റിയാദ് - വിവിധ മേഖലകളിലെ സ്തുത്യർഹമായ സേവനങ്ങൾക്കുശേഷം ഡോ. തമാദിർ ബിൻത് യൂസുഫ് അൽറമാഹ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ ഡെപ്യൂട്ടി മന്ത്രി പദവിയിലേക്ക്. തൊഴിൽ സഹമന്ത്രി പദവിയിലെത്തുന്ന സൗദിയിലെ ആദ്യ വനിതയായ അവർ ശാസ്ത്ര, വിദ്യാഭ്യാസ മേഖലകളിൽ നിരവധി പദവികൾ വിജയകരമായി നിർവഹിച്ചശേഷമാണ് കൂടുതൽ ഉത്തരവാദിത്വമുള്ള പുതിയ പദവി ഏറ്റെടുക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി ഡോ. തമാദിറിനെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഡെപ്യൂട്ടി തൊഴിൽ, സാമൂഹിക വികസന മന്ത്രിയായി നിയമിച്ചത്.
സൗദിവൽക്കരണ കാര്യങ്ങൾക്കുള്ള അണ്ടർ സെക്രട്ടറിയായി ഡോ. തമാദിറിനെ ഒക്‌ടോബർ ആദ്യത്തിൽ നിയമിച്ചിരുന്നു. മന്ത്രാലയത്തിനു കീഴിലെ സാമൂഹിക പരിചരണ, കുടുംബ ഏജൻസി സൂപ്പർവൈസർ ജനറൽ പദവിയും അവരെ ഏൽപിച്ചിരുന്നു. റേഡിയോളജി, മെഡിക്കൽ എൻജിനീയറിംഗിൽ മാഞ്ചസ്റ്റർ യൂനിവേഴ്‌സിറ്റിയിൽനിന്ന് 2007 ലാണ് ഇവർ ഡോക്ടറേറ്റ് നേടിയത്. 2003 ൽ വെൽസിലെ ബാംഗൊർ യൂനിവേഴ്‌സിറ്റിയിൽനിന്ന് സി.ടി. സ്‌കാനിംഗിൽ മാസ്റ്റർ ബിരുദം കരസ്ഥമാക്കി.
1995 ൽ റിയാദ് കിംഗ് സൗദ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് റേഡിയോളജിയിൽ ബാച്ചിലർ ബിരുദം നേടിയ ഡോ. തമാദിർ കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആന്റ് റിസേർച്ച് സെന്ററിൽ അസോഷ്യേറ്റ് സയന്റിസ്റ്റും റിയാദ് കിംഗ് സൗദ് യൂനിവേഴ്‌സിറ്റി റേഡിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ്. നേരത്തെ റിയാദ് കിംഗ് സൗദ് യൂനിവേഴ്‌സിറ്റിയിൽ റേഡിയോളജി വിഭാഗത്തിൽ ലക്ചററായും സ്‌പെഷ്യലിസ്റ്റ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കിംഗ് സൗദി യൂനിവേഴ്‌സിറ്റി വിമൻസ് അപ്ലൈഡ് മെഡിക്കൽ സയൻസസ് കോളേജ് സ്റ്റുഡന്റ്‌സ് ആക്ടിവിറ്റി ലീഡറായും ഇതേ കോളേജിൽ ഗുണമേന്മാ, പരിഷ്‌കരണ വിഭാഗം അംഗമായും റിയാദ് സഹ്‌റ സ്തനാർബുദ സൊസൈറ്റി അംഗമായും അപ്ലൈഡ് മെഡിക്കൽ സയൻസസ് കോളേജ് പാഠ്യപദ്ധതി പുനഃപരിശോധനാ കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബ്രിട്ടനിൽ സർക്കാർ സ്‌കോളർഷിപ്പോടെ ഉപരിപഠനം നടത്തുന്ന സൗദി വിദ്യാർഥിനികൾക്കുള്ള കൺസൾട്ടന്റ്, ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ സൗദി ഫെസ്റ്റിവൽ സംഘാടക, സ്‌കോട്ടിലാന്റിലെ ഡുന്റീ നഗരത്തിലെ സൗദി എക്‌സിബിഷനിൽ സൗദി വിദ്യാർഥിനി പ്രതിനിധി, മാഞ്ചസ്റ്റർ യൂനിവേഴ്‌സിറ്റിയിൽ സംഘടിപ്പിച്ച സൗദി ഡേയിൽ സൗദി വിദ്യാർഥിനി പ്രതിനിധി എന്നീ ചുമതലകളും നേരത്തെ വഹിച്ചിട്ടുണ്ട്.






