Sorry, you need to enable JavaScript to visit this website.

സി.പി.എം പ്രവർത്തകർ രാജ്യസ്‌നേഹമില്ലാത്തവരെന്നത് പഴയ പ്രചാരണം- കോടിയേരി

കണ്ണൂർ - സി.പി.എം ആശയങ്ങൾ പൊതുസമൂഹത്തിൽ കൂടുതൽ സ്വീകാര്യത നേടുന്നതിനെ തകർക്കുന്നതിനാണ് പാർട്ടി പ്രവർത്തകർ രാജ്യസ്‌നേഹമില്ലാത്തവരാണെന്ന് രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കണ്ണൂരിൽ ഏപ്രിൽ മാസത്തിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കോടിയേരി.
സി.പി.എം പ്രവർത്തകർ രാജ്യസ്‌നേഹമില്ലാത്തവരാണെന്നത് പഴയ പ്രചാരണമാണ്. ഇത് അടുത്ത കാലത്തായി വീണ്ടും പുറത്തെടുത്തിരിക്കയാണ്. കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുക്കുന്ന ഒരാൾ ഒരു പ്രതിജ്ഞയെടുക്കേണ്ടതുണ്ട്. തൊഴിലാളി വർഗ്ഗത്തേയും, രാജ്യത്തേയും കൂറോടെ സ്‌നേഹിക്കുമെന്നാണ് ഈ പ്രതിജ്ഞ. ഈ പ്രവർത്തകരേയാണ് രാജ്യസ്‌നേഹമില്ലാത്തവരാണെന്ന് മുദ്ര കുത്തുന്നത്. പൊതു സമൂഹത്തിൽ പാർട്ടിയുടെ സ്വാധീനം വർദ്ധിക്കുന്നതു കണ്ട് ശ്രദ്ധ തിരിച്ചുവിടാനാണ് ചിലർ ഈ ആരോപണം ഉയർത്തുന്നത്. കമ്യൂണിസ്റ്റുകാർ കൊലയാളികളും അക്രമകാരികളുമാണെന്ന പഴയ പ്രചാരണവും വീണ്ടും പുറത്തെടുത്തു തുടങ്ങിയിട്ടുണ്ട്. - കോടിയേരി പറഞ്ഞു.
ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയം സംബന്ധിച്ച് പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരി വെളിപ്പെടുത്തിയതു മുതൽ രാജ്യത്തെ പ്രധാന ചർച്ച, സി.പി.എം സ്വീകരിക്കാൻ പോകുന്ന നയസമീപനങ്ങൾ സംബന്ധിച്ചാണ്. രാജ്യത്തിന്റെ ഏറ്റവും വലിയ ഭീഷണി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയാണ്. ഭരണഘടന, ജനാധിപത്യം, മതനിരപേക്ഷത എന്നിവയ്‌ക്കെല്ലാം ഭീഷണിയാണ് ബി.ജെ.പി. അതിനാൽ രാജ്യത്ത് മതന്യൂനപക്ഷങ്ങളും, ദളിതരും ഉൾപ്പെടെയുള്ള ജനസമൂഹം ആശങ്കയിലാണ് - കോടിയേരി പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ പേർ കൊല ചെയ്യപ്പെട്ട സി.പി.എമ്മിനെയാണ് കൊലയാളികൾ എന്ന് മുദ്ര കുത്തുന്നത്. കോൺഗ്രസ് അനുഭാവ കുടുംബത്തിൽ നിന്നെത്തി എസ്.എഫ്.ഐ പ്രവർത്തകനായ ധീരജിനെയാണ് കോൺഗ്രസ് ഏറ്റവുമൊടുവിൽ കൊലക്കത്തിക്കിരയാക്കിയത്. എന്നിട്ടും കൊലയേയും കൊലയാളികളേയും ന്യായീകരിക്കാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. കൊലയാളികളെ തളളിപ്പറയില്ലെന്ന പരസ്യനിലപാടാണ് കെ.പി.സി.സി നേതൃത്വം കൈക്കൊള്ളുന്നത്. ഇത് കമ്യൂണിസ്റ്റുകാർക്കെതിരെയുള്ള ആക്രമണത്തിനുള്ള ആഹ്വാനമാണ്. കെ.പി.സി.സി പ്രസിഡന്റ് കഴിഞ്ഞ ദിവസം പറയുന്നതു കേട്ടു, ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭരണകാലത്ത് ബംഗാളിൽ 55,000 പേരെ സി.പി.എം കൊലപ്പെടുത്തിയെന്നും, ഒരു മന്ത്രി വീടൊഴിഞ്ഞപ്പോൾ, വീട്ടിനകത്തെ തറയ്ക്കടിയിൽ നിന്ന് 500 തലയോട്ടികൾ കണ്ടെത്തിയെന്നും. ഇയാൾക്ക് ഇത്തരം വിവരങ്ങൾ എവിടുന്നു ലഭിക്കുന്നുവെന്ന് അറിയില്ല- കോടിയേരി പറഞ്ഞു.
സംഘാടക സമിതി യോഗം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നടക്കുന്ന അഞ്ചാമത് പാർട്ടി കോൺഗ്രസിൽ സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങൾ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിന്റെ ഗതി വിഗതികൾ നിർണയിക്കുന്നതാവും ഈ രാഷ്ട്രീയ തീരുമാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ സാധു മണ്ഡപത്തിൽ നടന്ന പരിപാടിയിൽ നേതാക്കളായ എം.വി.ജയരാജൻ, ഇ.പി ജയരാജൻ, എം.വി.ഗോവിന്ദൻ മാസ്റ്റർ, പി.കെ.ശ്രീമതി ടീച്ചർ,  എ.വിജയരാഘവൻ, പി.കരുണാകരൻ, ടി.പി. രാമകൃഷ്ണൻ, ജില്ലാസെക്രട്ടറിമാരായ എം.വി. ബാലകൃഷ്ണൻ മാസ്റ്റർ ( കാസർകോട് ), പി. മോഹനൻ മാസ്റ്റർ ( കോഴിക്കോട് ) എന്നിവരും സാമൂഹ്യ , രാഷ്ട്രീയ , സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരായ ടി.പത്മനാഭൻ, ജമിനി ശങ്കരൻ, ബിഷപ്പ് അലക്‌സ് വടക്കുംതല, സ്വാമി കൃഷണാനന്ദ ഭാരതി, മുൻമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, നാടകകൃത്ത് ഇബ്രാഹിം വെങ്ങര, ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത്, ഷെറി ഗോവിന്ദ്, എം .വി നികേഷ്‌കുമാർ, പ്രമോദ് പയ്യന്നൂർ, അബ്ദുൽ ഖാദർ പനക്കാട്ട്, ഒ.വി. മുസ്തഫ , ഐ.ഭവദാസൻ നമ്പൂതിരിപ്പാട് എന്നിവരും പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും, കോടിയേരി ബാലകൃഷ്ണൻ ജനറൽ കൺവീനറും, എം.വി.ജയരാജൻ ട്രഷററുമായ 1001 അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു. സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഇന്ന്  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവ്വഹിക്കും. കലക്ട്രേറ്റിന് സമീപമാണ് സ്വാഗതസംഘം ഓഫീസ്.

Latest News