Sorry, you need to enable JavaScript to visit this website.
Sunday , May   29, 2022
Sunday , May   29, 2022

ആടിയുലയുന്ന ആദിത്യനാഥ്

രാഷ്ട്രീയ സാമ്പത്തിക യാഥാർത്ഥ്യങ്ങളേക്കാൾ ഉപരി മത, ജാതി ആഖ്യാനങ്ങൾ ദൈനംദിന രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുന്നു. രാജ്യത്തിനാകെ ബാധകമായ ഒരു രാഷ്ട്രീയ ബദലിനെപ്പറ്റിയുള്ള ചർച്ചകൾ പോലും അപ്രസക്തമാക്കുന്ന രാഷ്ട്രീയ വ്യവഹാരത്തിനാണ് ഉത്തർപ്രദേശ് വേദിയാവുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പോടെ യോഗി ആദിത്യനാഥ് ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ അപ്രസക്തനായി മാറുമെന്നുറപ്പ്.

അടുത്ത് നടക്കാനിരിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം എന്തു തന്നെയായാലും കഴിഞ്ഞ രണ്ടു ദിവസങ്ങളായി ആദിത്യനാഥ് മന്ത്രിസഭയിലെ രണ്ട് അംഗങ്ങളടക്കം ആറ് നിയമസഭാംഗങ്ങളുടെ രാജി ബി.ജെ.പിയെ അക്ഷരാർത്ഥത്തിൽ അങ്കലാപ്പിലാക്കാൻ പോന്നതാണ്. 
അധികാര രാഷ്ട്രീയാങ്കത്തിൽ തങ്ങൾ വിജയകരമായി പയറ്റിത്തെളിയിച്ച പാതയാണ് ഭരണകക്ഷിയെ തിരിഞ്ഞു കുത്തുന്നത്. അതുകൊണ്ടു തന്നെ രാഷ്ട്രീയ ധാർമികതയുടെ പേരിൽ ആരെയെങ്കിലും കുറ്റപ്പെടുത്താനോ വിലപിക്കാനോ പോലും ഇപ്പോഴത്തെ രാജിപരമ്പര അവർക്ക് അവസരം നൽകുന്നില്ല. ഉത്തർപ്രദേശിൽ സമാജ്വാദി, ബഹുജൻ സമാജ്വാദി പാർട്ടികൾ പയറ്റിത്തെളിയിച്ച ജാതിരാഷ്ട്രീയം തുറുപ്പുശീട്ടാക്കിയാണ് ബി.ജെ.പി 2017 ൽ സംസ്ഥാനത്ത് അധികാരം കൈയാളിയത്. 
പിന്നോക്ക ജാതി രാഷ്ട്രീയം മുതലെടുത്താണ് മുന്നോക്ക ജാതിക്കാരനും മതസ്ഥാപന മേധാവിയുമായ ആദിത്യനാഥിനെ അധികാരത്തിൽ എത്തിച്ചത്. ആ രാഷ്ട്രീയ കളിയിൽ അവഗണിക്കപ്പെട്ടുവെന്നു പരാതിയുള്ള ബ്രാഹ്മണരെ കൂടി കൂട്ടുപിടിച്ചുള്ള വരേണ്യ  പിന്നോക്ക വിഭാഗങ്ങളുടെ 'മണ്ഡൽ-കമണ്ഡൽ' പരീക്ഷണത്തിനാണ് ഇപ്പോൾ തിരിച്ചടി ഏറ്റിരിക്കുന്നത്. ആദിത്യനാഥ് മന്ത്രിസഭയിൽ നിന്നും ബി.ജെ.പിയിൽ നിന്നും രാജിവെച്ച മന്ത്രിമാർ ഇരുവരും ബി.എസ്.പിയിൽ നിന്നും 'അവസരോചിത'മായി ബി.ജെ.പിയിൽ ചേക്കേറിയവരാണ്. 
അവസരവാദ രാഷ്ട്രീയത്തിൽ അവഗാഹമുള്ള ഇരുവരും നടത്തിയ കൂടുമാറ്റം, വരാൻ പോകുന്ന തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റിയുള്ള ഉത്തമ ബോധ്യത്തിൽ നിന്നും ആവണം. അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ എസ്.പി തുടർന്നുവരുന്ന പ്രചണ്ഡ പ്രചാരണവും രാഷ്ട്രീയ മുന്നേറ്റവും സംബന്ധിച്ച വാർത്തകളെയും വിലയിരുത്തലുകളെയും സാധൂകരിക്കുന്ന സംഭവ വികാസങ്ങളാണ് ഉത്തർപ്രദേശിൽ അരങ്ങേറുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച പടിഞ്ഞാറൻ യു.പിയിൽ ഇത്തവണ പാർട്ടി കനത്ത വെല്ലുവിളിയാണ് നേരിടുന്നത്.
