ആര്‍.എസ്.എസ് നേതാവിനോടൊപ്പം ഉവൈസി; പ്രചരിക്കുന്നത് മോര്‍ഫ് ചെയ്ത ചിത്രം, രണ്ട് കേസെടുത്തു

ഹൈദരാബാദ്- ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്്‌ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഉവൈസിയും ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതും ചര്‍ച്ച നടത്തുന്നതായി പ്രചരിക്കുന്ന വ്യാജ ഫോട്ടോയുടെ പേരില്‍ സൈബര്‍ ക്രൈം പോലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചിത്രം മോര്‍ഫ് ചെയ്തതിന് ഒരാള്‍ക്കെതിരേയും പ്രചരിപ്പിച്ചതിന് ഏതാനും പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.

ആര്‍.എസ്.എസ് നേതാക്കളോടൊപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് പാര്‍ട്ടി നേതാവ് ശൈഖ് മൊഹീനുദ്ദീന്‍ അബ്രാര്‍ ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കിയിരുന്നു. പാര്‍ട്ടിയെ കുറിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പരാത്താന്‍ ഒരു ഫേസ് ബുക്ക് ഉപയോക്താവാണ് ചിത്രം മോര്‍ഫ് ചെയ്തതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.യഥാര്‍ഥ ചിത്രവും മോര്‍ഫ് ചെയ്ത ചിത്രവും പരാതിയോടൊപ്പം സമര്‍പ്പിച്ചിരുന്നു.
ആര്‍.എസ്.എസ് ആശയങ്ങള്‍ക്കെതിരെ പൊതുസമൂഹത്തില്‍ വ്യക്തമായ നിലപാട് പ്രഖ്യാപിക്കാറുള്ള അസദുദ്ദീന്‍ ഉവൈസിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത് രാഷ്ട്രീയ പ്രവര്‍ത്തകരുടെ വികാരത്തെ ബാധിച്ചുവെന്നും കര്‍ശന നടപടി ആവശ്യമാണെന്നും മൊഹിനുദ്ദീന്‍ അബ്രാര്‍ പരാതിയില്‍ പറഞ്ഞു.

 

 

Latest News