Sorry, you need to enable JavaScript to visit this website.

വാക്‌സിനേഷൻ യജ്ഞത്തിന് ഒരു വയസ്സ്; പ്രത്യേക സ്റ്റാമ്പുമായി ഇന്ത്യ

ന്യൂദൽഹി- കോവിഡിനെതിരായ ഇന്ത്യയുടെ വാക്‌സിനേഷൻ യജ്ഞത്തിന് ഞായറാഴ്ച ഒരു വർഷം പൂർത്തിയായി. 156.76 കോടി ഡോസുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രായപൂർത്തിയായവരിൽ 92 ശതമാനത്തിലധികം പേർ ഒരു ഡോസും 68 ശതമാനത്തിലധികം പേർ രണ്ടു ഡോസ് വാക്‌സിനും എടുത്തു. മഹാമാരിക്കെതിരേ പോരാടാൻ വാക്‌സിൻ കരുത്തു നൽകിയെന്നും ഇന്ത്യ അഭിമാന നേട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. നിരന്തര പഠനങ്ങളുടെയും പരീക്ഷണങ്ങളിലൂടെയും കടന്നുപോയ നമ്മുടെ ശാസ്ത്രജ്ഞരും വിദഗ്ധരും വാക്‌സിനുകൾ കണ്ടെത്തി. വാക്‌സിൻ യജ്ഞം വിജയിപ്പിച്ച ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരെ അഭിനന്ദിക്കുന്നു.
രാജ്യത്തു കോവിഡ് വാക്‌സിൻ കുത്തിവെയ്പ് തുടങ്ങിയതിന്റെ ഒന്നാം വാർഷിക ദിനത്തിൽ, തദ്ദേശീയ വാക്‌സിനിറക്കിയതിന്റെ സ്മരണാർത്ഥം കേന്ദ്ര സർക്കാർ പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി. കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യ പ്രകാശനം ചെയ്തു. ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക്കും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ചേർന്നാണ് കോവാക്‌സിൻ എന്ന ആദ്യ തദ്ദേശീയ കോവിഡ് വികസിപ്പിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വിജയകരമായ വാക്‌സിൻ കുത്തിവെയ്പ് യജ്ഞമാണ് ഇന്ത്യ നടത്തുന്നതെന്ന് മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
അതിനിടെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.58 (2,58,089) ലക്ഷം പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 385 മരണവും സ്ഥിരീകരിച്ചു. 1,51,740 പേർ രോഗമുക്തരായി. രാജ്യത്തെ രോഗമുക്തി നിരക്ക് 94.27 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 19.65 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 14.41 ശതമാനവുമാണ്. ആകെ ഒമിക്രോൺ കേസുകൾ 8209 ആയി.
 

Tags

Latest News