Sorry, you need to enable JavaScript to visit this website.

മഹാകാവ്യമെഴുതാതെ കുമാരനാശാൻ, ഇന്ത്യയ്ക്ക് കളിക്കാതെ മലപ്പുറം അസീസ്

മലപ്പുറം "ഇന്ത്യൻ ഫുട്ബോളിന് " സംഭാവന ചെയ്ത എക്കാലത്തേയും മികച്ച ഫുട്ബോൾ

താരങ്ങളിലൊരാളായ മലപ്പുറം അസീസിന്‍റെ ഓര്‍മ്മയില്‍ ഇ.കെ അബ്ദുൽ സലിം എടവനം കുന്നത്ത് എഴുതുന്നു.

"മഹാകാവ്യമെഴുതാത്തമഹാകവി'' എന്ന് കുമാരനാശാനെക്കുറിച്ച് പറയാറുണ്ട്.ആ"മഹാകാവ്യമെഴുതായ്മ " ആശാൻ്റെ പ്രതിഭയുടെ ഉരക്കല്ലായി ആരും വിലയിരുത്താറില്ല...

മലപ്പുറം അസീസ് എന്ന് ഒരു കാലത്ത് ഇന്ത്യൻ ഫുട്ബോൾ രംഗത്ത് അറിയപ്പെട്ടിരുന്ന മലപ്പുറം കാവുങ്ങൽ അബ്ദുൾ അസീസിൻ്റെ ഫുട്ബോൾ ജീവിതത്തെ ഇതിനോടുപമിക്കാം.

"അസീസിനെ ഇന്ത്യക്ക് കിട്ടിയില്ല" എന്നാണ് 'ഇന്ത്യയ്ക്ക് കളിക്കാതെ തന്നെഇന്ത്യൻ താരമായ'മലപ്പുറം അസീസിനെക്കുറിച്ച് പ്രശസ്ത കളിയെഴുത്തുകാരൻ എം.എം.

ജാഫർഖാൻ തൻ്റെ "പന്ത് പറഞ്ഞ മലപ്പുറംകിസ്സയിൽ''വിവരിക്കുന്നത്.

രണ്ട് തവണ ഇന്ത്യൻ ക്യാമ്പിലേക്ക്തെരഞ്ഞെടുക്കപ്പെട്ടെങ്കിലും രണ്ട് തവണയും അസീസ് വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യൻ ക്യാമ്പിലേക്ക് പോയില്ല എന്നതാണ് സത്യം. ഒരിക്കൽ ഇന്തോനേഷ്യയിലെ ഹാലം കപ്പിനുള്ള ഇന്ത്യൻ ടീമിലേക്കും, മറ്റൊരിക്കൽ ഒരു ഗൾഫ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്കുമുള്ള ക്ഷണമാണ് അസീസ് നിരസിച്ചത്.

1973 ലെ കേരളത്തിൻ്റെ ആദ്യ സന്തോഷ് ട്രാേഫി വിജയത്തിൽ പങ്കാളിയായ ഏക മലപ്പുറംകാരൻ മലപ്പുറം ചേക്കുവിൻ്റെ സഹോദരനായ അസീസ് ജ്യേഷ്ടനെ പോലെ പട്ടാള ടീമിലൂടെയാണ് ഫുട്ബോൾ മഹാരഥൻമാരുടെ നിരയിലേക്കുള്ള തൻ്റെ വരവറിയിച്ചത്. ബാംഗ്ലൂരിലെ എഎസ്.സി.( ആർമി സപ്ലൈകോർ) ടീമിലൂടെ ആയിരുന്നു തുടക്കം. പിന്നീട് സർവീസസ് ടീമിലെത്തി. സർവീസസ് ക്യാപ്റ്റനായി ഈ മിഡ്ഫീൽഡർ . ജ്യേഷ്ടൻ മലപ്പുറം ചേക്കു ആദ്യ സന്തോഷ് ടോഫ്രിയിൽ മുത്തമിടും മുമ്പ് തന്നെ1969ൽ ബാംഗ്ലൂർ സന്തോഷ് ട്രോഫിയിൽ അസീസിൻ്റെ കൂടി മികവിൽ മൈസൂർ ടീം ബംഗാളിനെ പരാജയപ്പെടുത്തി ദേശീയ ചാമ്പ്യൻമാരായിരുന്നു. മലപ്പുറം ചേക്കുവിൻ്റെ മകൻ സമീർ പിന്നീട് രണ്ട് തവണ സന്തോഷ്ട്രോഫി നേടിയ കേരളാടീമിലും അംഗമായിരുന്നു എന്നത് കോട്ടപ്പടി കാവുങ്ങൽ കുടുംബത്തിൻ്റെ 'സന്തോഷ് ട്രോഫി മാഹാത്മ്യം'.

