Sorry, you need to enable JavaScript to visit this website.
Sunday , May   29, 2022
Sunday , May   29, 2022

ഇന്ത്യ - പാക് ബന്ധം: സഹകരണത്തിലൂടെ സദ്ഫലങ്ങൾ

ഡോ. അലി അവാദ് അസീരി

യതന്ത്ര മേഖലയിലും മറ്റു അടിസ്ഥാന വികസന രംഗങ്ങളിലും ലോകത്തിനാകെയും ദക്ഷിണേഷ്യക്ക് വിശേഷിച്ചും നേട്ടങ്ങളുടെ ഫലം കൊയ്ത് കാണിച്ചുകൊടുക്കാവുന്ന വൻ സാധ്യതകളുള്ള രണ്ട് രാഷ്ട്രങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും. സാമൂഹിക മൂലധനത്തിന്റെയും സാമ്പത്തിക പര്യാപ്തതയുടെയും കാര്യത്തിൽ ഇരുരാജ്യങ്ങളും ഏറെ മുന്നിലാണ്. പക്ഷേ കശ്മീർ പോലെയുള്ള തന്ത്രപ്രധാന പ്രശ്‌നങ്ങളിൽ, ഒരു വേള രണ്ടു രാഷ്ട്രങ്ങൾക്കിടയിലെയും ശത്രുത യുദ്ധസാധ്യതകളിലേക്ക് വരെ വളരാവുന്ന വിധം വഷളാകുന്നുവെന്നത് സൗഹൃദത്തിന് വിഘാതമായി നിൽക്കുകയും ചെയ്യുന്നു. ആണവായുധ മാനങ്ങളിലേക്ക് വരെ വളർന്നുപോയ സംഘർഷം 1998 മുതലിങ്ങോട്ട് രണ്ടു രാജ്യങ്ങളേയും പരസ്പരം ഈ വിഷയം ചർച്ച ചെയ്യുന്നതിൽ നിന്നു പോലും പിറകോട്ടടിപ്പിച്ചു.
കഴിഞ്ഞ വർഷം യു.എ.ഇയുടെ മധ്യസ്ഥതയിൽ കശ്മീർ അതിർത്തിയിലെ നിയന്ത്രണ രേഖ സംബന്ധിച്ച സംഘർഷത്തിന് അയവു വരുത്താനുള്ള നീക്കം നടന്നുവെങ്കിലും ന്യൂദൽഹിക്കും ഇസ്‌ലാമാബാദിനുമിടക്ക് മഞ്ഞുരുക്കം സാധ്യമായില്ല. സംയുക്ത ചർച്ചകളിലൂടെ സംഘർഷത്തിന് അയവു വരുത്താനുള്ള ശ്രമങ്ങളെ തടയിട്ടത് ഇന്ത്യയിൽ വളർന്നുവരുന്ന ഹിന്ദു ദേശീയതയും പാക്കിസ്ഥാനിലെ നിരന്തരമായ രാഷ്ട്രീയ അനിശ്ചിതത്വവുമായിരുന്നു.
ഇക്കാര്യത്തിൽ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള മുൻകൈ ഏറെക്കുറെ പ്രത്യാശക്ക് വക നൽകുന്നുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച 2022 - 2024 വർഷത്തെ ദേശീയ സുരക്ഷാ നയമനുസരിച്ചുള്ള പുതിയ പ്രഖ്യാപനത്തിലൂടെ പാക് നേതൃത്വം വ്യക്തമാക്കിയത് ജമ്മു കശ്മീർ സംഘർഷം ലഘൂകരിക്കുകയും അത് വഴി ഇന്ത്യയുമായി നല്ല ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്യാൻ പാക്കിസ്ഥാൻ സന്നദ്ധമാണെന്നാണ്.
സ്വയംഭരണാവകാശത്തിനുള്ള കശ്മീർ ജനതയുടെ വികാരം കണക്കിലെടുക്കാതെയുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അവകാശവാദങ്ങളും ഈ വിഷയത്തിൽ (2019 ലെ കശ്മീർ അതിർത്തിയിലെ അധിനിവേശം)  ഐക്യരാഷ്ട്ര സമിതി പാസാക്കിയ നിരവധി പ്രമേയങ്ങൾക്ക് നേരെ മുഖം തിരിച്ചുകൊണ്ടുള്ള ഇന്ത്യൻ നിലപാടും തുറന്നുകാട്ടി, നയതന്ത്രപരമായ ഒരു മുൻകൈയാണ് പാക്കിസ്ഥാൻ ഇക്കാര്യത്തിലെടുക്കാൻ ആഗ്രഹിക്കുന്നത്.
