Sorry, you need to enable JavaScript to visit this website.

പണമോഹികൾ ബാധ്യതയാകുന്ന പാർട്ടി

എങ്ങനെയും പണമുണ്ടാക്കണമെന്ന ചിന്തയാണ് ചില സഖാക്കൾക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നു പറഞ്ഞിരിക്കുന്നു. സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളോട് സംസാരിക്കവേയായിരുന്നു മുഖ്യമന്ത്രിയുടെ പാർട്ടിക്കെതിരായ, വിവാദമാകാനിടയുള്ള  സ്വയം വിമർശനം. കമിഴ്ന്ന് വീണാൽ കാൽപണവുമായി പൊങ്ങുന്ന മാനസികാവസ്ഥയിലെത്തിക്കഴിഞ്ഞവർ  അണിനിരന്ന പാർട്ടികളിൽ ഇതെങ്ങനെ സാധിക്കും എന്ന് കണ്ടറിയുക തന്നെ വേണം. ആദർശമോ പ്രത്യയശാസ്ത്രമോ ഒന്നുമില്ലാത്തവരുടെ കൂട്ടമാണ് തന്റെ പാർട്ടിയും മുന്നണിയുമെന്ന് മുഖ്വമന്ത്രിക്ക് അറിയാത്തതായിരിക്കില്ല. തിരുവനന്തപുരം കോർപറേഷനിലെ എസ്.സി-എസ്.ടി ഫണ്ട് തട്ടിപ്പാണ്  മുഖ്യമന്ത്രി പ്രധാനമായും എടുത്തു പറഞ്ഞത്. കോർപറേഷനിലെ മറ്റു തട്ടിപ്പുകളൊക്കെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടാതെ പോയതായിരിക്കില്ല. രാഷ്ട്രീയ വാശിക്കു പുറത്ത് എല്ലാ അഴിമതിയും കൊള്ളരുതായ്മകളും മറച്ചുവെക്കാനാവുന്നു എന്നതാണ്  പുതിയ കാലത്തെ സി.പി.എം ഭരണത്തിന്റെ സവിശേഷത. അഴിമതിയെക്കുറിച്ച് പറഞ്ഞപ്പോഴൊക്കെ താൻ ബാലസംഘം മുതൽ പ്രവർത്തിച്ചു വളർന്നു വന്നതാണെന്നായിരുന്നു യുവതാരമായ തിരുവനന്തപുരം കോർപറേഷൻ മേയറുടെ പ്രതിരോധമെന്ന് എല്ലാവരും കേട്ടതാണ്.  ഇത്രയും കാലം കോൺഗ്രസും യു.ഡി.എഫുമൊക്കെ കട്ടുമുടിച്ചതല്ലേ, ഇനി ഞങ്ങളും ഇത്തിരി കാശുണ്ടാക്കട്ടെ എന്ന് ചിന്തിക്കുന്നവർക്ക് മുന്നിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ എന്തെങ്കിലും ഫലം കൊണ്ടുവരും  എന്ന് തോന്നുന്നില്ല.  ഭരണത്തിന്റെ ഉന്നതങ്ങളിലിരിക്കുന്നവർ അഴിമതി മുക്തരാണെന്ന് ബോധ്യപ്പെടുത്താൻ ഇനിയും അവർക്കായിട്ടുമില്ല. തുടർ ഭരണം കിട്ടിയതോടെ 
