Sorry, you need to enable JavaScript to visit this website.

കോവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടായിരം കുഞ്ഞെലികളെ കൊല്ലുന്നു

ഹോങ്കോംഗ്- ഓമന മൃഗങ്ങളെ വില്‍ക്കുന്ന കടയില്‍ കോവിഡ് ക്ലസ്റ്റര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടായിരം കുഞ്ഞെലികളെ (ഹാംസ്റ്റര്‍) കൊല്ലാന്‍ ഹോങ്കോംഗ് അധികൃതര്‍ ഉത്തരവിട്ടു. കോവിഡ് വ്യാപിക്കുന്നതിനാല്‍ അരുമ മൃഗങ്ങളെ ചുംബിക്കരുതെന്ന് അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.
ഷോപ്പിലെ ജീവനക്കാരില്‍ കോവിഡിന്റെ ഡെല്‍റ്റ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നൂറുകണക്കിന് മൃഗങ്ങളെയും പരിശോധിച്ചത്. തുടര്‍ന്ന് 11 ഹാംസ്റ്ററുകളില്‍ വൈറസ് സ്ഥിരീകരിക്കുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് ചൈനീസ് ഭരണത്തിലുള്ള ഹോങ്കോംഗില്‍ കുഞ്ഞെലികളെ കൊല്ലാനുള്ള തീരുമാനം. വളര്‍ത്തു മൃഗങ്ങളില്‍നിന്ന് ആളുകളിലേക്ക് രോഗം പടരുന്നതിന് ഇതുവരെ തെളിവില്ലെന്ന് ഹോങ്കോംഗ് ഹെല്‍ത്ത് സെക്രട്ടറി സോഫിയ ചാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തല്‍ക്കാലം വളര്‍ത്തുമൃഗങ്ങളുടെ ഇറക്കുമതി നിര്‍ത്തിവെക്കാനും അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.
വളര്‍ത്തുമൃഗങ്ങളെ തൊട്ടാല്‍ കൈ കഴുകുന്നതടക്കമുളള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ഹാംസ്റ്ററുകളെ വളര്‍ത്തുന്നവര്‍ വീടുകളില്‍തന്നെ സൂക്ഷിക്കണമെന്നും പുറത്തേക്ക് കൊണ്ടുവരരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഹാംസ്റ്റര്‍ കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങളുടെ നിവാരണത്തിന് ഹോട്ട്‌െൈലന്‍ ആരംഭിച്ചു.

സാധാരണ എലികളില്‍നിന്ന് വ്യത്യസ്തമാണ് കൈകുമ്പിളില്‍ ഒതുങ്ങുന്ന ഹാംസ്റ്റര്‍ എന്നു വിളിക്കുന്ന കുഞ്ഞന്‍ എലികള്‍. തണുപ്പുള്ള പ്രദേശങ്ങളിലാണ് ഹാംസ്റ്ററിന്റെ ആവാസം. കൂടുതല്‍ ചൂട് ഏല്‍ക്കാന്‍ പാടില്ല. അതുകൊണ്ടുതന്നെ പകല്‍ കൂടുതല്‍ പുറത്തിറങ്ങില്ല. കാര്യമായി ഭക്ഷണം കഴിക്കുന്നതും പുറത്തിറങ്ങുന്നതുമെല്ലാം രാത്രിയിലാണ്. മനുഷ്യര്‍ കഴിക്കുന്ന എന്തും തിന്നാന്‍ ഇവയും തയ്യാറാണ്. കിട്ടുന്ന ഭക്ഷണമെല്ലാം കഴിക്കുമെങ്കിലും വിത്തിനങ്ങളും പയര്‍വര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള പച്ചക്കറികളുമാണ് ഭക്ഷണം. എന്തും വാരിവലിച്ച് വേഗത്തില്‍ അകത്താക്കി കവിളില്‍ സൂക്ഷിക്കും.
പിന്നീട് കൂട്ടിലെത്തിയശേഷം പുറത്തേക്കെടുത്ത് സാവധാനം കഴിക്കുന്നതാണ് രീതി. മനുഷ്യരുമായി വേഗത്തില്‍ ഇണങ്ങുന്ന ഇവയ്ക്ക് 25 ഗ്രാംവരെ മാത്രമെ ഭാരമുള്ളൂ. എട്ടുമാസം പ്രായമുള്ള ഒരു ഹാംസ്റ്റര്‍ 28 ദിവസംകൊണ്ട് പ്രസവിക്കും. ഇവയുടെ ഇരട്ടി വലിപ്പമുള്ള റഷ്യന്‍ ഹാംസ്റ്ററും ഉണ്ട്. ചെറുജീവികളായതിനാല്‍ ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ക്കിടയില്‍ ഈ കുഞ്ഞനെലികള്‍ക്ക് ആവശ്യക്കാരേറെയാണ്. കൂട്ടില്‍ മരപ്പൊടി വിരിച്ചാണ് ഇവയെ പാര്‍പ്പിക്കുന്നത്.

 

Latest News