അഹമദാബാദ്- ഗുജറാത്തിലെ സബര്‍കന്ദ ജില്ലയിലെ ഗോരാലില്‍ മീശ വെച്ചത് ചോദ്യം ചെയ്ത് 23-കാരനായ ദലിത് യുവാവിനെ ഠാക്കൂര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ക്രൂരമായി മര്‍ദിച്ചു. ബലപ്രയോഗത്തിലൂടെ മീശ പൂര്‍ണമായും വടിച്ചു കളയുകയും ചെയ്തു. ദലിത് യുവാവ് അല്‍പേഷ് പാണ്ഡ്യ ബൈക്കോടിച്ചു പോകുന്നതിനിടെയാണ് ഒരു സംഘം യുവാക്കള്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. ഫെബ്രുവരി 23-നാണ് സംഭവം നടന്നത്. മര്‍ദനത്തില്‍ പരിക്കേറ്റ അല്‍പേഷ് ഹിമ്മത്ത്നഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോഴും. സംഭവത്തില്‍ പോലീസ് എട്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു അല്‍പേഷ്. ആക്രമിക്കാനെത്തിയ യുവാക്കള്‍ തന്റെ സ്വന്തം നാട്ടുകാരായ ഠാക്കൂര്‍ വിഭാഗക്കാരാണെന്നും അദ്ദേഹം പറഞ്ഞു. വടികളും പൈപ്പുകളും ഉപയോഗിച്ചാണ് ആക്രമിച്ചത്. ഇതിനിടെ എന്തിനാണിത്ര വലിയ മീശ വെച്ചിരിക്കുന്നതെന്ന് ചോദിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമികള്‍ ബലമായി പിടിച്ചുവെച്ച് തന്റെ മീശ വടിച്ചെടുത്തതെന്ന് അല്‍പേഷ് പറയുന്നു.
രണ്ടു വര്‍ഷമായി താന്‍ മീശ വളര്‍ത്തുന്നുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. എന്റെ രക്ഷിതാക്കളടക്കം ദലിത് വിഭാഗക്കാര്‍ പലപ്പോഴും മീശ വെച്ചതിന് ആക്രമങ്ങള്‍ നേരിട്ടിട്ടുണ്ട്്. ഞങ്ങള്‍ ദലിതര്‍ ആയതു കൊണ്ടു മാത്രമാണിത്. എന്നാല്‍ മീശ വടിക്കുന്ന സംഭവം എന്റെ ഗ്രാമത്തില്‍ ആദ്യ സംഭവമാണ്- എം എസ് ഡ്ബ്യു വിദ്യാര്‍ത്ഥിയായ അല്‍പേഷ് പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗാന്ധിനഗറിലെ ലിബോദരയില്‍ മീശ വെച്ചതിന് രണ്ട് ദലിത് യുവാക്കളെ ആക്രമിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.






