തിരുവനന്തപുരം- ഏഴ് ദിവസം ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ രോഗലക്ഷണമില്ലാത്തവരെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന ഐ.സി.എം.ആര്‍ നിര്‍ദേശം അവഗണിക്കുന്ന നടപടി അവസാനിപ്പിച്ച് ആരോഗ്യ വകുപ്പ്. കേന്ദ്ര സര്‍ക്കാരിന്റേയും ഐ.സി.എം.ആറിന്റേയും മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 20 ദിവസത്തിലധികമായി ഐസൊലേഷനില്‍ കഴിയുകയായിരുന്ന ഇരുപതോളം പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഒമിക്രോണ്‍ ബാധിതരേയും ഫലം കാത്തിരിക്കുന്നവരേയുമാണ് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്. പരിമിതമായ സാഹചര്യങ്ങളില്‍ രോഗലക്ഷണമില്ലാതെ കഴിയേണ്ടി വരുന്നത് മാനസികസമ്മര്‍ദ്ദത്തിന് കാരണമായിരുന്നു.
രോഗലക്ഷണമില്ലെങ്കില്‍ എട്ടാം ദിവസം ഡിസ്ചാര്‍ജ് ചെയ്യണമെന്നാണ് ഐ.സി.എം.ആര്‍ നിര്‍ദേശം. എന്നാല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം നെഗറ്റീവ് ആയാല്‍ മാത്രമേ ഇവരെ ഡിസ്ചാര്‍ജ് ചെയ്യൂ എന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിലപാട്.
ഇതോടെയാണ് ലക്ഷണമില്ലാത്തവര്‍ക്ക് പോലും 20 ദിവസത്തിലധികം ഐസൊലേഷനില്‍ കഴിയേണ്ടി വന്നത്. നാല് തവണ വരെ പരിശോധനയക്ക് വിധേയരായവരും ഇക്കൂട്ടത്തിലുണ്ട്. അവധിക്ക് നാട്ടിലെത്തിയ പ്രവാസികളെയാണ് തീരുമാനം ഏറ്റവുമധികം ബുദ്ധിമുട്ടിച്ചിരുന്നത്.