ആരുണ്ട് ചോദിക്കാൻ എന്ന മട്ടും ഭാവവുമാണ് എല്ലാവർക്കും. പൊതു ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ  കേരളത്തിലെ മുൻകാല  കമ്യൂണിസ്റ്റ് നേതാക്കൾ വെച്ചുപുലർത്തിയ ജാഗ്രതയുടെയും അതുവഴി കൈവന്ന സൽപേരിന്റെയും നീക്കി ബാക്കിയാണ് അവർ ഇന്നനുഭവിക്കുന്ന ഭരണ സൗഭാഗ്യവും സർവസജ്ജമായ  പാർട്ടിയുമെല്ലാം.  ജാതി, മത വർഗീയ കുത്തിത്തിരിപ്പുകൾക്കൊപ്പം  അവരെന്തായാലും പച്ചയായി മോഷ്ടിക്കില്ല എന്ന പ്രതിഛായയും  സി.പി.എമ്മിന് ലഭിച്ച സൗഭാഗ്യമായിരുന്നു.  ഇപ്പറഞ്ഞ അവസ്ഥയിൽ നിന്നെല്ലാമുള്ള  പരസ്യമായ കീഴ്മേൽ മറിച്ചൽ കണ്ടായിരിക്കാം മുഖ്യമന്ത്രിയുടെ ക്ഷോഭം. സാമ്പത്തിക വ്യാമോഹ കാര്യത്തിലും സുഖലോലുപതയിലും എല്ലാ പാർട്ടിക്കാരെയും പോലെയാണിന്ന് സി.പി.എം നേതാക്കളും. എല്ലാ പാർട്ടിക്കാരെയും പോലെ എന്നു പറഞ്ഞാലും ശരിയാകില്ല. ജനാധിപത്യ പാർട്ടിക്കാർക്ക് പണ്ടേ ഇതൊക്കെ പരിചയമാണെന്നാണ് പൊതുധാരണ. സി.പി.എമ്മുകാരുടെ പണമോഹം അരി കാണാത്ത കാക്ക നെല്ല് കണ്ട അവസ്ഥയിലാകുന്നത് അതുകൊണ്ടാണ്. മുഖ്യമന്ത്രിയെ പോലൊരാൾക്ക് നിങ്ങളിങ്ങനെ പണാർത്തി കാണിക്കരുതെന്ന് സഖാക്കളോട് മുഖാമുഖം പറയേണ്ടി വന്നതിന്റെ അടിയന്തര സാഹചര്യവും അതു തന്നെ.   ആയ കാലത്ത് നാല് കാശുണ്ടാക്കുന്ന കാര്യത്തിലാണ് എല്ലാവരുടെയും ശ്രദ്ധ. എങ്ങനെയെങ്കിലും പണമുണ്ടാക്കുക എന്നത് ജീവിത വഴിയായി കണ്ട തലമുറയാണ്  സമൂഹത്തിലുള്ളത്. അവർക്കൊപ്പമാണ് സഖാക്കളുടെയും ജീവിതം. അതുകൊണ്ടാണ് കള്ളപ്പണ ഇടപാടുകളിലും കള്ളക്കടത്തിലുമെല്ലാം ഈ പാർട്ടിയുടെ പേരും ചേർത്ത് വെക്കേണ്ടിവന്നത്. കേരളത്തിൽ ഇന്നുള്ള സി.പി.എം തലമുറയെ വലിയ തോതിൽ കമ്യൂണിസം പഠിപ്പിച്ചയാളുകളിലൊരാളാണ് കെ.ഇ.എൻ. കുഞ്ഞഹമ്മദ്. കഴിഞ്ഞ ദിവസം വായിച്ച കെ.ഇ.എൻ വരികൾ ഇങ്ങനെ- '' ഞാൻ വിവാഹങ്ങളിൽ പങ്കെടുക്കാറില്ല. ഒന്നുകിൽ അതിൽ സ്ത്രീധനം കാണും. അല്ലെങ്കിൽ ആഭരണം. മതപരമായ ചടങ്ങുകൾ കാണും. പൗരോഹിത്യ സാന്നിധ്യം ഉണ്ടാവും. അല്ലെങ്കിൽ അവരെ നിർബന്ധിച്ചു വിവാഹം കഴിപ്പിക്കുന്നുണ്ടാവും. ധൂർത്ത് ഉണ്ടാവും...''
