Sorry, you need to enable JavaScript to visit this website.

ഡോ. ഖഫീൽ ഖാന്റെ പുസ്തകത്തിന്റെ കേരള പ്രകാശനം നടന്നു

കോഴിക്കോട് - യോഗി ആദിത്യനാഥ് എന്ന ഭരണാധികാരിയുടെ പരാജയത്തിന്റെ കഥയാണ് The Gorakhpur Hospital tragedy എന്ന തന്റെ പുസ്തകമെന്ന് ഡോ. കഫീൽ ഖാൻ പറഞ്ഞു.
ബ്രിട്ടനിലെ പാൻ മാക്മില്ലൻ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രചാരണാർഥം വിവിധ സംസ്ഥാനങ്ങളിൽ അദ്ദേഹം നടത്തുന്ന ബുക്ക് ലോഞ്ചിങ്ങിന്റെ കേരളത്തിലെ ലോഞ്ചിങിനായി കോഴിക്കോട്ട് നടത്തിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


എന്നെക്കുറിച്ചുള്ള ഒരു വിവരണമല്ല ഈ പുസ്തകം. മറിച്ച് അതിനപ്പുറം കണ്ണീരിന്റെയും നീതിനിഷേധത്തിന്റെയും അനുഭവ കഥയാണ് ഈ പുസ്തകം. എൺപതോളം കുടുംബങ്ങളുടെ വേദനയാണ് ഇതിലൂടെ ഞാൻ പറയുവാൻ ഉദ്ദേശിച്ചത്. ഇന്നും ദിനേന കുഞ്ഞുങ്ങൾ മരിച്ചുകൊണ്ടിരിക്കുന്ന ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിലെ പാവങ്ങളെക്കുറിച്ച് നാടറിയുവാനാണ് ഞാൻ എന്റെ തൂലിക എടുത്തത്. കേരളത്തിൽ വരുമ്പോൾ ഒരു കുടുംബത്തിൽ എത്തുന്ന പ്രതീതിയാണ് എനിക്കുള്ളത്. എനിക്ക് ഈ പുസ്തകം വായിക്കുന്ന വായനക്കാരോട് പറയുവാനുള്ളത് അധികാരകേന്ദ്രങ്ങളിൽ പിടിപാടില്ലാത്ത  ഓക്‌സിജൻ കിട്ടാതെ ഗോരഖ്പൂർ ആശുപത്രിയിൽ പിടഞ്ഞുമരിച്ച പിഞ്ചു പൈതങ്ങളോട് ഞാൻ എടുത്ത നിലപാട് തന്നെയായിരിക്കുമോ, ഈ പുസ്തകം വായിച്ചതിനുശേഷം നിങ്ങൾ എടുക്കുന്നത് എന്ന് തിരിച്ചറിയണമെന്നാണ്.
എങ്ങനെയാണ് ഒരു ഡോക്ടർ തന്റെ സ്‌തെസ്‌കോപ്പ് മാറ്റിവെച്ച് ആക്ടിവിസ്റ്റായി മാറേണ്ടിവന്നതെന്നതാണ് ഈ പുസ്തകത്തിലൂടെ എനിക്ക് പറയുവാനുള്ളത്. മാർച്ചോടുകൂടി ഈ പുസ്തകം മലയാളത്തിലും പരിഭാഷപ്പെടുത്തി ഇറങ്ങുമെന്നും കഫീൽ ഖാൻ പറഞ്ഞു.


ഇപ്പോഴും ജുഡീഷ്യറിയിൽ ഏറെ വിശ്വസിക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം മാറ്റിനിറുത്തിയ സർക്കാർ സർവീസിൽ വീണ്ടും ഞാൻ തിരിച്ചുകയറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പുറത്തിറങ്ങി ഒരു മാസത്തിനുള്ളിൽ അയ്യായിരം കോപ്പി വിറ്റഴിഞ്ഞ പുസ്തകത്തിന്റെ ലോഞ്ചിംഗ് ചടങ്ങ് കോഴിക്കോട് സോളിഡാരിറ്റി മൂവ്‌മെന്റാണ് സംഘടിപ്പിച്ചത്. ചടങ്ങിൽ പങ്കെടുത്ത എം.കെ.രാഘവൻ എം.പി, ഒരു പൗരന് ലഭിക്കേണ്ട സാമാന്യ നീതി പോലും ലഭിക്കാത്ത വ്യക്തിയാണ് കഫീൽ ഖാൻ എന്ന് പറഞ്ഞു.
ഒറ്റ വായനയിൽ വായിക്കാവുന്ന പുസ്തകമാണിതെന്ന് ചടങ്ങിൽ സംസാരിച്ച ഡോ. എം.കെ.മുനീർ എം.എൽ.എയും പറഞ്ഞു. നഹാസ് മാള, മുഹമ്മദ് ഷിഹാദ് എന്നിവരും പങ്കെടുത്തു.

Latest News