സ്വീകരിക്കാന്‍ ഹൂത്തികള്‍ തയ്യാറല്ല എന്നും മേഖലയെയും മേഖലാ സുരക്ഷയെയും തുറപ്പുചീട്ടുകളാക്കി മാറ്റുന്ന ഇറാന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഹൂത്തികള്‍ പ്രവര്‍ത്തിക്കുന്നത് എന്നുമാണ് ഈ ആക്രമണങ്ങള്‍ വ്യക്തമാക്കുന്നത്.
അല്‍ഹുദൈദ, അല്‍സ്വലീഫ് തുറമുഖങ്ങള്‍ വഴി ഇറാനില്‍ നിന്ന് ഹൂത്തികള്‍ക്ക് നിരന്തരം ആയുധങ്ങള്‍ എത്തിക്കുന്നതും, മേഖലാ രാജ്യങ്ങളുടെ സുരക്ഷക്കും അന്താരാഷ്ട്ര കപ്പല്‍ പാതകള്‍ക്കും ഭീഷണി സൃഷ്ടിക്കുന്ന കേന്ദ്രങ്ങളായി ഈ തുറമുഖങ്ങളെ മാറ്റിയതും യു.എന്‍ പ്രമേയങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ്.
ഇത് ചെറുക്കാന്‍ ആഗോള ശ്രമം ആവശ്യമാണ്. യെമനില്‍ മുഴുവന്‍ യുദ്ധമുഖങ്ങളിലും സൈനിക മുന്നേറ്റം ദൃശ്യമായ ചരിത്ര നിമിഷങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. യെമനിലും മേഖലയിലും സുരക്ഷയും സ്ഥിരതയും വേഗത്തിലാക്കുന്ന കൂടുതല്‍ വിജയങ്ങള്‍ വൈകാതെ കൈവരിക്കുമെന്നും ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നിര്‍ദേശാനുസരണം യെമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുമായും പ്രധാനമന്ത്രി ഡോ. മഈന്‍ അബ്ദുല്‍മലികുമായും താന്‍ കൂടിക്കാഴ്ചകള്‍ നടത്തി യെമനില്‍ സമാധാനം സാധ്യമാക്കാന്‍ ലക്ഷ്യമിട്ട് സൗദി അറേബ്യ മുന്നോട്ടുവെച്ച പദ്ധതികളും നടത്തുന്ന ശ്രമങ്ങളും യെമനിലെ പുതിയ സംഭവവികാസങ്ങളും റിലീഫ് പ്രവര്‍ത്തനങ്ങളും വിശകലനം ചെയ്തിട്ടുണ്ട്. യെമന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കാണാന്‍ നടത്തുന്ന മുഴുവന്‍ ശ്രമങ്ങളെയും സഖ്യസേന പിന്തുണക്കുമെന്ന് കൂടിക്കാഴ്ചകള്‍ക്കിടെ താന്‍ യെമന്‍ നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.

 

 

Latest News