ഇന്ത്യയില്‍ 2,58,089 പേര്‍ക്ക് കൂടി കോവിഡ്, ഒമിക്രോണ്‍ 8209

ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 2,58,089 പേര്‍ക്ക് കൂടി കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 16.28 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 13.69 ശതമാനവുമാണ്. 385 മരണങ്ങള്‍ കൂടി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം മരണസംഖ്യ 4,86,451 ആയി ഉയര്‍ന്നു.

ഇന്ത്യയില്‍ ഇതുവരെ 70,24,48,838 സാമ്പിളുകള്‍ പരിശോധിച്ചതായും  കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,740 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,52,37,461 ആയി.

രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 8209 ആയി വര്‍ധിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.  കഴിഞ്ഞ വര്‍ഷം ആരംഭിച്ച രാജ്യവ്യാപക വാക്സിന്‍ ഡ്രൈവിന്റെ ഭാഗമായി ഇതുവരെ 156.76 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു.

 

Latest News