ബംഗാളിന് വേണ്ടി അന്ന് കളത്തിലിറങ്ങിയിരുന്നത് സാക്ഷാൽ 'ഇന്ത്യൻ ടീം' തന്നെയായിരുന്നു എന്നത് ആ കിരീടനേട്ടത്തിന് തിളക്കം കൂട്ടുന്നു.

സ്വാഭാവികമായും ഇത്തരം കളിക്കാരെ അക്കാലത്ത് പിന്നീട് കാണുക കൽക്കത്ത ത്രിമൂർത്തികളുടെ ജഴ്സിയിലാണ്.

മാറ്റമുണ്ടായില്ല അസീസിൻ്റെ കാര്യത്തിലും, റാഞ്ചിയത് മുഹമ്മദൻസ് സ്പോർടിംഗ് ആയിരുന്നു. അസീസ് തൻ്റെ കാൽപ്പന്ത് വൈഭവം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അഞ്ച് സീസണിൽ അധികം നീണ്ട കൽക്കത്ത വാസത്തിനിടയിൽ ബംഗാൾ സന്തോഷ് ട്രോഫി ടീമിൽ കളിച്ച അസീസ് മുഹമ്മദൻസ് ക്യാപ്റ്റൻ പദവി അലങ്കരിച്ച് ടീമിനെ കൽക്കത്ത ലീഗ് ചാമ്പ്യൻമാരാക്കി.അന്നത്തെ ബംഗാൾ ടീമിൽ ബർത്ത് നേടുന്നത് ഇന്ത്യൻ ടീമിനേക്കാൾ കഠിനം.

1975 ജലന്ധർ സന്തോഷ് ട്രോഫി സെമിയിൽ ത്രിപുരയെ ബംഗാൾ എതിരില്ലാത്ത പതിനെട്ട് ഗോൾ എന്ന റിക്കാർഡ് സ്കോറിന് തകർക്കുമ്പോൾ നാല് ഗോളുകൾ പിറന്നത് അസീസിൻ്റെ ബൂട്ടിൽ നിന്നായിരുന്നു.പക്ഷേ ഫൈനലിൽ ഇന്ദർസിംഗിൻ്റെ ഇന്ദ്രജാലത്തിന് മുന്നിൽ ബംഗാൾ കീഴടങ്ങുകയായിരുന്നു. പിന്നീട് ബോംബെ ഓർക്കേ മിൽസിലേക്ക് ചേക്കേറിയ അസീസ് ഓർക്കേ മിൽസിനായും മികച്ച പ്രകടനം പുറത്തെടുത്തു. മഹാരാഷ്ട്ര സ്റ്റേറ്റ് ടീമിലും കളിച്ചു.1977 ൽ കൊച്ചിയിലെ പ്രഥമ ഫെഡറേഷൻ കപ്പിൽ മുഹമ്മദൻസിനായി അസീസ് എന്ന ''യഥാർത്ഥ ബോൾ പ്ലയർ ''നടത്തിയ പ്രകടനം ഇന്നും പഴയ കളി ആരാധകരുടെ ഓർമ്മകളിലുണ്ട്.

ഈ കഴിഞ്ഞ സീസണിൽ കൽക്കത്താ ലീഗിൻ്റെ പ്രതാപം അവസാനിച്ച ശേഷമാണ് അസീസ് വാങ്ങിക്കൊടുത്ത കൽക്കത്ത ലീഗ് കിരീടം പിന്നീടൊരിക്കൽ മുഹമ്മദൻസ് തിരിച്ച് പിടിക്കുന്നത് എന്നറിയുമ്പോൾ ഇന്ത്യക്ക് കളിക്കാതെ തന്നെ മലപ്പുറം അസീസ് ഇന്ത്യൻ താരമായി എന്നതിന് ഉത്തരമാവും.

മലപ്പുറത്തെ ഫുട്ബോൾ താരങ്ങളുടെ പ്രതിഭയുടെ മാനദണ്ഡം അണിഞ്ഞ ജഴ്‌സികളുടെ നിറമല്ലന്ന് പണ്ടേ തെളിയിച്ച, ഫുട്ബോൾ കളങ്ങളിൽ തന്നെ ഏൽപ്പിച്ച ദൗത്യങ്ങൾ ബഹളങ്ങളില്ലാതെ പൂർത്തിയാക്കിയ മലപ്പുറം അസീസ് എന്ന കളത്തിനകത്തും പുറത്തും ശാന്തനായ മനുഷ്യൻ ജഴ്സികളുടെ നിറമില്ലാത്ത ലോകത്തേക്ക് യാത്രയായിരിക്കുന്നു.

 

 

Latest News