Sorry, you need to enable JavaScript to visit this website.
Sunday , May   29, 2022
Sunday , May   29, 2022

സി.പി.എമ്മിന്റെ തിരുവാതിര ചിട്ടപ്പെടുത്തിയത് ആർ.എസ്.എസ് പ്രവർത്തകനെന്ന് അശോകൻ ചരുവിൽ

കണ്ണൂർ- കോവിഡ് അതിവ്യാപനത്തിനിടെ സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവാദ മെഗാ തിരുവാതിര സംഘടിപ്പിച്ചത് ആർ.എസ്.എസ് ആണെന്ന ഗുരുതര ആരോപണവുമായി സി.പി.എം പോഷക സംഘടനയായ പുരോഗമന കലാസാഹിത്യസംഘം ജനറൽ സെക്രട്ടറിയുടെ ഫെയ്‌സ്ബുക് പോസ്റ്റ്. കണ്ണൂരിൽ എസ്.എഫ്.ഐ പ്രവർത്തകന്റെ വിലാപയാത്ര നടക്കുന്നതിനിടെ സംഘടിപ്പിച്ച മെഗാ തിരുവാതിരയിലെ പിണറായി സ്തുതിയെ ന്യായീകരിക്കാൻ നടത്തിയ വിശദീകരണത്തിലാണ് പു.ക.സ ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഈ ഗുരുതരമായ പരാമർശം നടത്തിയത്.
അത്യന്തം വികലമായ ആ പിണറായി സ്തുതിക്ക് പിന്നിൽ ആർ.എസ്.എസ് ആണെന്നും ഇത് ചിട്ടപ്പെടുത്താൻ ആർ.എസ്.എസ് അനുഭാവിയായ ആളെ ഏൽപിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അശോകൻ ചരുവിൽ ഫെയ്‌സ്ബുക് പോസ്റ്റിൽ പറയുന്നു. പിണറായി സ്തുതിയെ ന്യായീകരിക്കാൻ നടത്തിയ ഈ ശ്രമം പക്ഷെ, സി.പി.എമ്മിന്റെ സംഘടനാ സംവിധാനത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്. 
മെഗാ തിരുവാതിര മൂന്ന് കാരണങ്ങളാൽ അവിവേകമായി പോയി എന്ന് പറഞ്ഞു അശോകൻ ചരുവിൽ, അതിൽ ഒരു കാരണമായാണ് ആർ.എസ്.എസ് സാന്നിധ്യത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്. തിരുവാതിര വിവാദം അവസാനിപ്പിക്കുകയെന്ന ലക്ഷ്യമിട്ടാണ് പ്രശസ്ത സാഹിത്യകാരൻ കൂടിയായ അശോകൻ ചരുവിൽ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ടത്. എന്നാൽ ഇത് പുതിയ വിവാദങ്ങൾക്ക് വഴി മരുന്നിടുന്നതായി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: 
തിരുവാതിരക്കളിയും പുരോഗമന പ്രസ്ഥാനങ്ങളും. സി.പി.ഐ.എമ്മിന്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പാറശ്ശാലയിലെ പ്രാദേശിക സംഘാടകസമിതി സംഘടിപ്പിച്ച തിരുവാതിരക്കളി അവതരണം മൂന്ന് കാര്യങ്ങൾ കൊണ്ടാണ് അവിവേകമായത്. ഒന്ന് ഇടുക്കിയിലെ കോളേജിൽ കടന്ന് യൂത്ത് കോൺഗ്രസുകാർ കൊലചെയ്ത സഖാവ് ധീരജിന്റെ ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നടക്കുന്ന സമയമായിരുന്നു അത്. 
രണ്ട് കോവിഡ് പടരുന്ന സാഹചര്യത്തിൽ 500 പേരെ പങ്കെടുപ്പിച്ച് നടത്തിയത് ശരിയല്ല. മൂന്ന് അത്യന്തം വികലമായ ഒരു സാഹിത്യമാണ് അതിന് ഉപയോഗിക്കപ്പെട്ടത്. ആർ.എസ്.എസ് അനുഭാവിയായ ഒരാളെ ആ കലാപരിപാടി ചിട്ടപ്പെടുത്താൻ ഏൽപിച്ചത് എന്തുകൊണ്ട് എന്ന് പരിശോധിക്കേണ്ടതാണ്.
എന്നാൽ ഫ്യൂഡൽ കാലത്തിന്റെ സംഭാവനയാകയാൽ തിരുവാതിര എന്ന കലാരൂപത്തെ പുരോഗമന ജനാധിപത്യ വേദികളിൽ അവതരിപ്പിച്ചു കൂടാ എന്ന വിമർശനത്തോട് യോജിക്കാനാവില്ല. ക്ലാസിക്കലും നാടോടിയുമായി ലഭിച്ച കലാരൂപങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ഒരു സമൂഹത്തിനും മുന്നോട്ടു പോകാനാവില്ല. മോഹിനിയാട്ടവും ഭരതനാട്യവും കർണാടിക് സംഗീതവും ഉപേക്ഷിക്കാനാവുമോ? ഫ്യൂഡൽ അവിശിഷ്ടജീർണതകളോടുള്ള സമരം പ്രധാനമാണ്. പക്ഷേ അക്കാലത്തും കല നിർമിച്ചത് ജനങ്ങളാണ് എന്നത് ഓർക്കണം. കല്ലുകടുക്കൻ അഴിച്ചെടുത്ത് കാരണവരെ പട്ടടയിൽ വെക്കുക എന്ന നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടത്. തിരുവാതിരക്കളി (കൈക്കൊട്ടിക്കളി എന്നപോലെ) തികച്ചും ജനകീയമായ കലാരൂപമാണ്. കാര്യമായ പഠനവും പരിശീലനവുമില്ലാതെ ആളുകൾക്ക് പങ്കെടുക്കാം. പണിയെടുക്കുന്ന മനുഷ്യർ വിശ്രമവേളകളിൽ ഒത്തുകൂടി ചുവടുവെച്ച് നടത്തുന്ന ഇത്തരം നൃത്തരൂപങ്ങൾ എല്ലാ സമൂഹത്തിലുമുണ്ട്. കാണുന്നവരേക്കാളേറെ പങ്കെടുക്കുന്നവർക്ക് വലിയ മാനസിക ഉല്ലാസമാണ് ഈ കലാരൂപം നൽകുന്നത്.
തിരുവാതിരക്കളി സ്ത്രീ ശരീരത്തിന്റെ ആവിഷ്‌ക്കാരമാണ് എന്നതാണ് മറ്റൊരു വിമർശനം. അതിൽ സംശയമില്ല. ഏതാണ്ട് എല്ലാ നൃത്തരൂപങ്ങളും ശരീരത്തിന്റെ ആവിഷ്‌ക്കാരങ്ങളാണ്. അതിന്റെ പേരിലാണ് മതപൗരോഹിത്യങ്ങൾ അവയെ വിലക്കുന്നത്. നൃത്തങ്ങളിലെ സർഗാത്മകമായ ലൈംഗീകത അസഹ്യമായി തോന്നുന്നവർ അതു പോയി കാണാതിരിക്കുക എന്നല്ലാതെ എന്തു പറയാനാണ്. -അശോകൻ ചരുവിൽ.
 

Latest News