പടിഞ്ഞാറൻ യു.പിയുടെ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തിവരുന്ന ജാട്ട് കർഷകർ മോഡി സർക്കാരിന്റെ കർഷക മാരണ നിയമങ്ങളെ ചെറുത്തു പരാജയപ്പെടുത്തുന്നതിൽ സുപ്രധാന പങ്കാണ് നിർവഹിച്ചത്. ഹിന്ദുത്വ വർഗീയത സൃഷ്ടിച്ച കലാപങ്ങളുടെ മുറിപ്പാടുകൾ ഉണക്കാനും വിദ്വേഷത്തിന്റെ അന്തരീക്ഷം ലഘൂകരിച്ച് ഹിന്ദു-മുസ്‌ലിം-സിക്ക് ഐക്യം ഊട്ടിഉറപ്പിക്കുന്നതിലും കർഷക പ്രക്ഷോഭം നിർണായകമായി. 
കർഷകരുടെ പിന്തുണ ആർജിച്ച എസ്.പി-ആർ.എൽ.ഡി സഖ്യം മേഖലയിൽ ബി.ജെ.പിക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് 23,000 കോടിയോളം രൂപയുടെ 'പൂർവാഞ്ചൽ എക്‌സ്പ്രസ്വേ'യടക്കം അനേകായിരം കോടികളുടെ പദ്ധതി പ്രഖ്യാപനവുമായി കിഴക്കൻ ഉത്തർപ്രദേശിൽ സ്വാധീനം നിലനിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ നേരിട്ട് രംഗത്തിറങ്ങിയത്. 
അയോധ്യ, മഥുര തുടങ്ങി മതതീവ്രവാദ ആഖ്യാനങ്ങളും ഉന്മൂലന രാഷ്ട്രീയമടക്കം തീവ്രവർഗീയ വിദ്വേഷ അജണ്ടകളും മാത്രം കൊണ്ട് അധികാരം നിലനിർത്താനാകില്ലെന്ന ബോധ്യമാണ് വികസന വാഗ്ദാന പരമ്പരകളും മണ്ഡൽ-കമണ്ഡൽ ജാതി രാഷ്ട്രീയ മുതലെടുപ്പും ബി.ജെ.പി തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായത്. 
ദശകങ്ങളായി ജാതിരാഷ്ട്രീയം അരങ്ങു വാഴുന്ന ഉത്തർപ്രദേശിൽ ഭാഗ്യാന്വേഷികളായ രാഷ്ട്രീയ നേതാക്കൾ ആ മുതലെടുപ്പ് രാഷ്ട്രീയത്തെ ഒരു മഹാ കലയായി വികസിപ്പിച്ചെടുത്തിരുന്നു. 2017 ൽ ബി.ജെ.പി അതിനെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റുന്നതിൽ വിജയിച്ചെങ്കിൽ ഇത്തവണ അവർ അതിന് വലിയ വില നൽകേണ്ടി വരുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. 
ദളിത് ജനവിഭാഗങ്ങൾ നേരിടുന്ന വിവേചനവും അതിക്രമങ്ങളും, പിന്നോക്ക വിഭാഗങ്ങൾ തമ്മിലുളള രൂക്ഷമായ കിടമത്സരം, ബ്രാഹ്മണാധിപത്യം നിലനിർത്താൻ ആ വിഭാഗം നടത്തുന്ന രാഷ്ട്രീയ വിലപേശൽ, സ്ത്രീകൾക്കെതിരായ ഞെട്ടിക്കുന്ന അതിക്രമങ്ങളും അവകാശ ലംഘനങ്ങളും, യുവാക്കൾ നേരിടുന്ന തൊഴിൽരാഹിത്യം തുടങ്ങിയ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, പ്രശ്‌നങ്ങൾ ഇവിടെ അവഗണിക്കപ്പെടുന്നു. 
രാഷ്ട്രീയ സാമ്പത്തിക യാഥാർത്ഥ്യങ്ങളേക്കാൾ ഉപരി മത, ജാതി ആഖ്യാനങ്ങൾ ദൈനംദിന രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുന്നു. രാജ്യത്തിനാകെ ബാധകമായ ഒരു രാഷ്ട്രീയ ബദലിനെപ്പറ്റിയുള്ള ചർച്ചകൾ പോലും അപ്രസക്തമാക്കുന്ന രാഷ്ട്രീയ വ്യവഹാരത്തിനാണ് ഉത്തർപ്രദേശ് വേദിയാവുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പോടെ യോഗി ആദിത്യനാഥ് ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ അപ്രസക്തനായി മാറുമെന്നുറപ്പ്.
 

Latest News