Sorry, you need to enable JavaScript to visit this website.

വിദേശ വിപണികളിൽ ചാഞ്ചാട്ടം; പണപ്പെരുപ്പം ആശങ്ക സൃഷ്ടിക്കുന്നു 


പുതുവർഷം പിറന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും വിൽപനക്കാരുടെ പിടിയിൽ നിന്നും രക്ഷ നേടാനാവാതെ അമേരിക്കയിലെയും യൂറോപ്പിലെയും ഓഹരി വിപണികൾ ആടി ഉലയുന്നു. ഇന്ത്യൻ മാർക്കറ്റ് തുടർച്ചയായ നാലാം വാരത്തിലും മികവ് കാണിച്ചത് നിക്ഷേപകരെ ആവേശം കൊള്ളിച്ചു. രണ്ടാഴ്ച കൊണ്ട് അഞ്ച് ശതമാനം കുതിച്ചുചാട്ടമാണ് സെൻസെക്‌സും നിഫ്റ്റിയും കാഴ്ചവെച്ചത്. ബോംബെ സെൻസെക്‌സ് 1478 പോയന്റും നിഫ്റ്റി സൂചിക 443 പോയന്റും പിന്നിട്ട വാരം ഉയർന്നു. 
    വിപണിയുടെ പ്രതീക്ഷയ്ക്ക് ഒത്ത് പണപ്പെരുപ്പം പിടിച്ചു നിർത്താനാവാത്തത് ആശങ്കക്ക് ഇടയാക്കുന്നു. പല സംസ്ഥാനങ്ങളിലും കോവിഡ് കണക്കുകൾ അതിവേഗത്തിൽ ഉയരുന്നതിനൊപ്പം നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് വീണ്ടും സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കാം.
  ധനമന്ത്രാലയം ബജറ്റ് പ്രഖ്യാപനത്തിനുള്ള ഒരുക്കത്തിലാണ്, ഫെബ്രുവരി ഒന്നിനാണ് ബജറ്റ്. പാർളിമെന്റിലെ നിരവധി ജീവനക്കാർ കോവിഡ് ബാധിതരാണെങ്കിലും കൃത്രസമയത്ത് ബജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. കോവിഡ് മൂന്നാം തരംഗം രൂക്ഷമാക്കുന്നതിനിടയിൽ പുതിയ നികുതി നിർദേശങ്ങൾക്ക് നീക്കം നടത്തുമോ? അതോ നികുതി ഇളവുകൾക്ക് തയാറാവുമോ? മുന്നിലുള്ള രണ്ടാഴ്ചകളിൽ ഇത് മൂലം സൂചികയിൽ ശക്തമായ ചാഞ്ചാട്ടത്തിന് ഇടയുണ്ട്. 
   മുൻനിര ഓഹരികളായ കോൾ ഇന്ത്യ, ടാറ്റാ സ്റ്റീൽ, ആർ ഐ എൽ, എസ് ബി ഐ, എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ ബാങ്ക്, സൺ ഫാർമ്മ, റ്റി സി എസ്, എയർ ടെൽ, മാരുതി, ഐ റ്റി സി തുടങ്ങിയവയിലും വാങ്ങൽ താൽപര്യം ശക്തമായിരുന്നു. ഡോ. റെഡീസ്, എച്ച് യു എൽ, വിപ്രോ തുടങ്ങിയവയ്ക്ക് തിരിച്ചടി നേരിട്ടു. 
  വിനിമയ വിപണിയിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 74.46 ൽ നിന്ന് 73.74 ലേയ്ക്ക് ശക്തി പ്രാപിച്ചങ്കിലും വാരാന്ത്യം 74.15 ലാണ്.
   വിദേശ ഫണ്ടുകൾ പിന്നിട്ട വാരം 2989 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചതിനൊപ്പം 112 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ അഞ്ച് ദിനങ്ങളിലായി മൊത്തം 3629 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 
   നിഫ്റ്റി സൂചിക രണ്ടാഴ്ചകളിലായി സ്വന്തമാക്കിയത് 900 പോയന്റാണ്. വിപണിയിലെ  ബുള്ളിഷ് ട്രെന്റ് കണ്ട് ലാഭമെടുപ്പിന് നിക്ഷേപകർ കാര്യമായ ഉത്സാഹം കാണിച്ചില്ല. സൂചിക 17,812 ൽ നിന്നും 18,286 പോയന്റ് വരെ ഉയർന്നങ്കിലും ക്ലോസിങിൽ 18,225 പോയന്റിലാണ്. ഈ വാരം ആദ്യ തടസ്സം 18,398 ലാണ്. ഇത് മറികടന്നാൽ സൂചിക 18,541 വരെ മുന്നേറാം. നിഫ്റ്റിയുടെ താങ്ങ് 18,000 പോയന്റിലാണ്.  
    ബോംബെ സെൻസെക്‌സ് 59,744 പോയന്റിൽ നിന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ഒരുവേള സൂചിക 61,324 വരെ ഉയർന്ന ശേഷം ക്ലോസിങിൽ 61,223 പോയന്റിലാണ്. ഈ വാരം 61,679 പോയിലാണ് ആദ്യ തടസ്സം. ഇത് മറികടന്നാൽ സെൻസെക്‌സ് 62,136 നെ ലക്ഷ്യമാക്കി നീങ്ങും. സെൻസെക്‌സിന് താങ്ങ് 60,410 പോയന്റാണ്. 
       ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം കുറയുന്നു. ജനുവരി ഏഴിന് അവസാനിച്ച ആഴ്ചയിൽ കരുതൽ ധനം 897 മില്യൺ ഡോളർ കുറഞ്ഞ് 632.7 ബില്യൺ ഡോളറിലെത്തി. രൂപയ്ക്ക് താങ്ങ് പകരാൻ ഡോളർ വിറ്റതും കരുതൽ ശേഖരം കുറയാൻ ഇടയാക്കി. 
   ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു, എണ്ണ വില ബാരലിന് 81 ഡോളറിൽ നിന്നും 86.45 ഡോളറായി. സ്വർണ വില ട്രോയ് ഔൺസിന് 1797 ഡോളറിൽ നിന്നും 1830 വരെ ഉയർന്ന ശേഷം വാരാന്ത്യം 1818 ഡോളറിലാണ്. 


 

Latest News