കെ.ഇ.എന്നിന്റെ നിലക്ക് ചിന്തിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന  എത്ര പേർ പിണറായി വിജയന്റെ പാർട്ടിയിലുണ്ടാകും.  കെ.ഇ.എൻ എണ്ണിപ്പറഞ്ഞതെല്ലാം  ജീവിതത്തിൽ ഒഴിവാക്കേണ്ട അരുതായ്മകളാണെന്ന് വെറുതെയെങ്കിലും ചിന്തിക്കുന്ന എത്ര പേരെ കൊണ്ടുനടക്കാൻ ഇന്ന്  പാർട്ടികൾക്കാകും? പാടുന്ന കവികളായ അനിൽ പനച്ചൂരാന്റെയും മുരുകൻ കാട്ടാക്കടയുടെയുമൊക്കെ കമ്യൂണിസ്റ്റ് നൊസ്റ്റാൾജിയ ഗാനങ്ങളും ബലികുടീരങ്ങളും പാടി നടക്കുന്നവരുടെ സ്വകാര്യ ജീവിതം അതൊന്നുമല്ലെന്ന്  പുറത്തു വരുന്ന ഞെട്ടിക്കുന്ന തിന്മകളിലൂടെ അവർ അനുദിനം അടയാളപ്പെടുത്തിത്തന്നിട്ടുണ്ട്. പുതിയ സഖാക്കളിലെ അഴിമതി  പ്രവണത   വെച്ചുപൊറുപ്പിക്കില്ലെന്നാണ്  മുഖ്യമന്ത്രി  സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളന പ്രതിനിധികളോട് സംസാരിക്കവേ മുന്നറിയിപ്പ് നൽകിയത്.
തിരുവനന്തപുരം ജില്ലാ നേതൃത്വവുമായി  ബന്ധപ്പെട്ട് ഉയർന്ന ഏറ്റവും പ്രധാനപ്പെട്ട വിവാദമായിരുന്നു എസ്.സി-എസ്.ടി ഫണ്ട് തട്ടിപ്പ്. ഇതിനു പിന്നിൽ പാർട്ടിയിലെ ചില യുവനേതാക്കളായിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ സമ്മേളനത്തിനിടെ മുഖ്യമന്ത്രി രൂക്ഷവിമർശനം നടത്തിയത്.
എസ്.സി-എസ്.ടി ഫണ്ട് എന്നൊക്കെ പറഞ്ഞാൽ അത് പാവങ്ങളുടെ പണമാണ്. ആ പണം തട്ടിച്ചെടുക്കാമെന്നൊക്കെയുള്ള വിചാരം  എങ്ങനെയും പണമുണ്ടാക്കിക്കളയാം എന്ന അധമ ചിന്തയിൽ നിന്നുണ്ടാകുന്നതാണ്. 
അനുപമ ദത്ത് വിവാദത്തിലും നഗരസഭയിലെ നികുതി വെട്ടിപ്പ് കേസിലും ശരിയായ നിലപാട് സ്വീകരിക്കാൻ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അനുപമ വിഷയത്തിൽ മറുനിലപാട് സ്വീകരിച്ച സി.പി.എം തിരുവനന്തപുരം ജില്ലാ നേതാക്കളും മറ്റു പാർട്ടി പക്ഷപാതികളും എന്ത് പറഞ്ഞായിരിക്കും ഇനി സ്വന്തം നിലപാട് ന്യായീകരിക്കുക എന്നറിയില്ല. അനുപമ ദത്ത് വിവാദത്തിൽ കേന്ദ്ര സ്ഥാനത്തുണ്ടായിരുന്ന ഡോ. ഷിജുഖാൻ സി.പി.എം  തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലെ നവാംഗമായി ആദരിക്കപ്പെട്ടു കഴിഞ്ഞു. 
'അധരം നിറയെ ആദർശം, അകവും പുറവും കാപട്യം' എന്നത്   മുഖ്യ നയരേഖയായി  അംഗീകരിച്ച് എത്ര കാലം എല്ലാവർക്കും  ഇനിയും മുന്നോട്ട് പോകാനാകും?

Latest News