Sorry, you need to enable JavaScript to visit this website.

സൗദിയിൽ വനിതാ എൻജിനീയർമാർ  ഗണ്യമായി വർധിച്ചു -എസ്.സി.ഇ

  • കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 1163 വനിതകൾ

റിയാദ് - സൗദി അറേബ്യയിൽ എൻജിനീയറിംഗ് മേഖലയിൽ കഴിഞ്ഞ വർഷം വനിതകളുടെ എണ്ണം ഗണ്യമായി വർധിച്ചതായി സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സ് (എസ്.സി.ഇ) വെളിപ്പെടുത്തി. കഴിഞ്ഞ വർഷം 1163 സൗദി വനിതാ എൻജിനീയർമാരാണ് വിവിധ കമ്പനികളിലായി ജോലിയിൽ പ്രവേശിച്ചത്. പുരുഷ-വനിതാ എൻജിനീയർമാർ, ടെക്നിഷ്യൻമാർ, സ്‌പെഷ്യലിസ്റ്റുകൾ, എൻജിനീയറിംഗ് പ്രോഗ്രാമുകളിലെ ട്രെയിനികൾ എന്നീ തൊഴിലുകളിലും രജിസ്‌ട്രേഷന്റെ എണ്ണത്തിൽ പ്രകടമായ വർധനയുണ്ടായതായി സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സ് സെക്രട്ടറി ജനറൽ എൻജി. അബ്ദുൽ നാസർ അൽഅബ്ദുല്ലത്തീഫ് വ്യക്തമാക്കി. 2021 ൽ 22,408 പുരുഷ-വനിതാ എൻജിനീയർമാരാണ് കൗൺസിലിൽ രജിസ്റ്റർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ 1163 പേർ വനിതകളാണ്. 
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എൻജിനീയർമാരുടെ എണ്ണത്തിൽ 27 ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്നും പ്രൊഫഷണൽ അക്രഡിറ്റേഷൻ സംവിധാനം ഏർപ്പെടുത്തിയതാണ് വർധനക്ക് കാരണമെന്നും എൻജി. അബ്ദുല്ലത്തീഫ് വ്യക്തമാക്കി. പുതുതായി 1721 എൻജിനീയറിംഗ് കമ്പനികളാണ് കൗൺസിലിന് കീഴിൽ രജിസ്റ്റർ ചെയ്തതെന്നും ഇത് ഈ മേഖലയിൽ നടത്തിയ പരിഷ്‌കരണങ്ങൾ വൻ വിജയമാണെന്ന് തെളിയിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.


സൗദി അഭ്യസ്തവിദ്യരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനും രാജ്യത്തെ എൻജിനീയറിംഗ്, ടെക്‌നിക്കൽ പ്രൊഫഷണലുകളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും സൗദി എൻജിനീയർമാർ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ കണ്ടെത്തി പരിഹാരം കാണുന്നതിനുമാണ് കൗൺസിൽ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. 
സ്വദേശി എൻജിനീയർമാരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്ന രീതിയിൽ ഈ മേഖലയിൽ വിദേശികളുടെ ആധിപത്യം അവസാനിപ്പിക്കുന്നതിന് കൗൺസിലിന്റെ നിയന്ത്രണത്തിൽ മോണിറ്ററിംഗ് ആന്റ് ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്‌മെന്റ്  പ്രവർത്തിക്കുന്നുണ്ടെന്നും എസ്.സി.ഇ സെക്രട്ടറി ജനറൽ അറിയിച്ചു. രാജ്യത്തെ എല്ലാ നഗരങ്ങളിലെയും ഗവർണറേറ്റുകളിലെയും വിവിധ എൻജിനീയറിംഗ് സങ്കേതങ്ങളെ കുറിച്ച് കൗൺസിൽ 720 ഫീൽഡ് കാമ്പയിനുകൾ നടത്തിയതായി അദ്ദേഹം പറഞ്ഞു. 


കൗൺസിലിൽ രജിസ്റ്റർ ചെയ്ത എൻജിനീയർമാരെ പിന്തുണക്കുന്നതിൽ  വിവിധ കമ്പനികളും എൻജിനീയറിംഗ് ഓഫീസുകളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. അംഗങ്ങൾക്ക് ആവശ്യമായ ഡിജിറ്റൽ സേവനങ്ങൾ നൽകി അവരുടെ അക്രഡിറ്റേഷൻ, എൻജിനീയറിംഗ് ലൈസൻസ് എന്നിവ ഉറപ്പാക്കാനും കൗൺസിലിന് സാധിച്ചു. 
കൗൺസിൽ ഇതിനകം നടപ്പാക്കിയ 185 പരിശീലന പരിപാടികൾ പുരുഷ-വനിതാ എൻജിനീയർമാർ, സ്‌പെഷ്യലിസ്റ്റുകൾ, ടെക്‌നിഷ്യൻമാർ, എൻജിനീയറിംഗ് വിദ്യാർഥികൾ   എന്നിവരുൾപ്പെടെ 26,000 ത്തിൽ അധികം ട്രെയിനികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കൗൺസിൽ സംഘടിപ്പിച്ച നിരവധി ബിൽഡിംഗ് കോഡ് ട്രെയിനിംഗ് പ്രോഗ്രാമുകളിൽ  4,700 ൽ അധികം പേർക്ക് പരിശീലനം നൽകാൻ സാധിച്ചിട്ടുണ്ട്. 

Tags

Latest News