ന്യൂദല്‍ഹി- ഭീകരസംഘടനയായ ഐ.എസിന്റെ സാന്നിധ്യം കശമീരില്‍ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഐഎസിന് കശ്മീര്‍ താഴ്വരയില്‍ ആള്‍ബലമോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. ഈ ഭീകര സംഘടന ഇവിടെ നിലനില്‍ക്കുന്നില്ല-ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കി.
ഞായറാഴ്ച ശ്രീനഗറില്‍ പോലീസുദ്യോഗസ്ഥന്‍ ഫാറുഖ് അഹമദ് യാട്ടു കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ ഐഎസ് ആണെന്ന വാദം ഉയര്‍ന്നതിനു തൊട്ടുപിറകെയാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഈ സംഭവത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കറെ തയ്യിബ ആയിരിക്കാമെന്നാണ് കേന്ദ്രം പറയുന്നത്. നേരത്തെ ഹിസ്ബുല്‍ മുജാഹിദീനില്‍ ചേരുകയും പിന്നീട് ലഷ്‌കറിലേക്ക് മാറുകയും ചെയ്തെന്നു കരുതപ്പെടുന്ന കശ്മീരീയായ ഇശ ഫസലിയാണ് കൊലപാതകത്തിനു പിന്നിലെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.
ശ്രീനഗറില്‍ പോലീസുദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് ഐഎസ് അവരുടെ വാര്‍ത്താ ഏജന്‍സിയായ അമാഖ് വഴി അവകാശപ്പെട്ടിരുന്നു. ജമ്മു കശ്മീര്‍ പോലീസ് മേധാവിയും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഇത് ഒറ്റപ്പെട്ട ഭീകരാക്രമണമാകാം എന്നാണ് ഡിജിപി എസ്പി വൈദ് പറഞ്ഞത്. ഐഎസിന്റെ രീതികളില്‍ അകൃഷ്ടരായവരാകാം ആക്രത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.