Sorry, you need to enable JavaScript to visit this website.

കോൺഗ്രസ് നേതാവിന്റെ മത്സ്യകൃഷി നശിപ്പിച്ചു

തലശ്ശേരി- രാഷ്ട്രീയ വിരോധം കാരണം കോൺഗ്രസ് നേതാവിന്റെ വീട്ടിലെ മത്സ്യകൃഷി നശിപ്പിച്ചു. തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും കടവത്തൂർ അർബൻ സഹകരണ സംഘം ഡയറക്ടറുമായ മുണ്ടത്തോട്ടെ കാട്ടിൽ പൂളയുള്ള പറമ്പത്ത് പി.പി. കുമാരൻ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തയാറാക്കിയ ബയോഫ്‌ലോക്ക് മത്സ്യ കൃഷിയാണ് സാമൂഹ്യ ദ്രോഹികൾ ഇരുട്ടിന്റെ മറവിൽ നശിപ്പിച്ചത്. മൂന്ന് മാസം പ്രായമായ 1250 ഓളം മത്സ്യങ്ങളെ കുളത്തിലെ വൈദ്യുതി വിച്ഛേദിച്ചും എയർ പൈപ്പ് മുറിച്ചും ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. മത്സ്യങ്ങളെല്ലാം വെള്ളത്തിൽ ചത്തു പൊങ്ങി.
ഡി.സി.സി ജനറൽ സെക്രട്ടറിയും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റുമായ കെ.പി. സാജു സ്ഥലം സന്ദർശിച്ച് ശക്തമായ പ്രതിഷേധം രേഖപെടുത്തി. 
ഇതിനു പിന്നിൽ പ്രവർത്തിച്ചവർ നാടിനാപത്താണെന്നും ഇത്തരം സാമൂഹ്യ ദ്രോഹികൾക്കെതിരെ നാടൊന്നിച്ച് നിൽക്കണമെന്നും കെ.പി. സാജു ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളായ എം.പി. ഉത്തമൻ, വി.പി. കുമാരൻ മാസ്റ്റർ , എ.പി. ഫൈസൽ, ഇ. സജീവൻ, കെ.കെ. വിജേഷ്, അഫ്‌സൽ. സി .എച്ച്, കെ.പി. പ്രകാശൻ എന്നിവരും സ്ഥലം സന്ദർശിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് സംഭവത്തിൽ പ്രതിഷേധിച്ചു. പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്.

Latest News