Sorry, you need to enable JavaScript to visit this website.

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം നീട്ടി, വെള്ളിയാഴ്ച വരെ അറസ്റ്റില്ല

കൊച്ചി-  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഭീഷണി കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്  ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും. ലഭിച്ച കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാനുള്ള സാധ്യതകളെ മുന്‍നിര്‍ത്തിയാണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം ഉന്നയിച്ചത്. ഈ ദിവസം വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന പ്രതിഭാഗം ആവശ്യവും കോടതി അംഗീകരിച്ചു.

നേരത്തെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആറു മണിക്കൂര്‍ നീണ്ട രഹസ്യമൊഴിയുടെ മുഴുവന്‍ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ അത് പരിശോധിക്കണമെന്ന് കോടതി നിലപാടെടുത്തു. കഴിഞ്ഞ തവണ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിവെക്കാനുള്ള പ്രധാന കാരണവും ഇതു തന്നെയായിരുന്നു. കേസില്‍ നിര്‍ണായകമാകും എന്ന് കരുതപ്പെടുന്നതാണ് ബാലചന്ദ്ര കുമാറിന്റെ രഹസ്യമൊഴി. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമ്പോള്‍ രഹസ്യമൊഴി ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് കേസുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തി . 51 പേജുള്ള ഈ മൊഴി  കേസ് പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ജാമ്യ ഹരജിയെ എതിര്‍ത്ത് സമര്‍പ്പിക്കുകയായിരുന്നു.

 

Latest News