അയോധ്യയില്‍ അല്ല, മുഖ്യമന്ത്രി യോഗിയുടെ കന്നി നിയമസഭാ മത്സരം സ്വന്തം തട്ടകമായ ഗൊരഖ്പൂരില്‍

ലഖ്‌നൗ- ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വന്തം തട്ടകമായി ഗൊരഖ്പൂരില്‍ മത്സരിക്കും. നേരത്തെ അയോധ്യയില്‍ മത്സരിച്ചേക്കുമെന്ന് റിപോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ബിജെപി പുറത്തു വിട്ട ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയിലാണ് യോഗിയുടെ മണ്ഡലം പ്രഖ്യാപിച്ചത്. യോഗിയുടെ കന്നി നിയമസഭാ മത്സരമാണിത്. ഗൊരഖ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി അഞ്ചു തവണ മത്സരിച്ചു ജയിച്ച യോഗി 2017ല്‍ യുപി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമ്പോഴും എംപിയാണ്. പിന്നീട് എംഎല്‍സി ആയാണ് നിയസമഭയിലെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. 

മാര്‍ച്ച് മൂന്നിന് അവസാനത്തേയും ആറാമത്തേയും ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് യോഗി മത്സരിക്കുന്ന ഗൊരഖ്പൂര്‍ അര്‍ബന്‍. ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് യോഗിയുടെ മണ്ഡലം സംബന്ധിച്ച് പാര്‍ട്ടി ഉന്നത നേതൃത്വം തീരുമാനത്തിലെത്തിയതെന്ന് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. പാര്‍ട്ടി പറയുന്ന സീറ്റില്‍ മത്സരിക്കുമെന്ന് നേരത്തെ യോഗി വ്യക്തമാക്കിയിരുന്നു. ഗൊരഖ്പൂരില്‍ മത്സരിക്കാന്‍ നിയോഗിതനായതില്‍ പ്രധാനമന്ത്രി മോഡിക്കും ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയ്ക്കും സെന്‍ട്രല്‍ പാര്‍ലമെന്ററി കമ്മിറ്റിക്കും നന്ദിയുണ്ടെന്നും ബിജെപി യുപിയില്‍ മികച്ച ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും യോഗി പ്രതികരിച്ചു.

Latest News