അതിർത്തിയിൽ സോപാധികമായ ശാന്തിയെന്ന പാക് ആശയത്തോട് ഇന്ത്യ ഇനിയും പ്രതികരിച്ചിട്ടില്ല. 'സമാധാനം തേടി; ഇന്ത്യ - പാക് സൗഹൃദത്തിന്റെ സാധ്യത' എന്ന വിഷയത്തിൽ അമ്പത് പ്രമുഖരുടെ ലേഖനങ്ങളുൾക്കൊള്ളുന്ന പുസ്തകം ന്യൂദൽഹിയിൽ പ്രകാശനം ചെയ്യാനിരിക്കേ, ഇരുരാജ്യങ്ങളുടെയും ഇടയ്ക്കുള്ള വിയോജിപ്പിന്റെ അതിരുകൾ മായ്ക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നു. ഇന്ത്യയുടെ മുൻ വിദേശകാര്യ മന്ത്രി യശ്വന്ത് സിൻഹ, പാക് മുൻ വിദേശകാര്യ മന്ത്രി ഖുർഷിദ് മഹ്‌മൂദ് കസൂരി എന്നിവരുടെ ലേഖനങ്ങളും ഈ പുസ്തകത്തിലുണ്ട്. കശ്മീരിന്റെ പേരിൽ രണ്ടു അയൽരാജ്യങ്ങൾ വൈരം തുടരരുതെന്ന വിഷയത്തിനാണ് മുഴുവൻ ലേഖകരും ഊന്നൽ നൽകിയിട്ടുള്ളത്. 
വേൾഡ് ട്രേഡ് സെന്റർ ആക്രമണ ശേഷമുള്ള സങ്കീർണമായ കാലഘട്ടത്തിലാണ് ഞാൻ പാക്കിസ്ഥാനിൽ സൗദി അംബാസഡറായി പ്രവർത്തിച്ചിരുന്നത്. ലോക രാഷ്ട്രീയം സന്ദിഗ്ധ ഘട്ടത്തിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരുന്ന അക്കാലത്ത് ഇന്ത്യയും പാക്കിസ്ഥാനും യുദ്ധമുഖത്ത് നേർക്കു നേർ നിൽക്കുന്ന ഒരവസ്ഥയുണ്ടായിരുന്നു. 2002 ൽ ശത്രുതയോടെ അഭിമുഖം നിന്ന രണ്ടു രാഷ്ട്രങ്ങളും 2006 ആയപ്പോഴേക്ക് സൗഹൃദത്തിന്റെ വഴിയിലേക്ക് തിരിയുന്ന നല്ല കാഴ്ചയാണ് എനിക്ക് കാണാനായത്. പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് മുന്നോട്ടു വെച്ച കശ്മീർ പ്രതിസന്ധി പരിഹാരത്തിനായുള്ള നാലിന നിർദേശങ്ങൾ യശ്വന്ത് സിൻഹയും കസൂരിയും അംഗീകരിക്കുകയായിരുന്നു. ഈ ഉപാധി പ്രകാരം നിയന്ത്രണ രേഖകൾ സംബന്ധിച്ച അവകാശവാദങ്ങൾ മരവിപ്പിക്കുകയും
ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തികൾക്കകത്ത് ജീവിക്കുന്ന കശ്മീരികളുടെ സ്വയംഭരണമെന്ന ആവശ്യം അനുതാപപൂർവം പരിഗണിക്കുകയും നിരായുധീകരണത്തിലൂടെ ജനങ്ങളുടെ പരിഭ്രാന്തി അവസാനിപ്പിക്കുകയും ചെയ്യുകയെന്ന നിർദേശങ്ങൾക്കാണ് രണ്ടു ഭാഗത്ത് നിന്നും സമ്മതമുണ്ടായത്. പക്ഷേ ഒന്നര പതിറ്റാണ്ട് പിന്നിട്ടപ്പോഴേക്കും സമാധാന ഉടമ്പടികളത്രയും കാറ്റിൽ പറന്നു. ഐക്യരാഷ്ട്ര രക്ഷാസമിതി പ്രമേയങ്ങൾക്കോ, ഇന്ത്യ - പാക് ബന്ധം സംബന്ധിച്ച സിംലാ കരാറിനോ പ്രസക്തി നഷ്ടപ്പെടുന്നതാണ് പിന്നീട് കണ്ടത്. ഇത് ഏറെ നിരാശാജനകമായി മാറി. മുഷറഫിന്റെ പതനവും തുടർന്നുള്ള അനിശ്ചിതത്വവും സൈനികരുടെ നിലപാടുമെല്ലാമാണ് പാക്കിസ്ഥാനെ സമാധാന നീക്കങ്ങളിൽ നിന്ന് പിറകോട്ടടിപ്പിച്ചതെന്നാണ് കസൂരി സമർഥിക്കുന്നത്. സിയാചിൻ മേഖലയിലെ സംഘർഷവും പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിന്റെ നിലപാടും ഇക്കാര്യത്തിൽ വിമർശന വിധേയമാകുന്നുണ്ട്.
