Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ ബാങ്ക് ശാഖകളിൽ  തിരക്കിന്റെ കാലം വീണ്ടും 

ഈ നൂറ്റാണ്ട് പിറന്നതിൽ പിന്നെ ഇന്ത്യയിലെ ദേശസാത്കൃത ബാങ്ക് ശാഖകളിൽ മുമ്പത്തെ പോലെ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. വളരെ അത്യാവശ്യ കാര്യങ്ങൾക്കു മാത്രമാണ് ഇടപാടുകാർ ബാങ്ക് ബ്രാഞ്ചുകളിലെത്തിയിരുന്നത്. നാടെങ്ങും എ.ടി.എമ്മുകൾ വ്യാപകമായതോടെ ബാങ്കിംഗ് സമയമല്ലാത്തപ്പോഴും യഥേഷ്ടം പണം പിൻവലിക്കാമായിരുന്നു. കൈവശമുള്ള തുക ശാഖകളിൽ ചെല്ലാതെ തന്നെ നിക്ഷേപിക്കുകയും ചെയ്യാമായിരുന്നു. അതുകൊണ്ടു തന്നെ നാൽപതും അൻപതും ജീവനക്കാരുണ്ടായിരുന്ന നഗരങ്ങളിലെ സ്റ്റേറ്റ് ബാങ്ക് ബ്രാഞ്ചിൽ പോലും സ്റ്റാഫിന്റെ എണ്ണം  അര ഡസൻ വരെയായി ചുരുങ്ങിയതും ആരും കാര്യമാക്കിയില്ല. എ്ല്ലായിടത്തും എ.ടി.എമ്മുകളുണ്ടല്ലോ. ബാങ്കിംഗ് മേഖലയിൽ ഇടക്കിടെ റിക്രൂട്ട്‌മെന്റ് നടത്തുന്നതൊക്കെ പണ്ട്. വളരെ അപൂർവമായാണ് ഇപ്പോൾ ഇതു സംബന്ധിച്ച പരസ്യങ്ങൾ വരുന്നത് തന്നെ. ബാങ്ക് ബ്രാഞ്ചുകളെ ഇടപാടുകാർ ഉപേക്ഷിച്ച സാഹചര്യത്തിന് നേരെ വിപരീതമായ സ്ഥിതിയാണ് പുതുവർഷത്തിലെ ചില തല തിരിഞ്ഞ പരിഷ്‌കാരം വരുത്തിത്തീർക്കുന്നത്. റിസർവ് ബാങ്കാണ് എ.ടി.എം ഉപയോഗത്തിന് ഫീസ് ഏർപ്പെടുത്തിയത്. അക്കൗണ്ടുള്ള ബാങ്കിന്റെ എ.ടി.എമ്മിൽ മാസത്തിൽ അഞ്ച് ഇടപാടിന് ഫീസില്ല. സൗജന്യ പരിധി അവസാനിച്ചതിന് ശേഷം ഉപഭോക്താക്കൾ നടത്തുന്ന ഓരോ ഇടപാടിനും 21 രൂപ നൽകണം. 


ജനുവരി 1 മുതൽ സൗജന്യ പരിധിക്ക് ശേഷം പണം  പിൻവലിക്കുമ്പോൾ  കൂടുതൽ തുക ബാങ്ക് ഈടാക്കുന്നുണ്ട്. ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്താനാകുന്ന സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാൽ ബാങ്കുകൾ അധികം തുക ഈടാക്കും. ഉപഭോക്താവ് സൗജന്യ പ്രതിമാസ പരിധി അവസാനിച്ചതിന് ശേഷം  എ.ടി.എം ഉപയോഗിച്ച് പണം പിൻവലിക്കുമ്പോൾ ആണ് ബാങ്ക് അധിക തുക ഈടാക്കുക. അക്കൗണ്ടുള്ള ബാങ്കിന് പല കേന്ദ്രങ്ങളിലും എ.ടി.എം ഉണ്ടായിക്കൊള്ളണമെന്നില്ല. അങ്ങനെ വരുമ്പോൾ ഇടപാടുകാരൻ നൽകുന്ന ഫീസ് കുത്തനെ ഉയരും. 2014 ഓഗസ്റ്റ് മുതൽ നിരക്കുകളിൽ മാറ്റം വരുത്തിയത് ഇതാദ്യമാണ്.    ഏഴ് വർഷത്തിന് ശേഷമാണ് എ.ടി.എം ഇടപാടുകളുടെ നിരക്കുകൾ റെഗുലേറ്റർ ഉയർത്തുന്നത്. എ.ടി.എം ഇടപാടുകൾക്കുള്ള ഇന്റർചേഞ്ച് ഫീസ് ഘടനയിൽ അവസാനമായി മാറ്റം വരുത്തിയത് 2012 ഓഗസ്റ്റിലാണ്. ഉപയോക്താക്കൾ നൽകേണ്ട ചാർജുകൾ അവസാനമായി 2014 ഓഗസ്റ്റിലാണ് പരിഷ്‌കരിച്ചത്. അക്കൗണ്ടുള്ള ബാങ്കിന്റെ എ.ടി.എമ്മുകളിൽ നിന്ന് മെട്രോ നഗരങ്ങളിൽ പ്രതിമാസം മൂന്ന് ഇടപാടുകളും മെട്രോ ഇതര നഗരങ്ങളിൽ അഞ്ച് ഇടപാടുകളും  സൗജന്യമാണ്. 


