Sorry, you need to enable JavaScript to visit this website.

സിൽവർ ലൈൻ പദ്ധതിക്കെതിരെ രംഗത്തുവരുന്നവരെ ആക്ഷേപിക്കുകയാണ് കോടിയേരി-സുധാകരൻ

തിരുവനന്തപുരം- സിൽവർ ലൈൻ പദ്ധതിക്കെതിരെ രംഗത്തുവരുന്നവരെല്ലാം കോർപറേറ്റുകളിൽനിന്ന് പണം  കൈപ്പറ്റുന്നവരാണെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടച്ചാക്ഷേപിച്ചത് ഏതുവിധേനയും പദ്ധതി നടപ്പാക്കാനാണെന്നു കെ.പിസി.സി പ്രസിഡന്റ് കെ.സുധാകരൻ. യു.ഡി.എഫും നിരവധി സാമൂഹ്യസാംസ്‌കാരിക സംഘടനകളും പദ്ധതിയെ എതിർക്കുന്നവരാണ്. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന 40 പേരും രംഗത്തുവന്നു. ഇവരിൽ ബഹുഭൂരിപക്ഷംപേരും ഇടതുസഹയാത്രികരാണ്.  സി.പി.എമ്മുമായി വളരെ അടുത്തുപ്രവർത്തിച്ചവരും അവരുടെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചവരുമുണ്ട്.  ജനകീയാസൂത്രണം ഉൾപ്പെടെയുള്ള പരിപാടികൾ വിജയിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചവരുണ്ട്. സമൂഹം അങ്ങേയറ്റം ആദരിക്കുന്നവരാണിവർ. എന്നാൽ എല്ലാവരെയും കോടിയേരി അടച്ചാക്ഷേപിക്കുകയാണെന്നു സുധാകരൻ പറഞ്ഞു.  
സർക്കാരിന്റെ ദുർബലമായ പൊതുധനകാര്യവും വർധിച്ചുവരുന്ന പാരിസ്ഥിതിക ദുർബലതയും കണക്കിലെടുക്കണം, പദ്ധതി സംസ്ഥാനത്തിനു ഭാരിച്ച കടബാധ്യത വരുത്തും, ഏകപക്ഷീയമായാണ് പദ്ധതി നടപ്പാക്കുന്നത് തുടങ്ങിയ നിരവധി ആശങ്കകളാണ്  40 പേർ മുഖ്യമന്ത്രിയോടു പങ്കുവച്ചത്. ഇക്കാര്യങ്ങളാണ് യു.ഡി.എഫും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.
സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമ്പോൾ ലഭിക്കാനിടയുള്ള  ശതകോടികളുടെ കമ്മീഷന് മറയിടാനാണ് കോടിയേരി പദ്ധതിയെ എതിർക്കുന്നവർക്കെതിരേ വന്യമായ ആരോപണം ഉന്നയിക്കുന്നത്.   ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കുകയും പിന്നെ തല്ലിക്കൊല്ലാൻ ആളെക്കൂട്ടുകയും ചെയ്യുന്ന സി.പി.എമ്മിന്റെ പതിവുതന്ത്രമാണ് കോടിയേരി പയറ്റുന്നതെന്നു സുധാകരൻ പറഞ്ഞു.
 

Latest News