കൊച്ചി- നടിയെ ആക്രമിച്ച കേസിലെ വി.ഐ.പി ദിലീപിന്റെ സുഹൃത്ത് ശരത്ത് ജി. നായരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിക്കഴിഞ്ഞു.
പുറത്തുവന്ന ദിലീപിന്റെ ശബ്ദരേഖയില്‍ ഒരു സ്ത്രീയെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത ദിലീപും ബന്ധുക്കളും തമ്മിലുള്ള സംഭാഷണത്തിലാണ് സ്ത്രീയെ പറ്റി പറയുന്നത്. തനിക്ക് വളരെ അടുപ്പമുള്ള ഒരു സ്ത്രീയെ കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ദിലീപ് പറയുന്നത്. ഇതാരാണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ആദ്യം 'മാഡത്തെ'ക്കുറിച്ച് പറഞ്ഞിരുന്നു. സംഭവത്തിന് പിന്നില്‍ മാഡമാണെന്ന് പള്‍സര്‍ സുനി ആദ്യം വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഇത് സുനി തിരുത്തിപറയുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ വെളിപ്പെടുത്തലുകള്‍ വരുന്ന സാഹചര്യത്തില്‍ ' മാഡം' വീണ്ടും സംശയനിഴലിലാകുകയാണ്.
വിഐപി ദൃശ്യങ്ങളുമായി എത്തിയ സമയത്ത് ഒരു നടിയും ദിലീപിന്റെ വീട്ടിലെത്തിയിരുന്നെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. നടി തന്റെ സഹോദരന്റെ വിവാഹത്തിന് ക്ഷണിക്കാന്‍ വേണ്ടിയായിരുന്നു അവിടെ വന്നതെന്നാണ് സംവിധായകന്‍ പറഞ്ഞത്. ഈ നടിയാണോ പള്‍സര്‍ സുനി പറഞ്ഞ മാഡം എന്ന കാര്യം വ്യക്തമല്ല.