Sorry, you need to enable JavaScript to visit this website.

മതി, ബിജെപി നേതാക്കള്‍ക്ക് ഇനി സമാജ് വാദി പാര്‍ട്ടിയില്‍ ഇടമില്ലെന്ന് അഖിലേഷ് യാദവ്

ലഖ്‌നൗ- ബിജെപി വിട്ട് വരുന്ന മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഇനി സമാജ് വാദി പാര്‍ട്ടിയില്‍ ഇടമില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഒരാഴ്ചയ്ക്കിടെ ബിജെപി വിട്ട രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ ഏഴ് ബിജെപി, അപ്‌ന ദള്‍ എംഎല്‍എമാര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് അഖിലേഷിന്റെ പ്രതികരണം. 'ബിജെപിക്ക് വേണമെങ്കില്‍ അവരുടെ നേതാക്കള്‍ക്ക് ടിക്കറ്റ് നിഷേധിക്കാം. പക്ഷേ ഇനി ബിജെപി എംഎല്‍എയോ മന്ത്രിയേയോ ഞാന്‍ എടുക്കില്ല'- അഖിലേഷ് പറഞ്ഞു. കൂടുതല്‍ ബിജെപി നേതാക്കളെ പാര്‍ട്ടിയിലെടുക്കുന്നത് സമാജ് വാദി പാര്‍ട്ടിയുടെ സീറ്റ് വിതരണത്തെ ബാധിക്കുകയും പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര പ്രശ്‌നത്തിന് വഴിവെക്കുമെന്നും രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍ ഉണ്ടായിരുന്നു. 

മുതിര്‍ന്ന പിന്നാക്ക സമുദായ (ഒബിസി) നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു. ബിജെപി മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, ധരം സിങ് സൈനി എന്നിവരും എല്‍എല്‍എമാരായ റോഷന്‍ ലാല്‍ വര്‍മ, ബ്രിജേഷ് പ്രജാപതി, മുകേഷ് വര്‍മ, വിനയ് ശക്യ, ഭഗവതി സാഗര്‍ എന്നിവരും ബിജെപി സഖ്യകക്ഷിയായ അപ്‌നാ ദള്‍ എംഎല്‍എ ചൗധരി അമര്‍ സിങുമാണ് എസ്പിയില്‍ ചേര്‍ന്നത്. ബിജെപി വിട്ട മറ്റൊരു മന്ത്രിയായ ദാര സിങ് ചൗഹാന്‍ ഉടന്‍ എസ്പിയില്‍ ചേരുമെന്ന് റിപോര്‍ട്ടുണ്ട്.

Latest News