സമാധാനത്തിനായുള്ള നീണ്ടതും അതേ സമയം സുഗമമവുമായ പാതയാണ് ഇരുരാജ്യങ്ങൾക്കും മുമ്പിലുള്ളതെന്ന് ഞാൻ കരുതുന്നു. അഫ്ഗാൻ പ്രശ്‌നത്തിൽ പാക്കിസ്ഥാനെ യുദ്ധമുഖത്ത് കരുവാക്കാനുള്ള അമേരിക്കയുടെ ലക്ഷ്യം തുടക്കത്തിലേ പരാജയപ്പെടുത്താൻ സാധിച്ചതും ഇന്ത്യ - പാക് സംഘർഷ സാധ്യതയെ അക്കാലത്ത് ഇല്ലാതാക്കി. 
കഴിഞ്ഞ സെപ്റ്റംബറിൽ സൗദി വിദേശകാര്യ മന്ത്രി ഫർഹാൻ ബിൻ ഫൈസൽ രാജകുമാരന്റെ ദൽഹി സന്ദർശനത്തിനിടെ ഇന്ത്യക്കും പാക്കിസ്ഥാനുമിടയ്ക്കുള്ള മഞ്ഞുരുക്കത്തിനുള്ള തന്ത്രപരമായ മാധ്യസ്ഥ്യം ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതുണ്ട്. ഇരുരാഷ്ട്രങ്ങളുടെയും സൗഹൃദമാണ് സൗദി അറേബ്യയും ആഗ്രഹിക്കുന്നത്. ലക്ഷക്കണക്കിന് ഇന്ത്യക്കാർക്കും പാക്കിസ്ഥാനികൾക്കും തൊഴിൽ നൽകുന്ന രാജ്യമാണ് സൗദി അറേബ്യ. ഓരോ വർഷവും ദശലക്ഷക്കണക്കിന് ഇന്ത്യ - പാക് തീർഥാടകർക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്നു. വിവിധ മേഖലകളിലേക്കുള്ള വികസനക്കുതിപ്പിന്റെ വിഷൻ 2030 ന്റെ പദ്ധതികളിൽ ഇരുരാജ്യങ്ങളുടെയും സഹകരണം - പ്രത്യേകിച്ച് ഇന്ത്യൻ ഐ.ടി വിദഗ്ധരുടെ സമാനതകളില്ലാത്ത പങ്കാളിത്തം - സാന്ദർഭികമായി ഇവിടെ സ്മരിക്കേണ്ടതുണ്ട്. ഇന്ത്യ - പാക് പരമ്പരാഗത ശത്രുതയുടെ അടിസ്ഥാനത്തിൽ സൗദി നേതൃത്വം ഇനി ഇരു രാജ്യങ്ങളെയും നോക്കിക്കാണാതെ, സഹകരണത്തിന്റെ സദ്ഫലങ്ങൾ രണ്ടു രാജ്യക്കാരെയും അനുഭവിപ്പിക്കാനാണ് മുൻകൈയെടുക്കേണ്ടത്. 
വ്യക്തിപരമായി കശ്മീർ വിഷയത്തിൽ ഇന്ത്യ സ്വീകരിച്ചുപോരുന്ന നിലപാടിനോട് എനിക്ക് കടുത്ത എതിർപ്പാണുള്ളത്. കശ്മീരിന്റെ ഹിതം കശ്മീരികളുടേതാണ്. ഇന്ത്യാ ഗവൺമെന്റിന്റെ ഇക്കാര്യത്തിലുള്ള പിടിവാശി നല്ലതല്ല. അവിടത്തെ അനവസരത്തിലുള്ള പട്ടാള നടപടികളോടും ഞാൻ ശക്തമായി വിയോജിക്കുന്നു. കശ്മീരിൽ വെടിയൊച്ച മുഴങ്ങാതിരിക്കുകയെന്ന മനുഷ്യ സ്‌നേഹികളുടെ ആവശ്യത്തോടൊപ്പമാണ് നാം നിൽക്കേണ്ടത്. യു.എ.ഇയുടെ ഇക്കാര്യത്തിലുള്ള നേതൃപരമായ നിലപാട് പ്രശംസനീയമാണ്. യുദ്ധമല്ല, സമാധാനമാണ് വേണ്ടത്. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഇരുരാജ്യങ്ങളിലെയും കോടിക്കണക്കിന് മനുഷ്യരുടെയും ജീവിതം സമാധാന പൂർണമാകാൻ, തെറ്റിദ്ധാരണകളുടെ മൂടൽമഞ്ഞ് നീക്കേണ്ടതുണ്ട്. സൗദി അറേബ്യയും ഇക്കാര്യത്തിൽ സമാധാനകാംക്ഷികൾക്കൊപ്പമാണ്. 

(പാക്കിസ്ഥാനിലെ മുൻ സൗദി അംബാസഡറാണ് ലേഖകന്‍)

      

Latest News