Sorry, you need to enable JavaScript to visit this website.

സ്റ്റാർട്ടപ്പ് സംരംഭങ്ങൾ വിപണിയിലെ മത്സരങ്ങളുടെ നിയമങ്ങൾ മാറ്റിയെഴുതുന്നു -പ്രധാനമന്ത്രി

ന്യൂദൽഹി- രാജ്യത്തെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ വിപണിയിലെ മത്സരങ്ങളുടെ നിയമങ്ങൾ മാറ്റിയെഴുതുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടു. രാജ്യത്തെ സ്റ്റാർട്ടപ്പ് സംരംഭകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാർട്ടപ്പുകളുടെ സുവർണ കാലഘട്ടമാണിതെന്ന് പറഞ്ഞ മോഡി, പുതിയ ഇന്ത്യയുടെ നട്ടെല്ലായി സ്റ്റാർട്ടപ്പുകൾ മാറുമെന്ന് വിശ്വസിക്കുന്നതായും പറഞ്ഞു. രാജ്യത്തിന്റെ നാനാദിക്കിലും സ്റ്റാർട്ടപ്പ് സംസ്‌കാരം ബോധവത്കരിക്കാനാണ് ജനുവരി 16 ദേശീയ സ്റ്റാർട്ടപ്പ് ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചതെന്നും  അദ്ദേഹം പറഞ്ഞു. സംരംഭങ്ങളെയും പുത്തൻ ആശയങ്ങളും ചുവപ്പു നാടയുടെ കുരുക്കിയ നിന്ന് മോചിപ്പിക്കുകയും പുതിയ ആശയങ്ങളെ പ്രോത്സാഹിപ്പിക്കും വിധം വ്യവസ്ഥാപിത സംവിധാനം ഒരുക്കലും യുവാക്കൾക്കും അവരുടെ സംരംഭങ്ങൾക്കും കൈത്താങ്ങാകാനുമാണ് തന്റെ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം രാജ്യത്ത് ഉയർന്നുവന്നത് 42 യൂനികോണുകളാണെന്ന കാര്യം അദ്ദേഹം പ്രസംഗത്തിനിടെ ഓർമിപ്പിച്ചു. ആയിരക്കണക്കിനു കോടി രൂപ മൂല്യമുള്ള ഇത്തരം കമ്പനികളാണ് സ്വയംപര്യാപ്തമായ, ആത്മവിശ്വാസമുള്ള ഇന്ത്യയുടെ മുഖമുദ്രയെന്ന പ്രശംസയും പ്രധാനമന്ത്രി നടത്തി. ഇന്ന് ഇന്ത്യ യൂനികോണുകളുടെ ശതകത്തിലേയ്ക്കു കുതിക്കുകയാണ്. ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളുടെ സുവർണ കാലഘട്ടത്തിനാണ് ഇപ്പോൾ തുടക്കം കുറിക്കുന്നതെന്നു ഞാൻ വിശ്വസിക്കുന്നു. യുവാക്കൾ സ്വപ്‌നങ്ങളെ പ്രാദേശികമായി ഒതുക്കാതെ ആഗോള തലത്തിലെത്തിക്കണമെന്നും അക്കാര്യം എപ്പോഴും ഓർമയിൽ വെക്കണമെന്നും അദ്ദേഹം പറഞ്ഞു.


 

Latest News