മറ്റു ബാങ്കുകളുടെ എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് വളരെ ഉയർന്ന ഫീസ് നൽകേണ്ടി വരും. ആർ.ബി.ഐ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി, ആക്‌സിസ് ബാങ്ക് ഉൾപ്പെടെ നിരക്ക് വർധന പ്രഖ്യാപിച്ചു. ബാങ്കിലോ മറ്റു ബാങ്ക് എ.ടി.എമ്മുകളിലോ സൗജന്യ പരിധിക്ക് മുകളിൽ നടത്തുന്ന ഓരോ പണം ഇടപാടിനും 21 രൂപ ഫീസും ജി.എസ്.ടിയും  ഈടാക്കും.  സൗജന്യ ഇടപാടുകളുടെ പ്രതിമാസ പരിധി കവിഞ്ഞാൽ ആണ് അധിക തുക നൽകേണ്ടത്. ഇത്തരമൊരു സാഹചര്യത്തിൽ ബ്രാഞ്ചിൽ ചെന്ന് ചെക്ക് ലീഫ് എഴുതി കാര്യം സാധിക്കുന്നതാണ് ഇടപാടുകാരന് എളുപ്പം. പ്രതിമാസം അറുപതും അതിലേറെയും തവണ എ.ടി.എമ്മിൽ ചെല്ലുന്ന ഇടപടുകാർക്ക് ലാഭകരവും ഇതു തന്നെയാണ്. 


മിക്ക ദേശസാത്കൃത ബാങ്കുകളുടെ എ.ടി.എമ്മുകളിലും അഞ്ഞൂറിന്റെ ഡിനോമിനേഷനിലെ കറൻസിയേ ഉണ്ടാവുകയുള്ളൂ. നൂറിനും ഇരുന്നൂറിനും ഒരു വിലയുമില്ലാത്തത് പോലെയാണ് എ.ടി.എമ്മുകൾ. ചെറിയ തുക പിൻവലിക്കാനാവാതെ ആളുകൾ പ്രയാസപ്പെടുന്നത് വേറെ. മൂന്നും നാലും ബാങ്കുകളെ ലയിപ്പിച്ച് ഒന്നാക്കുന്ന തിരക്കിൽ കേന്ദ്ര ധനമന്ത്രാലയത്തിന് ഇതൊന്നും ശ്രദ്ധിക്കാനാവുന്നില്ല. കേന്ദ്ര ധനമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ അവലോകന യോഗങ്ങൾ മുടങ്ങാതെ ചേരുന്നുണ്ടെന്നത് വേറെ കാര്യം. ഒമിക്രോൺ ഭീതി നിലനിൽക്കുന്നതിനിടെ, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ (പി.എസ്.ബികൾ) പ്രവർത്തനം വിലയിരുത്താൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പൊതുമേഖല ബാങ്കുകളുടെ മേധാവികളുമായി ഇന്നലെയും കൂടിക്കാഴ്ച നടത്തിയിരുന്നു. കോവിഡിനെ പ്രതിരോധിക്കുന്നതിനായി പൊതുമേഖലാ ബാങ്കുകൾ സ്വീകരിച്ച നടപടികൾ ധനമന്ത്രി വിലയിരുത്തി. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു കൂടിക്കാഴ്ച. കോവിഡ് മൂലം ഭാവിയിൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക തടസ്സങ്ങളെ നേരിടുന്നതിനുള്ള ബാങ്കുകളുടെ തയാറെടുപ്പുകൾ യോഗത്തിൽ ധനമന്ത്രി വിലയിരുത്തിയെന്ന് മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.

സംരംഭങ്ങൾക്ക് ഈടില്ലാതെ ധനസഹായം നൽകുന്ന എമർജൻസി ക്രെഡിറ്റ് ലൈൻ ഗാരണ്ടി പദ്ധതിയുടെ (ഇ.സി.എൽ.ജി.എസ്) വിജയത്തെ നിർമല സീതാരാമൻ അഭിനന്ദിച്ചു. കോവിഡ് മൂലം ബുദ്ധിമുട്ട് നേരിടുന്ന മേഖലകളെ പിന്തുണയ്ക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ധനമന്ത്രി പറഞ്ഞു. കാർഷിക മേഖല, കർഷകർ, റീട്ടെയിൽ മേഖല, എം.എസ്.എം.ഇകൾ എന്നീ വിഭാഗങ്ങളെ തുടർന്നും പിന്തുണയ്ക്കണമെന്ന് നിർമല സീതാരാമൻ ബാങ്കുകളോട് ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കിസൻറാവു കരാദ്, ധനകാര്യ സേവന വകുപ്പ് സെക്രട്ടറി ദേബാശിഷ്പാണ്ഡെ, ധനമന്ത്രാലയത്തിലെ മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും അവലോകന യോഗത്തിൽ പങ്കെടുത്തു. പ്രധാനപ്പെട്ട ബാങ്കുകൾ ലയിപ്പിച്ചപ്പോൾ ഒരേ പേരിൽ ബാങ്ക് ശാഖകൾ ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിന്റെ വിചിത്രാനുഭവമൊന്നും ഇത്തരം യോഗങ്ങളിൽ ആരും വിഷയമാക്കാറില്ല. 

Latest News